അപകടകാരികളായ കൊലയാളി തേനീച്ചകളുടെ കുത്തേറ്റ് ആറ് ബസ് യാത്രക്കാർ മരണമടഞ്ഞ സംഭവം ഏതാനും ദിവസങ്ങൾക്കു മുൻപാണ് നിക്കരഗ്വേയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ 60 കാരനായ മറ്റൊരു വ്യക്തി കൊലയാളി തേനീച്ചകളുടെ കൂട്ട ആക്രമണത്തിന് ഇരയായ വാർത്തയാണ് അമേരിക്കയിലെ അരിസോണയിൽ നിന്നും പുറത്തു വരുന്നത്. ജോൺ ഫിഷർ എന്ന വ്യക്തിക്കും അദ്ദേഹത്തിന്റെ വളർത്തു നായയായ പിപ്പിനുമാണ് തേനീച്ചകളുടെ കുത്തേറ്റത്. എട്ടു വർഷങ്ങൾക്കു മുൻപ് ഒരു കാല് നഷ്ടപ്പെട്ട ജോൺ വളർത്തു നായയുമൊത്ത് ശനിയാഴ്ച വൈകിട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം.
അണുബാധയെ തുടർന്നാണ് ജോണിന് ഒരു കാൽ മുറിച്ചു കളയേണ്ടി വന്നത്. പിന്നീടിങ്ങോട്ട് വീൽചെയറിലാണ് അദ്ദേഹത്തിന്റെ ജീവിതം. സംഭവം നടന്ന ദിവസവും നായയുമൊത്ത് വീൽചെയറിൽ തന്നെയായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്. എന്നാൽ പെട്ടെന്ന് ഒരുകൂട്ടം തേനീച്ചകൾ അദ്ദേഹത്തെയും നായയെയും ആക്രമിക്കുകയായിരുന്നു. ആയിരക്കണക്കിന് തേനീച്ചകളാണ് കൂട്ടത്തിലുണ്ടായിരുന്നത്. കുത്തേറ്റതോടെ വീൽചെയറിന്റെ ബാലൻസ് നഷ്ടപ്പെട്ട് ജോൺ നിലത്തുവീഴുകയായിരുന്നു.
ഓടി നീങ്ങാൻ സാധിക്കാത്തതുമൂലം തറയിൽ കിടന്ന് ഉരുണ്ട് രക്ഷപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഏതുതരത്തിലാണ് തേനീച്ചകൾക്ക് പ്രകോപനമുണ്ടായത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഏതെങ്കിലും തരത്തിൽ തങ്ങളുടെ കോളനികൾക്ക് ശല്യം ഉണ്ടാക്കുന്ന മറ്റ് ജീവജാലങ്ങളെ ഏറെ ദൂരം പിന്നിട്ട് ആക്രമിക്കുന്നത് കൊലയാളി തേനീച്ചകളുടെ സ്വഭാവ രീതിയാണ്. ഇതേ രീതിയിൽ നിലത്തുകിടന്ന് ഉരുളുകയായിരുന്ന ജോണിനെയും അവ പിന്തുടർന്ന് ആക്രമിച്ചു. കൈകളിലും കണ്ണുകളിലും വായയിലും ചെവികളിലും കാലിലും പുറത്തുമെല്ലാം ജോണിന് കുത്തേറ്റിട്ടുണ്ട്. ഏറെനേരം തറയിലുരുണ്ട് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി ഹോസ് ഉപയോഗിച്ച് ശക്തമായി വെള്ളം ഒഴിച്ചതോടെയാണ് തേനീച്ചകൾ ആക്രമണം അവസാനിപ്പിച്ച് മടങ്ങിയത്.
250തോളം കുത്തേറ്റ പാടുകൾ ശരീരത്തിലുണ്ടെന്ന് ജോൺ പറയുന്നു. ഇതിനുപുറമേ നിലത്ത് കിടന്ന് ഉരുണ്ടതിനെത്തുടർന്ന് മുറിവുകളും ഉണ്ടായിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അദ്ദേഹം. ഓടി നീങ്ങാൻ ശ്രമിച്ചെങ്കിലും വളർത്തു നായയ്ക്കും സാരമായി ആക്രമണം ഏറ്റിരുന്നു. 50 തവണയാണ് പിപ്പിന് കുത്തേറ്റത്. നായയെ മൃഗാശുപത്രിയിലെത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പിപ്പിൻ ആരോഗ്യം വീണ്ടെടുക്കാൻ സാധ്യതയേറെയാണെങ്കിലും ഇപ്പോഴും അതിന് ആഹാരം കഴിക്കാൻ സാധിക്കാത്ത നിലയിലാണ്.
പ്രകോപനമുണ്ടായാൽ മറ്റു തേനീച്ചകളെക്കാൾ പത്തു മടങ്ങ് അധിക വേഗത്തിൽ ആക്രമിക്കുന്നതാണ് കൊലയാളി തേനീച്ചകളുടെ രീതി. ഇവയുടെ കുത്തേറ്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചതായുള്ള വാർത്തകൾ മുൻപും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന്റെ ശക്തി കൊണ്ടുതന്നെയാണ് കൊലയാളി തേനീച്ചകളെന്ന് ഇവയ്ക്ക് വിളിപ്പേര് ലഭിച്ചത്.
English Summary: One-Legged US Man Attacked By 1,000 Killer Bees, Stung Over 250 Times