ADVERTISEMENT

ലോകത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണമെടുത്താൽ അതിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. വിഷമുള്ള ഇനം പാമ്പുകളുടെ എണ്ണമെടുത്താൽ മറ്റ് പല രാജ്യങ്ങളേക്കാൾ പുറകിലാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യയിൽ എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ പമ്പ് കടിയേറ്റ് മരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരമായി പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും. ഇതിൽ ആളുകൾക്ക് പാമ്പുകളേക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവുകളുടെ പരിമിതി മുതൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത വരെ ഉൾപ്പെടുന്നു.

ഇന്ത്യൻ സംസ്കാരവും പാമ്പും

ഇന്ത്യയുടെ പരമ്പരാഗത സംസ്കാരത്തിൽ പ്രത്യേകിച്ചും ഹൈന്ദവ സംസ്കാരത്തിൽ പാമ്പുകൾക്ക് വലിയ പങ്കുണ്ട്. ദൈവങ്ങളുമായി ബന്ധപ്പെടുത്തിയും, ദൈവമായി ആരാധിച്ചും, അതേസമയം തന്നെ വില്ലൻ പരിവേഷം നൽകിയുമെല്ലാം പാമ്പുകളെക്കുറിച്ച് ഹൈന്ദവ പുരാണങ്ങളിൽ പരാമർശമുണ്ട്. ഭയം തന്നെയാകും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്ത സംസ്കാരങ്ങളിലും, ആചാരങ്ങളിലും പാമ്പുകൾക്ക് ഇത്രയധികം പ്രാധാന്യം ലഭിക്കാൻ കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ഈ ഭയം ഇന്ത്യയിലെ ബഹുഭൂരിഭാഗം ആളുകൾക്കും ഇന്നും വിട്ടുപോയിട്ടില്ലെന്നതാണ് സത്യം. പാമ്പ് കടിയേറ്റ് ഇന്ത്യയിൽ മരിക്കുന്നവരുടെ എണ്ണത്തെ ഇത് സ്വാധീനിക്കുന്നുമുണ്ട്. പാമ്പുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവ് വളർത്തുന്നത് പാമ്പുകളുടെ സാന്നിധ്യം ഒഴിവാക്കാനും, അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കാനും അതുവഴി പാമ്പുകടിയേൽക്കുന്നത് കുറയ്ക്കാനും കഴിയുമെന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഒരു വർഷം പാമ്പ് കടിയേറ്റ് മരിക്കുന്നത് 60,000ത്തോളം പേർ

ലോകത്ത് ഒരു വർഷം ഏതാണ്ട് പത്ത് ലക്ഷത്തിലധികം പേർക്ക് പാമ്പ് കടിയേൽക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും ഡ്രൈ ബൈറ്റ് എന്ന് വിളിക്കുന്ന വിഷമില്ലാത്ത പാമ്പുകളുടെ കടിയാണ്. എന്നാൽ വിഷമുള്ള പാമ്പുകളുടെ കടിയേറ്റ് ലോകത്ത് ഒരു വർഷം മരിക്കുന്നവരുടെ എണ്ണം ഏതാണ്ട് 120000 വരെ ഉണ്ടാകും. ഇതിൽ പകുതിയിൽ ഏറെയും ഇന്ത്യയിലാണെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. അതായത് വർഷത്തിൽ ഏതാണ്ട് അറുപതിനായിരത്തോളം പേരാണ് ഇന്ത്യയിൽ മാത്രം പാമ്പുകളുടെ കടിയേറ്റ് മരണമടയുന്നത്.

2000 മുതൽ 2019 വരെയുള്ള കണക്ക് പരിശോധിച്ചാൽ ഏതാണ്ട് 12 ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ പാമ്പുകടിയേറ്റ് മരിച്ചത്. പാമ്പ് കടിയേറ്റ് ആശുപത്രിയിൽ ആശുപത്രിയിൽ എത്തിച്ചവരുടെ എണ്ണം മാത്രം വിലയിരുത്തിയാണ് ഈ കണക്കുകള്‍. അതിനാൽ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഇതിലും ഉയരാനാണ് സാധ്യത.  പാമ്പുകടിക്കുക എന്നത് ഒരു ജീവിയുടെ ആക്രമണം എന്നതിലുപരി ഒരു ആരോഗ്യമേഖലാ പ്രതിസന്ധിയായി കൂടി കാണേണ്ടതുണ്ട്. കാരണം ഇങ്ങനെ പാമ്പ് കടിയേറ്റ് മരിക്കുന്നവരിൽ വലിയൊരു വിഭാഗവും കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിക്കുന്നവരാണ് എന്നതാണ് വസ്തുത.

അപകടകാരിയായ അണലി

വിഷമുള്ള പാമ്പ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു രൂപം പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ ആയിരിക്കും. ഇന്ത്യൻ കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ പാമ്പിന്റെ തന്നെ വ്യത്യസ്ത ഇനങ്ങൾ ഇന്ത്യയിലുണ്ട്. പത്തിവിടർത്തുന്ന മൂർഖൻ പാമ്പ് നമ്മെ ഭയപ്പെടുത്തുമെങ്കിലും ഇവയുടെ ഈ ശൈലി തന്നെയാണ് നിരവധി പേരെ മരണത്തിൽ നിന്ന് രക്ഷിക്കുന്നതും. കാരണം മൂർഖൻ പാമ്പുകൾ ആളുകളെ ഭയപ്പെടുത്തുകയും അതുവഴി ആളുകൾ അകന്ന് പോകാൻ കാരണമാകുകയും ചെയ്യും.

എന്നാൽ ഇന്ത്യയിലെ ഏറ്റവും ആധികം ആളുകളുടെ ജീവനെടുക്കുന്ന അണലികളുടെ കാര്യം മറിച്ചാണ്. പൊതുവെ ഒളിച്ചിരിക്കാൻ ആഗ്രഹിക്കുന്ന റസൽ വൈപർ എന്ന അണലികൾ ആളുകൾ അടുത്തേക്ക് എത്തുമ്പോൾ പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമിക്കുന്നത്. അണലികളുടെ ശരീരത്തിന്റെ നിറവും, അതിലെ വരകളും ഇലകൾക്കിടയിലും മറ്റും മറഞ്ഞിരിക്കാൻ ഇവയെ സഹായിക്കുന്നു. ഇത് മനുഷ്യരെ അപകടത്തിലാക്കുന്നു. മാത്രമല്ല വിഷത്തിന്റെ അളവെടുത്താലും മൂർഖൻ പാമ്പിനേക്കാൾ കൂടുതലാണ് അണലിക്ക്.

പാലപ്പുഴയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ രാജവെമ്പാലയെ വനം വകുപ്പ് റെസ്ക്യു ടീം അംഗങ്ങൾ പിടികൂടി തുണി സഞ്ചിയിൽ ആക്കുന്നു
പാലപ്പുഴയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ രാജവെമ്പാലയെ വനം വകുപ്പ് റെസ്ക്യു ടീം അംഗങ്ങൾ പിടികൂടി തുണി സഞ്ചിയിൽ ആക്കുന്നു

അണലികൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം ജീവനെടുക്കുന്ന പാമ്പുകൾ ക്രെയ്റ്റ് എന്ന് ഇംഗ്ലിഷ് നാമമുള്ള ശംഖുവരയൻ, മോതിരവളയൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന പാമ്പാണ്. ഇവയുടെ കടിയേറ്റാൽ ഒരു പക്ഷെ തിരിച്ചറിയാൻ പോലും കഴിയില്ലെന്നതാണ് ഏറ്റവും അപകടകരമായ കാര്യം. ഒരു തവണ കടിക്കുമ്പോൾ തന്നെ കുത്തിവയ്ക്കുന്ന വിഷം 5 മനുഷ്യരെ കൊല്ലാൻ പര്യാപ്തമാണ്. കൂടാതെ നിശാസഞ്ചാരികളായ ഇവ മനുഷ്യസാമീപ്യമുള്ള പ്രദേശങ്ങളിൽ, വീടുകളിൽ പോലും കയറി കൂടുന്ന സ്വാഭാവമുള്ളവയുമാണ്. 

രാജവെമ്പാലയാണ് അപകടകരമായ തോതിൽ വിഷമുള്ള മറ്റൊരു ഇന്ത്യൻ പാമ്പ്. രാജവെമ്പാലയുടെ വലിപ്പവും അവ പരിമിതമായ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്നതിനാലും ഇവയുടെ കടിയേറ്റ് മരിക്കുന്നത് സമീപകാലത്തൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

പാമ്പുകൾ കടിക്കുന്നത് എപ്പോൾ

ലോകത്ത് വിഷമുള്ള ഒട്ടനവധി പാമ്പുകളുണ്ട്. ഇവയുടെ കടിയേറ്റ് മണിക്കൂറിൽ 4-5 വരെ ആളുകൾ മരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏറിയ പങ്കും ഇന്ത്യയിലും, തെക്കനേഷ്യൻ രാജ്യങ്ങളിലുമാണ്. എന്നാൽ പാമ്പുകൾ മനുഷ്യരെ കൊന്നൊടുക്കാനോ ആക്രമിക്കാനോ വേണ്ടി ഭൂമിയിൽ ഉരുത്തിരിഞ്ഞ് വന്നവയല്ല. പ്രകൃതിയിൽ പാമ്പുകൾക്ക് അവയുടേതായ പങ്ക് ജൈവ ആവാസവ്യവസ്ഥയുടെ ഭാഗമായി നിർവഹിക്കാനുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകളുടെ പ്രകൃതിയിലെ പങ്ക് മനസ്സിലാക്കുകയും, പാമ്പുകൾ അക്രമണകാരികൾ ആകുന്നത് എപ്പോഴെന്ന് തിരിച്ചറിയുകയും ചെയ്യേണ്ടത് നിർണായകമാണ്.

ഇന്ത്യയിൽ പാമ്പുകടി ഏൽക്കുന്നത് ഭൂരിഭാഗവും രാത്രിയിൽ, പുറത്തുവച്ചാണ്. അതുകൊണ്ടുതന്നെ രാത്രിയിൽ സഞ്ചരിക്കുമ്പോൾ വെളിച്ചത്തോടെ സഞ്ചരിക്കുകയെന്നതാണ് പ്രധാനം. മറ്റൊന്ന് പാമ്പുകൾ വീടിന് പരിസരത്തോ, അകത്തോ കയറുന്നത് ഒഴിവാക്കുക എന്നതാണ്. ഇതിനായി സാധനങ്ങൾ ഏറെനാൾ കൂട്ടിയിടാതിരിക്കുക, പ്രത്യേകിച്ചും പാമ്പുകൾക്ക് ചൂട് ലഭിക്കാൻ സാധ്യതയുള്ള സാധനങ്ങൾ. വിറകും മറ്റും അടുക്കിവച്ചാൽ തന്നെ അത് വീടിന് പുറത്ത് വക്കുകയും അടിക്കടി ഈ ഭാഗം വൃത്തിയാക്കുകയും ചെയ്യുക.

Image Credit: DDNewsAndhra
Image Credit: DDNewsAndhra

വലിച്ചെറിയുന്ന മാലിന്യത്തിന്റെ പങ്ക് 

മാലിന്യവും പാമ്പുകളെ വീട്ടിലേക്ക് ആകർഷിക്കുന്ന ഘടകമാണ്. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് എലികൾ പെരുകുന്നതിന് കാരണമാകും. അവയെ പിടിക്കാൻ പാമ്പുകളും വീടിന്റെ പരിസരങ്ങളിൽ സ്ഥാനമുറപ്പിക്കും. പാമ്പുകളാകട്ടെ അനക്കമില്ലാത്ത സമയങ്ങളിൽ മാത്രം പുറത്തിറങ്ങുകയും മറ്റുള്ള സമയങ്ങളിൽ ഉചിതമായ ഇടം കണ്ടെത്തി ഒളിച്ചിരിക്കുകയും ചെയ്യുന്ന ജീവികളാണ്. ഇങ്ങനെ ഒളിച്ചിരിക്കുന്ന ഇടങ്ങളിൽ മനുഷ്യർ എത്തുമ്പോഴാണ് പാമ്പ് കടിയേൽക്കുന്നത്.

ഉദാഹരണത്തിന് കോമൺ ക്രൈറ്റ് എന്നറിയപ്പെടുന്ന മോതിരവളയന്റെ കടിയേറ്റ് പലരും മരിക്കുന്നത് ഉറക്കത്തിലാണ്. ചൂട് തേടി വീടിനുള്ളിലേക്ക് എത്തുന്ന ഈ പാമ്പ് പലപ്പോഴും കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്കിടയിലോ കിടക്കയിലോ ആയിരിക്കും ഇടംപിടിക്കുക. ഉറക്കത്തിലാണ് ഇവയുടെ കടയിലേ‍ക്കുന്നതെങ്കിൽ അറിയാൻ പോലും കഴിയില്ല. ഇത്തരം സന്ദർഭങ്ങളിൽ കടിയേൽക്കുന്നവർ ഉറക്കത്തിൽ തന്നെ മരിക്കാനാണ് കൂടുതൽ സാധ്യത.

പാമ്പുകളുടെ കടിയേൽക്കുന്ന  മറ്റൊരു പ്രധാന മേഖല കൃഷിയിടങ്ങളാണ്. കൃഷിയിടങ്ങളിൽ കാണപ്പെടുന്ന വിവിധ ജീവികൾ പാമ്പുകളുടെ പ്രധാന ഇരകളാണ്. അതുകൊണ്ടുതന്നെ കൃഷിയിടങ്ങളിൽ വലിയ അളവിൽ പാമ്പുകൾ കാണപ്പെടുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും മറ്റും കൃഷി നശിപ്പിക്കുന്ന ചെറു ജീവികളുടെ അളവ് നിയന്ത്രിക്കുന്നതിലും പാമ്പുകൾ നിർണായക പങ്ക് വഹിക്കുന്നു.

മൺസൂൺ കാലത്താണ് പാമ്പുകടി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. മൺസൂൺ കാലത്ത് പാമ്പുകൾ കൂടുതൽ സജീവമാകുന്നതും, വെള്ളവും തണുപ്പും ഒഴിവാക്കാനുള്ള പാമ്പുകളുടെ ചോദനവും ഒപ്പം മൺസൂൺ കാലഘട്ടത്തിൽ കൃഷിയിടങ്ങളിൽ ആളുകൾ സജീവമാകുന്നതും കടിയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ആന്റിവെനം കിട്ടാനില്ല

ആരോഗ്യരംഗത്തെ പരിമിതിയായാണ് ഇന്ത്യയിലെ പാമ്പുകടിയേറ്റുള്ള മരണത്തെ ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ ആന്റിവെനം അഥവാ പാമ്പുവിഷത്തിനുള്ള മറുമരുന്ന് പ്രധാനമായും ഉത്പാദിപ്പിക്കുന്നത് തമിഴ്നാട്ടിലെ ചെന്നൈയിലുള്ള ഇരുളാ കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ്. അതും തെക്കേ ഇന്ത്യയിൽ കാണപ്പെടുന്ന രണ്ടിനം അണലികളുടെയും, മൂർഖന്റെയും, വെള്ളിക്കെട്ടന്റെയും വിഷങ്ങളിൽ നിന്ന്. എന്നാൽ ഈ മേഖലയിൽ കാണപ്പെടുന്ന പാമ്പുകളിലെ വിഷത്തിന്റെ അതേ അളവിലും വീര്യത്തിലും ഘടനയിലും ആയിരിക്കില്ല വടക്കേ ഇന്ത്യയിലെ പാമ്പുകളുടെ വിഷം. ഇത് ചികിത്സാരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.

മുകളിൽ പറഞ്ഞ നാലിനെ പാമ്പുകളാണ് ഇന്ത്യയിൽ മനുഷ്യരുടെ മരണത്തിന് കാരണമാകുന്നത്. എന്നാൽ പ്രാദേശികമായി പാമ്പുകളുടെ വിഷത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ പലപ്പോഴും ആന്റി വെനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് പലയിടങ്ങളിലും ആശുപത്രിയിൽ എത്തിച്ചശേഷം ആന്റി വെനം നൽകിയാലും അത് ഫലപ്രദമാകാതെ പോവുകയും കടിയേറ്റവരുടെ മരണത്തിന് ഇടയാക്കുകയും ചെയ്യുന്നു.

ലോക പാമ്പ് സംരക്ഷണ ദിനം

ജൂലൈ 16നാണ് ലോക പാമ്പ് ദിനമായി (World snake day) ആചരിക്കുന്നത്. പാമ്പുകളുടെ പ്രകൃതിയിലും പരിസ്ഥിതിയിലും ഉള്ള പ്രാധാന്യത്തെ ഓർമ്മപ്പെടുത്തുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. പ്രകൃതിയിൽ നിർണ്ണായകമായ വലിയ പങ്ക് പാമ്പുകൾ വഹിക്കുന്നുണ്ട്. പ്രത്യേകിച്ചും കൃഷിയിടങ്ങളിലും മറ്റും ഇവയുടെ സാന്നിധ്യം മനുഷ്യർക്ക് കീടങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് കർഷകരുടെ സുഹൃത്ത് എന്ന് പാമ്പുകളെ വിശേഷിപ്പിക്കുന്നത്. പാമ്പുകളെ കൊന്നൊടുക്കിയതുകൊണ്ട് മാത്രം കാര്യമില്ല. ഭൂമിയിൽ അവര്‍ നിർവഹിക്കുന്ന പങ്കും വലുതാണ്. പാമ്പുകടിയിൽ നിന്ന് രക്ഷനേടാൻ സ്വയം മുൻകരുതലുകൾ എടുക്കുകയാണ് വേണ്ടത്. കൂടാതെ മെച്ചപ്പെട്ട ആരോഗ്യ സംവിധാനവും, ആന്റി വെനമിന്റെ ലഭ്യതയും, ഗുണമേന്മയും ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. 

English Summary: Common Krait Snake bite

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com