ADVERTISEMENT

ഇന്ത്യയിലെ സമീപകാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളിൽ ഒന്നായിരുന്നു ചീറ്റകളുടെ പുനരധിവാസം. നിരവധി പരിസ്ഥിതി പ്രവർത്തകരും, ജന്തുശാസ്ത്രജ്ഞരും ആശങ്കകൾ പ്രകടിപ്പിച്ചപ്പോഴും കേന്ദ്രസർക്കാരും വന്യജീവി വകുപ്പും ഈ പദ്ധതിയുമായി മുന്നോട്ട് പോയി. തുടർന്ന് ഈ പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടത്തിലായി 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്. ഇതിൽ 12 ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്നും എട്ട് ചീറ്റകള്‍ നമീബിയയിൽ നിന്നുമായിരുന്നു.

ഇരുപത് ചീറ്റകളിൽ ഇന്ന് ജീവനോടെ കാടുകളിൽ ബാക്കിയുള്ളത് പതിനൊന്ന് ചീറ്റകൾ മാത്രമാണ്. ഇന്ത്യയിലെത്തിച്ച ശേഷം പ്രസവിച്ച അമ്മ ചീറ്റയും നാല് കുഞ്ഞുങ്ങളും വന്യജീവി വകുപ്പിന്റെ സംരക്ഷണയിൽ കൂടുകളിൽ കഴിയുകയാണ്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇന്ത്യയിൽ കൊണ്ടു വന്ന ചീറ്റകളിൽ എട്ട് എണ്ണമാണ് വിവിധ കാരണങ്ങളാൽ ചത്തുപോയത്. ഏറ്റവും ഒടുവിൽ സൂരജ് എന്ന് വിളിക്കുന്ന ആൺചീറ്റയാണ് ചത്തത്. നമീബിയയിൽ നിന്നെത്തിച്ച ചീറ്റകളിൽപ്പെട്ടതാണ് സൂരജ്.  ഇണ ചേരാനുള്ള ശ്രമത്തിനിടയിൽ പെൺചീറ്റയുമായി നടന്ന ശാരീരിക പോരാട്ടത്തിലേറ്റ പരിക്കാണ് സൂരജിന്റെ മരണത്തിന് കാരണമായതെന്നാണ് അധികൃതർ നൽകിയ ആദ്യ വിശദീകരണം.

ചീറ്റകളുടെ മരണത്തിന് പിന്നിൽ ത്വക്ക് രോഗമോ ?

ചീറ്റകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതോടെ പലയിടത്തും നിന്നും പദ്ധതിക്കെതിരെ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ചീറ്റകളുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും സ്വാഭാവിക കാരണങ്ങളാലാണ് ഇവ മരിക്കുന്നതെന്നുമാണ് കേന്ദ്ര വനം വന്യജീവി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിന്റെ വിശദീകരണം. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

(1) ചീറ്റ കുനോ ദേശീയ പാർക്കിൽ. (2) കുനോ ദേശീയ പാർക്കിൽ ചീറ്റകളെ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി.
(1) ചീറ്റ കുനോ ദേശീയ പാർക്കിൽ. (2) കുനോ ദേശീയ പാർക്കിൽ ചീറ്റകളെ തുറന്നുവിട്ടശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി.

എന്നാൽ കേന്ദ്രമന്ത്രിയുടെ വാദം പൂർണമായും ഉൾക്കൊള്ളാൻ കഴിയില്ലെന്നാണ് ഈ പദ്ധതിക്ക് പിന്നിൽ ഉപദേശകനായി വർത്തിക്കുന്ന ദക്ഷിണാഫ്രിക്കൻ ഗവേഷകനായ അഡ്രിയാൻ ടോർഡിഫ് പറയുന്നത്. ചീറ്റകളുടെ മരണത്തിന് പിന്നിൽ അവയുടെ കഴുത്തിലുള്ള റേഡിയോ കോളർ മൂലമുള്ള തൊലിപ്പുറത്തെ അലർജിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ടോർഡിഫിന്റെ വിശദീകരണത്തെ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഉള്ള മറ്റ് വിദഗ്ധരും ശരിവയ്ക്കുന്നുണ്ട്. 

ഈർപ്പത്തിൽ മുട്ടയിട്ട് പെരുകുന്ന കീടങ്ങൾ

ഇന്ത്യയിലെ മൺസൂൺ സീസണിലെ ഈർപ്പമേറിയ കാലാവസ്ഥയാണ് റേഡിയോ കോളർ മുഖേനയുള്ള അലർജിയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇത് ദക്ഷിണാഫ്രിക്കയോ നമീബിയയോ പോലുള്ള രാജ്യങ്ങളിൽ ഉണ്ടാകാറില്ല. ഈർപ്പമുള്ള തൊലിപ്പുറത്ത് മുട്ടയിട്ട് പെരുകുന്ന ഒരിനം കീടങ്ങളാണ് ഈ അലർജിക്ക് കാരണമാകുന്നത്. ഇങ്ങനെ മുട്ടവിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചീറ്റകളുടെ തൊലിയിൽ നിന്ന് തന്നെ ആഹാരം കണ്ടെത്താൻ തുടങ്ങുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. മയാസിസ് എന്നാണ് ഈ അവസ്ഥയെ ഗവേഷകർ വിളിക്കുന്നത്. 

Prime Minister Narendra Modi, Madhya Pradesh CM Shivraj Singh Chouhan and others arrive to release cheetahs inside a special enclosure of the Kuno National Park in Madhya Pradesh, Saturday, Sept. 17, 2022.  Photo: PTI
Prime Minister Narendra Modi, Madhya Pradesh CM Shivraj Singh Chouhan and others arrive to release cheetahs inside a special enclosure of the Kuno National Park in Madhya Pradesh, Saturday, Sept. 17, 2022. Photo: PTI

പുഴുക്കൾ കൂടുതൽ സജീവമാകുന്നതോടെ തൊലിപ്പുറത്ത് നിന്ന് ചീറ്റകളുടെ ശരീരത്തിനുള്ളിലേക്ക് ഇവ പ്രവേശിക്കുകയും തുടർന്ന് അത് ചീറ്റകളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു. സാധാരണഗതിയിൽ കൈകാലുകളില്‍ ഈർപ്പം തങ്ങിനിൽക്കുന്ന മേഖലകളിലാണ് ഇത്തരം കീടങ്ങൾ കാണപ്പെടുന്നത്. ചീറ്റകൾ ഇത് നാക്കുകൊണ്ട് വൃത്തിയാക്കുകയും ചെയ്യും. എന്നാൽ റേഡിയോ കോളർ മൂലം ചീറ്റകളുടെ കഴുത്തിന് മുകൾഭാഗത്തായാണ് കീടങ്ങൾ പെരുകിയത്. ഈ ഭാഗത്തേക്ക് ചീറ്റകൾക്ക് നാക്ക് എത്തിക്കാനോ വൃത്തിയാക്കാനോ സാധിക്കില്ലെന്നതാണ് ഇവയുടെ പ്രതിരോധത്തിന് സാധ്യതയില്ലാതെ പോകുന്നതെന്നും ഗവേഷകർ കരുതുന്നു.

Image Credit: Twitter/ Bhupender Yadav/ byadavbjp
Image Credit: Twitter/ Bhupender Yadav/ byadavbjp

അവസാനത്തെ ഇന്ത്യൻ ചീറ്റകളെ കൊന്ന രാജാവ്

ഒരു കാലത്ത് വടക്കേ ഇന്ത്യയിലെ പുൽമേടുകളിൽ ഇന്ത്യൻ ചീറ്റകൾ മേഞ്ഞ് നടന്നിരുന്നു എന്ന അവകാശവാദത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ഇതേ ജീവികളെ ഇന്ത്യയിലേക്ക് എത്തിക്കാൻ വനംവകുപ്പ് ശ്രമം നടത്തിയത്. ഏതാണ്ട് 70 വർഷം മുൻപ് വരെ ഏഷ്യാറ്റിക് ചീറ്റകൾ എന്നറിയപ്പെടുന്ന ഇന്ത്യൻ ചീറ്റകൾ ഇന്ത്യയിലെ പുൽമേടുകളിൽ ഉണ്ടായിരുന്നു. 1947 ൽ കൊറിയ എന്ന ഇന്ത്യൻ ചെറു രാജ്യത്തിന്റെ ഭരണാധികാരിയായ രാമാനുജ് പ്രതാപ് സിങ്ങ് എന്ന് വ്യക്തിയാണ് ഇന്ത്യയിലെ അവസാനത്തെ മൂന്ന് ചീറ്റകളെ വെടിവച്ച് വേട്ടയാടി കൊന്നതെന്ന് പറയപ്പെടുന്നു. 

എന്നാൽ ഇങ്ങനെ 70 വർഷം മുൻപ് വംശനാശം സംഭവിച്ച ഒരു ജീവിയെ തിരികെ എത്തിക്കാനെന്ന പേരിൽ, ഈ ജീവിയുമായി ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ജനിതക ബന്ധങ്ങൾ അറ്റുപോയ, ഭൗമശാസ്ത്രപരമായ സാമ്യതകളില്ലാത്ത മറ്റൊരു വർഗത്തെ എത്തിച്ചതിലെ പ്രായോഗികതയാണ് മിക്കവരും ചോദ്യം ചെയ്യുന്നത്. മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്കാണ് ആഫ്രിക്കയിൽ നിന്നെത്തിച്ച ഇരുപത് ചീറ്റകളെയും പാർപ്പിച്ചത്. എന്നാൽ ഈ മേഖലയോട് ജൈവീകമായി ഈ ജീവികൾക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്.

സ്ഥലപരിമിതിയെ അവഗണിച്ച അധികൃതർ

കുനോ ദേശീയ പാർക്കിലേക്ക് ചീറ്റകളെ കൊണ്ടുവരുമ്പോൾ ഉയർന്നുവന്ന ഏറ്റവും വലിയ വിമർശനം അവിടുത്തെ സ്ഥലപരിമിതിയെ സംബന്ധിച്ചായിരുന്നു. കടുവകളെയും, പുള്ളിപ്പുലികളെയും പോലുള്ള വലിയ വേട്ടമൃഗങ്ങൾ കാണപ്പെടുന്ന പ്രദേശം കൂടിയാണ് കുനോ. ഇവിടേക്ക് ചീറ്റകളെക്കൂടി എത്തിക്കുമ്പോൾ സ്ഥലപരിമിതിയെ ചൊല്ലിയുള്ള പ്രതിസന്ധികൾ ജീവികൾകൾക്കിടയിൽ ഉണ്ടാകും. കടുവകളെയും പുള്ളിപ്പുലികളെയും താരതമ്യം ചെയ്യുമ്പോൾ ചീറ്റകൾ ദുർബലരായവരാണ്. കൂടാതെ കടുവകളുമായി സഹവസിച്ചുള്ള പരിചയവും ചീറ്റകൾക്ക് ഇല്ല. ഇക്കാരണങ്ങൾ കൊണ്ട് പരിചയമില്ലാത്ത ഒരു ഭൂപ്രദേശത്ത്, വ്യത്യസ്തമായ ഒരു കാലാവസ്ഥാ സാഹചര്യത്തിൽ, പരിമിതമായ വിസ്തൃതിയിൽ ചീറ്റകൾ പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധർ മുൻപേ ചൂണ്ടിക്കാട്ടിയിരുന്നു. 

ചീറ്റപ്പുലികൾ (Photo: Twitter/@airnewsalerts)
ചീറ്റപ്പുലികൾ (Photo: Twitter/@airnewsalerts)

ഈ പ്രശ്നം ആദ്യം ഉന്നയിച്ചവരിൽ ഒരാളാണ് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ ഗവേഷകയും അധ്യാപികയും ആയ സാറാ ദുരൻത്. ഇന്ത്യയിൽ ഇപ്പോൾ ചീറ്റകൾ നേരിടുന്ന പ്രതിസന്ധി പ്രതീക്ഷിച്ചതാണെന്നും കാര്യങ്ങൾ ഒട്ടും ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഒരു ജീവിയെ പുതിയ ജൈവപരിസരത്തേക്ക് മാറ്റുമ്പോൾ ഇത്തരം മരങ്ങൾ സ്വാഭാവികമാണെന്ന ഈ പദ്ധതിയുടെ ഭാഗമായ ഗവേഷകരുടെയ വാദത്തെയും ഇവർ തള്ളിക്കളയുന്നു.

ഏഷ്യൻ ചീറ്റകൾക്ക് പകരം ആഫ്രിക്കൻ ചീറ്റകൾ 

ലോകത്ത് ഇന്ന് നിലവിലുള്ളവത് ചീറ്റകളിലെ അഞ്ച് ഉപവിഭാഗങ്ങളാണ്. ഇവയിൽ ഒന്ന് ഏഷ്യയിലും മറ്റ് നാലും ആഫ്രിക്കയിലുമാണ്. ആഫ്രിക്കയിലെ തെക്കൻ മേഖലയിലുള്ള രണ്ട് ഉപവിഭാഗങ്ങളിൽ നിന്നുള്ള ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിൽ ജീവിച്ചിരുന്ന ചീറ്റവർഗ്ഗം ഏഷ്യാറ്റിക് ചീറ്റകളാണ്. ഇവയോട് സാമ്യമുള്ള ഒരേയൊരു ചീറ്റവർഗം ജീവിച്ചിരിക്കുന്നത് ഇറാനിലാണ്. ഇവയാകട്ടെ ആഗോള ജൈവ സെൻസസ് അനുസരിച്ച് അതീവ വംശനാശ ഭീഷണി നേരിടുന്നവയും.

ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളുമായി പുറപ്പെടുന്നതിനു മുൻപ്. (Twitter/ @hci_pretoria)
ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളുമായി പുറപ്പെടുന്നതിനു മുൻപ്. (Twitter/ @hci_pretoria)

ഏഷ്യൻ ചീറ്റകളുടെയും ആഫ്രിക്കൻ ചീറ്റകളുടെയും ജനുസ്സുകൾ തമ്മിൽ വേർപെട്ടത് ഏതാണ്ട് 47,000 വർഷങ്ങൾക്ക് മുൻപാണ്. ഈ കാലഘട്ടത്തിനിടയൽ ഇരു ജീവികളുടെയും പ്രതിരോധ ശേഷി, കാലാവസ്ഥയും തുടങ്ങി നിരവധി കാര്യങ്ങളിൽ വ്യത്യാസപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ചുരുങ്ങിയ കാലയളവിൽ ഇത്രയധികം ചീറ്റകളെ ഒരുമിച്ച് ഇന്ത്യയിലേക്ക് പറിച്ചെടുത്ത് കൊണ്ടുവന്നതിന്റെ പ്രായോഗികത മറ്റൊരു വിധത്തിൽ കൂടി ചോദ്യം ചെയ്യപ്പെടുന്നതും.

പ്രതിസന്ധികൾ മാറാത്ത ചീറ്റ പദ്ധതി

ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് നിരവധി പ്രതിസന്ധിക്കൾ മറികടന്നാണ്. പരിസ്ഥിതി പ്രവർത്തകരുടെയും വിദഗ്ധരുടെയും വിമർശനം മാത്രമല്ല, സുപ്രീംകോടതിയും ഈ പദ്ധതിയെ വിലക്കിയിരുന്നു. നീണ്ടനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്ക് കോടതി അനുമതി നൽകിയത്. പദ്ധതിക്കെതിരെ അന്ന് കോടതിയിൽ പരിസ്ഥിതി പ്രവർത്തകർ ഉന്നയിച്ച വാദങ്ങളെല്ലാം ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ അവസ്ഥ.

1. ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാൻ നമീബിയിൽ എത്തിയ ജംബോ ജെറ്റ്. (Photo - Twitter/@IndiainNamibia). 2. ചീറ്റ (Photo - Istockphoto/hypotekyfidler) (Manorama Online Creative)
1. ചീറ്റകളെ ഇന്ത്യയിൽ എത്തിക്കാൻ നമീബിയിൽ എത്തിയ ജംബോ ജെറ്റ്. (Photo - Twitter/@IndiainNamibia). 2. ചീറ്റ (Photo - Istockphoto/hypotekyfidler) (Manorama Online Creative)

ഏതാണ്ട് അൻപത് കോടിയിലധികം രൂപയാണ് ചീറ്റപദ്ധതിക്കായി ചെലവഴിച്ചത്. ചീറ്റകളുടെ ജൈവ പരിസ്ഥിതിയുമായി യോജിക്കാത്ത, സ്ഥലപരിമിതി ഉള്ള ഒരു സ്ഥലത്തേക്ക് ഇരുപത് ചീറ്റകളെ കൊണ്ടുവന്നതിലെ പ്രായോഗികത ഇല്ലായ്മ തന്നെയാണ് മറ്റ് കാരണങ്ങൾക്കൊപ്പം വിമർശകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഏതാണ്ട് 6400 ൽ അധികം ആഫ്രിക്കൻ ചീറ്റകളാണ് ആഫ്രിക്കൻ കാടുകളിലുള്ളത്. പതിറ്റാണ്ടുകൾ നീണ്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ഇന്ന് കാണുന്ന ആരോഗ്യകരമായ അവസ്ഥയിലേക്ക് ആഫ്രിക്കയിലെ ചീറ്റകളുടെ എണ്ണത്തെ എത്തിച്ചതും. എന്നാൽ ഇതേ ചീറ്റകൾ ഇന്ത്യയിൽ തിരിച്ചടി നേരിടുകയാണ്. ഈ പദ്ധതിക്ക് ചെലവഴിച്ച തുക

ഇന്ത്യയിൽ വംശനാശ ഭീഷണി നേരിടുന്ന മറ്റ് അനേകം വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും, പുനരധിവാസത്തിന് വേണ്ടിയും ഉപയോഗിക്കാമായിരുന്നുവെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

English Summary: Dark Clouds Over India's Cheetah Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com