ADVERTISEMENT

വളർത്തുമൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്നവർ അതിനുവേണ്ടി എത്ര പണം വേണമെങ്കിലും ഇറക്കാൻ തയാറാണ്. നടി അനു ജോസഫും ഇക്കൂട്ടത്തിൽപ്പെടുന്നയാളാണ്. തന്റെ പ്രിയപ്പെട്ട പൂച്ച കുഞ്ഞുങ്ങൾക്കായി 1 കോടി രൂപയുടെ കൂട് ആണ് നടി നിർമിക്കാൻ ഒരുങ്ങുന്നത്. 3 കോടിയുടെ വീട് ഉണ്ടാക്കിയിട്ട് തന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു കൂട് ഒരുക്കണ്ടേ എന്നാണ് അനു ചോദിക്കുന്നത്. നിലവിൽ 70ഓളം പൂച്ചകൾ ഉണ്ടെന്നും ഇവരെ പരിപാലിക്കാനായി ഒരു സ്റ്റാഫുണ്ടെന്നും അനു ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു. 

50 ലക്ഷത്തോളം രൂപയുടെ പൂച്ചകളാണ് അനുവിനുള്ളത്. സിംബ, റൂണി, പാബ്ലോ എന്നിങ്ങനെയാണ് പൂച്ചകളുടെ പേര്. ബംഗാൾ പൂച്ചകളാണ് ഏറെയും. ഇവർക്കുവേണ്ടിയാണ് വീട് തന്നെ വയ്ക്കാമെന്ന തീരുമാനത്തിൽ എത്തിയതെന്ന് അനു പറയുന്നു. പൂച്ചകളുടെയും പുതിയ പൂച്ചകൂടാരത്തിന്റെയും വിശേഷങ്ങൾ കഴിഞ്ഞ ദിവസം യൂട്യൂബ് വിഡിയോയില്‍ നടി പങ്കുവച്ചിരുന്നു.

1200 സ്ക്വയർഫീറ്റില്‍ തയാറാക്കുന്ന കൂട് പല സെക്ഷനുകളായി തിരിച്ചിട്ടുണ്ട്. പെൺ പൂച്ചകളും കുട്ടികളും ഒരു കൂട്ടിലാണ് താമസിക്കുന്നത്. ആൺപൂച്ചകളെ തന്നെ രണ്ടായി തിരിച്ചിരിക്കുന്നു. അവർ വലുതാവുന്നത് അനുസരിച്ച് തമ്മിലടിക്കാൻ സാധ്യത കൂടുതലാണ്. ചാപ്പോ എന്ന ഡോബർമാൻ നായയ്ക്കും പ്രത്യേക കൂടൊരുക്കിയിട്ടുണ്ടെന്ന് അനു പറഞ്ഞു.

anu-joseph-1
പൂച്ചകൾക്കൊപ്പം അനു ജോസഫ് (Screengrab: Youtube/ Anu Joseph)

‘ലോക്ഡൗൺ മുതലാണ് എന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടായത്. ആ സമയത്താണ് ഞാൻ പൂച്ചകളെ വളർത്തി തുടങ്ങിയത്. പതിനായിരം രൂപയുെട വാടകവീട്ടിൽ ആദ്യം രണ്ട് പൂച്ചകളെയാണ് വളർത്തിയത്. ക്ലൗഡഡ് കാറ്റഗറിയിലുള്ള ബംഗാൾ പൂച്ചകളായിരുന്നു ഉണ്ടായിരുന്നത്. പൂച്ചകളുടെ എണ്ണം കൂടുതലായതോടെ മറ്റൊരു വീട്ടിലേക്ക് മാറി. ഒടുവിൽ സ്വന്തമായി ഒരു വീട് വയ്ക്കാമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. ഞാൻ പോലും ചിന്തിക്കാത്ത രീതിയിലാണ് ഇതുപോലൊരു വീട് ജീവിതത്തിലേക്ക് എത്തിയത്. പണ്ട് ഇടുങ്ങിയ നിലയിലാണ് പൂച്ചകുഞ്ഞുങ്ങളെ വളർത്തിയത്. ഇപ്പോൾ അവർക്ക് വിശാലമായ ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കണമെന്ന് തോന്നി. ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കൂട് തന്നെയായിരിക്കും ഇതെന്ന് എനിക്ക് ഉറപ്പുണ്ട്. പറ്റുമെങ്കിൽ എന്റെ മക്കൾക്ക് എസി കൂടി വച്ചുകൊടുക്കണമെന്നുണ്ട്.’–അനു ജോസഫ് വിഡിയോയിൽ വ്യക്തമാക്കി.

English Summary: Anju Joseph about her New cat house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com