ADVERTISEMENT

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഒളിത്താവളത്തിലെത്തി തുരുത്തിയിറക്കാനും ഇസ്‌ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ പിടികൂടുന്നതിലും സൈന്യത്തിനെ സഹായമായത് ഒരു പറ്റം നായ്ക്കളായിരുന്നു. എത്ര പ്രതിസന്ധി ഘട്ടത്തിലാണെങ്കിൽ പോലും ശത്രുവിനെ വിടാതെ പിന്തുടരുന്ന ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ്ക്കളായിരുന്നു ഈ ഭീകരരുടെ പതനത്തിനു പിന്നിൽ. അമേരിക്കൻ സൈന്യത്തിന്റെ ശ്വാനപ്പടയിലെ പ്രധാനികളാണ് ബെൽജിയം സ്വദേശികളായ മലിനോയിസുകൾ. കേരളത്തിലെ ഡോഗ് സ്ക്വാഡിലും ഇവന്മാരുണ്ട്. ആമസോൺ വനത്തിൽ നാലുകുട്ടികളെ കണ്ടെത്താൻ സഹായിച്ച കൊളംബിയൻ സൈന്യത്തിലെ വിൽസൺ എന്ന നായയും ‘ബെൽജിയം’ ഇനത്തിൽപ്പെട്ടവയാണ്.

മണംപിടിക്കാൻ മിടുക്കർ; പെട്ടിമുടിയില്‍ ലില്ലി

കണ്ടാൽ നമ്മുടെ നാട്ടിലെ നാടൻ നായ്ക്കളാണെന്ന് തോന്നിക്കുമെങ്കിലും ശൗര്യംകൊണ്ടും ബുദ്ധികൊണ്ടും ലോകം കീഴടക്കിയ ഇനങ്ങളിലൊന്നാണ് അവർ–ബെൽജിയൻ മലിനോയിസ്. കൂർത്ത ചെവിയും ശൗര്യമുള്ള മുഖവും തവിട്ട് നിറവും (കറുത്ത മുഖമുള്ളവരുമുണ്ട്) ബെൽജിയൻ മലിനോയിസുകളുടെ പ്രത്യേകതകളാണ്. ബെൽജിയത്തിലെ ആട്ടിടയന്മാരുടെ നായ്ക്കളായ ഇവർ 18–ാം നൂറ്റാണ്ടിലാണ് ലോകശ്രദ്ധ നേടിയതെങ്കിൽ 19–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കയിലും പ്രചാരത്തിലായി. ഇന്ന് അമേരിക്കൻ മിലിറ്ററിയുടെ ശ്വാനപ്പടയിൽ പ്രധാനികളാണ് ബെൽജിയൻ മലിനോയിസുകൾ. 

 (Photo: Facebook/Belgian Malinois Police Dogs)
(Photo: Facebook/Belgian Malinois Police Dogs)

ഇന്ത്യൻ മിലിറ്ററിയുടെ ശ്വാനപ്പടയിലും മലിനോയിസുകളുണ്ട്. ഏറ്റവും ചുറുചുറുക്കുള്ള നായ്ക്കളാണ് മലിനോയിസ്. സാധാരണ നായ്ക്കളിൽനിന്ന് വ്യത്യസ്തമായി ഇവയുടെ ശരീരഘടന എടുത്തുപറയേണ്ട ഒന്നാണ്. നടക്കുമ്പോഴും ഓടുമ്പോഴുമെല്ലാം മാർജാരവംശത്തിലെ ഭീമാകാരന്മാരായ പുലി, കടുവ, സിംഹം മുതലായവയെ അനുസ്മരിപ്പിക്കുംവിധം വഴക്കമുള്ള ശരീരമാണ് ഇക്കൂട്ടർക്കുള്ളത്. ചാടാനും ഓടാനും പെട്ടെന്ന് വെട്ടിത്തിരിയാനും ഉയരത്തിൽ ചാടാനുമെല്ലാം ഒരു അഭ്യാസിയേപ്പോലെ ഇവർക്കാകും. 

 (Photo: Facebook/Belgian Malinois Police Dogs)
(Photo: Facebook/Belgian Malinois Police Dogs)

മണംപിടിക്കുന്നതിൽ മിടുക്കരായ ഇവർ ഒളിത്തവാളത്തിൽ മനുഷ്യസാന്നിധ്യം, സ്ഫോടക വസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ കണ്ടെത്താൻ മിടുക്കരാണ്. വൈറ്റ് ഹൗസിന്റെ സുരക്ഷയ്ക്കും മലിനോയിസുകളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാസേനയുടെ (എന്‍എസ്ജി) ശ്വാനപ്പടയിലും ഇവയെ ഉപയോഗിക്കുന്നു.

പെട്ടിമുടി ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം (ഫയൽ ചിത്രം)
പെട്ടിമുടി ദുരന്തഭൂമിയിലെ രക്ഷാപ്രവർത്തനം (ഫയൽ ചിത്രം)

2020ലെ പെട്ടിമുടി ദുരന്തത്തില്‍ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട ലില്ലിയെന്ന നായയെയാണ് പൊലീസ് ഉപയോഗിച്ചത്. മൂന്നുപേരുടെ മൃതദേഹങ്ങളാണ് 10 മാസം പ്രായമുള്ള ലില്ലി കണ്ടെത്തിയത്.

ലക്ഷ്യമിട്ടാൽ സ്വന്തമാക്കണം, വില ലക്ഷങ്ങൾ

ഒരു സ്ഥലത്ത് ശ്രദ്ധകേന്ദ്രീകരിച്ചാൽ അതിനെ വിടാതെ പിന്തുടരാനുള്ള കഴിവുണ്ട് ഇവർക്ക്. അതുകൊണ്ടുതന്നെ ലക്ഷ്യമിട്ടതിനെ സ്വന്തമാക്കാനുള്ള പ്രവണത കൂടുതലാണ്. ഈയൊരു ഗുണം ഉള്ളതിനാൽ ട്രെയ്നർമാർക്ക് ഇവരെ പഠിപ്പിക്കാൻ എളുപ്പമാണ്.

മലിനോയിസ് കുഞ്ഞ്(Photo: Twitter/@ccpdogs)
മലിനോയിസ് കുഞ്ഞ്(Photo: Twitter/@ccpdogs)

എന്തെങ്കിലും തടസം മുന്നിലുണ്ടായാൽ അത് എങ്ങനെ തരണം ചെയ്ത് മുന്നോട്ടുപോകാം എന്ന ചിന്തയുള്ളവരാണ്. ഇതും ട്രെയ്നർമാരുടെ ഇടയിൽ മലിനോയിസുകൾക്ക് പ്രചാരം നേടിക്കൊടുത്ത ഒന്നാണ്. അതുപോലെതന്നെ ട്രെയ്നർമാരല്ലാത്ത ഉടമകൾക്ക് മലിനോയിസുകളുടെ ഈ പ്രോബ്ലം സോൾവിങ് പാടവം വലിയ തലവേദനയുമാണ്. കാരണം, ഉടമയെ തന്റെ വരുതിയാക്കി തന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ ഇക്കൂട്ടർ ശ്രമിക്കും. അതുകൊണ്ടുതന്നെ ആദ്യമായി നായ്ക്കളെ വളർത്താൻ ശ്രമിക്കുന്നവരോ നായ്ക്കളെ അത്ര പരിചയമില്ലാത്തവരോ മലിനോയിസിനെ വാങ്ങാൻ ശ്രമിക്കരുതെന്നാണ് ശ്വാനപരിശീലകർ പറയുന്നത്.

abu-bakr-al-baghdadi
അബൂബക്കർ അൽ ബഗ്ദാദി

ഏകദേശം 66 സെന്റി മീറ്റർ നീളവും 32 കിലോ ഭാരവുമുള്ളവയാണ് മലിനോയിസ്. 10 മുതല്‍ 15 വര്‍ഷം വരെയാണ് ഇതിന്റെ ആയുസ്. രോഗ പ്രതിരോധശേഷിയുടെ കാര്യത്തിലും ബുദ്ധിശക്തിയിലും മുന്നിലാണ് ഇവർ. നിരവധി പ്രത്യേകതകളുള്ള നായവര്‍ഗമായതിനാൽ ഇതിന്റെ കുട്ടികള്‍ക്ക് പോലും ഒരു ലക്ഷം രൂപയോളമാണ് വില.

Content Highlights: Belgian malinois, Bin laden

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com