ADVERTISEMENT

മനുഷ്യരുമായി നായകളോളം അടുത്തിടപഴുകുന്ന ജീവികൾ വേറെ ഇല്ല എന്ന് തന്നെ പറയാം. ഏറ്റവും വിശ്വാസ്യതയോടെ പെരുമാറാനും നൽകുന്ന പരിശീലനം അനുസരിച്ച് കൃത്യമായി പെരുമാറാനുമുള്ള അവയുടെ വൈദഗ്‌ധ്യം തന്നെയാണ് സുരക്ഷാസേനകളിൽ മനുഷ്യർക്കൊപ്പം പ്രാധാന്യം നായകൾക്ക് ലഭിക്കുന്നതിന്റെ പ്രധാന കാരണം. നായകളുടെ ഈ വൈദഗ്‌ധ്യത്തെ ഇന്ത്യൻ സൈന്യവും വർഷങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്. ബോംബുകൾ കണ്ടെത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിനുമൊക്കെ പ്രത്യേക പരിശീലനമാണ് സേനയിലെ അംഗങ്ങളായ നായകൾക്ക് നൽകുന്നത്. ഓരോ ദൗത്യവും നിർദേശങ്ങൾക്കനുസരിച്ച് കൃത്യമായി നിറവേറ്റുന്ന അവയുടെ പാടവം പ്രശംസനീയവുമാണ്. ഇന്ത്യൻ സൈന്യത്തിലെ അംഗങ്ങളായ നായകളെക്കുറിച്ചുള്ള ചില വസ്തുതകൾ അറിയാം.

1959 ലാണ് ഇന്ത്യൻ ആർമിക്കു കീഴിൽ ആദ്യമായി ഡോഗ് യൂണിറ്റ് സ്ഥാപിച്ചത്. നിലവിൽ പരിശീലനം ലഭിച്ച 1200 നടുത്ത് നായകളാണ് സൈനിക ഉദ്യോഗസ്ഥരോടൊപ്പം രാജ്യത്തിന് കാവൽ നിൽക്കുന്നത്. വിവിധ ദൗത്യങ്ങൾക്ക് അനുയോജ്യമായ ശരീരപ്രകൃതവും സ്വഭാവരീതികളും കണക്കിലെടുത്ത് വ്യത്യസ്ത ഇനങ്ങളിൽപെട്ട നായകളെയാണ് സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ജർമൻ ഷെപ്പേർഡ്, ലാബ്രഡോർസ്, ബെൽജിയൻ മലിനോയിസ്, കോക്കർ സ്പാനിയൽസ്, ഗ്രേറ്റ് മൗണ്ടൻ സ്വിസ് ഡോഗ്സ് എന്നീ ഇനങ്ങളെല്ലാം സൈന്യത്തിലുണ്ട്.

(Photo: Twitter/@IamCedricBoy)
ഇന്ത്യൻ ആർമിയിലെ വിദ എന്ന നായ (Photo: Twitter/@IamCedricBoy)

കൃത്യനിർവഹണത്തിൽ ഒരു പിഴവുപോലും വരുത്താതിരിക്കാനായി കഠിനമായ പരിശീലനങ്ങളാണ് ഡോഗ് സ്ക്വാഡിലെ അംഗങ്ങൾക്ക് നൽകുന്നത്. സെർച്ച് ആൻഡ് റെസ്ക്യൂ, സ്ഫോടക വസ്തുക്കൾ കണ്ടെത്തൽ, ട്രാക്കിങ്, ഗാർഡ് ഡ്യൂട്ടി, പട്രോളിങ്, ഖനികൾ കണ്ടെത്തൽ, നിരോധിത വസ്തുക്കൾ മണത്ത് കണ്ടുപിടിക്കൽ തുടങ്ങി വ്യത്യസ്ത ജോലികൾക്കുള്ള പരിശീലനമാണ് നായകൾക്ക് നൽകുന്നത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, അതിർത്തി സുരക്ഷ, പൊതു പരിപാടികളിൽ ക്രമസമാധാനം നിലനിർത്തൽ തുടങ്ങിയവയെല്ലാം ഡോഗ് സ്ക്വാഡിലെ അംഗങ്ങളുടെ ചുമതലയാണ്.

indian-army-dogs
(Photo: Twitter/@transformIndia)

സൈന്യത്തിലേക്ക് തിരഞ്ഞെടുക്കുന്ന നായകളെ പരിശീലിപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ നിലവിലുണ്ട്. നിർദേശങ്ങൾ കൃത്യമായി അനുസരിക്കാനും ചടുലതയോടെ പ്രവർത്തിക്കാനും ഗന്ധം കൃത്യമായി തിരിച്ചറിയാനും എല്ലാമുള്ള പരിശീലനങ്ങൾ ഇവയ്ക്ക് നൽകുന്നുണ്ട്. എന്നാൽ എല്ലാ നായകൾക്കും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് സൈന്യത്തിൽ ഉള്ളത്. ചിലതിനെ സ്ഫോടക വസ്തുക്കൾ കണ്ടെത്താനാണ് ഉപയോഗിക്കുന്നതെങ്കിൽ മറ്റു ചിലതിനെ പ്രകൃതി ദുരന്തങ്ങളിലോ മറ്റടിയന്തര സാഹചര്യങ്ങളിലോ കാണാതായവരെ കണ്ടെത്താനും മറ്റുമായി ഉപയോഗിക്കുന്നു. സൈനിക ഉദ്യോഗസ്ഥരെപോലെ തന്നെ നായകൾക്കും പ്രത്യേക റാങ്കുകൾ നൽകാറുണ്ട്. എന്നാൽ അവയ്ക്ക് ശമ്പളം ലഭിക്കാറില്ല. പ്രത്യേക ഡയറ്റ് അനുസരിച്ചുള്ള ഭക്ഷണമാണ് നായകൾക്ക് നൽകുന്നത്. 

(Photo: Twitter/@SandeepUnnithan)
(Photo: Twitter/@SandeepUnnithan)

ഓരോ നായയുടെയും കാര്യങ്ങൾ നോക്കുന്നതിനായി ഓരോ ഹാൻഡ്‌ലർമാരെ നിയോഗിക്കും. ഹാൻഡ്‌ലർ തന്നെ ഏൽപ്പിക്കുന്ന നായകളുമായി സുദൃഡമായ ആത്മബന്ധവും സൃഷ്ടിക്കും. നായകളുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതും യഥാസമയത്ത് ഭക്ഷണം നൽകേണ്ടതും അവയെ പരിപാലിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. 

army-dog
(Photo: Twitter/@kyyadhu)

നായകൾക്ക് വേണ്ട വൈദ്യ സഹായവും പരിചരണവും ലഭിക്കുന്നുണ്ടെന്ന് സൈന്യം ഉറപ്പാക്കുന്നുണ്ട്. ജോലി ചെയ്യുന്നതിനുള്ള ഫിറ്റ്നസ്  ഉറപ്പാക്കുന്നതിനായി പതിവ് പരിശോധനകളും നടത്തിവരുന്നു. കൃത്യസമയത്ത് വാക്സിനേഷനും നായകൾക്ക് നൽകാറുണ്ട്. കൃത്യനിർവഹണത്തിൽ അസാമാന്യമായ ധൈര്യവും വിശ്വസ്തതയും നായകർ പുലർത്തിയതുമായി ബന്ധപ്പെട്ട് ധാരാളം ഉദാഹരണങ്ങൾ ഇന്ത്യൻ സൈന്യത്തിന് എടുത്തുകാട്ടാനുണ്ട്.  ഉത്തരവാദിത്വം നിറവേറ്റാനായി അവ സ്വന്തം ജീവൻ ബലിയർപ്പിച്ച സംഭവങ്ങൾവരെ അക്കൂട്ടത്തിൽ പെടും. 

axel-and-zoom
ഭീകരാക്രമണത്തിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ ആർമിയുടെ ആക്സൽ (ഇടത്), സൂം (വലത്) എന്നീ നായകൾ (Photo: Twitter/@BKumartu, @hinduvaaditapan)

ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡ്, വൈസ് ചീഫ് ഓഫ് സ്റ്റാഫ് കമൻഡേഷൻ കാർഡ്, ജനറൽ ഓഫീസർ കമാൻഡിങ് ഇൻ ചീഫ് കമൻഡേഷൻ കാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നായകളുടെ വിശിഷ്ട സേവനത്തിനായി ഇന്ത്യൻ സേന നൽകിവരുന്നു. എട്ടു വർഷത്തിനടുത്താണ് നായകൾ സൈന്യത്തിനായി സേവനം ചെയ്യുന്നത്. അതിനുശേഷം അവ ഔദ്യോഗികമായി വിരമിക്കും. മുൻകാലങ്ങളിൽ സേവന കാലാവധി പൂർത്തിയാക്കിയ നായകൾക്ക് ദയാവധം നൽകുകയായിരുന്നു പതിവ്. എന്നാൽ ഇതിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ 2015ൽ നിയമം ഭേദഗതി ചെയ്ത് സേവനത്തിനുശേഷം നായകളെ പുനരധിവസിപ്പിക്കാൻ തുടങ്ങി. അവയെ കൈകാര്യം ചെയ്തിരുന്നവരോ താല്പര്യമുള്ള മറ്റേതെങ്കിലും കുടുംബങ്ങളോ വിരമിച്ച നായകളെ ദത്തെടുക്കുന്നതും പതിവാണ്.

English Summary: Amazing facts about Indian Army dogs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com