ADVERTISEMENT

ജോലിക്ക് പോയി വീട്ടിലെത്തുന്ന അച്ഛനെ കെട്ടിപിടിച്ച് ഒക്കത്തുകേറുന്ന മക്കളെ നാം കാണാറുണ്ട്. ഇതേ സ്വഭാവമുള്ള ഒരു ജീവി റാസൽ ഖൈമയിലും ഉണ്ട്. കോബ എന്ന് വിളിപ്പേരുള്ള ചിമ്പാൻസി കുഞ്ഞ്. മൃഗശാല ജീവനക്കാരുടെ പൊന്നോമന പുത്രനാണ് കോബ. 20 ദിവസം കഴിഞ്ഞ് തന്നെ കാണാനെത്തുന്ന വന്യജീവി പാർക്ക് സ്ഥാപകൻ ജേസം അലിയുടെ അടുത്തേക്ക് കോബ നിലവിളിച്ച് എത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ട്രിപ്പ് കഴിഞ്ഞെത്തിയ യുവാവിനെ ഓടിയെത്തി കെട്ടിപ്പിടിക്കുകയും തോളിൽ കൊച്ചുകുട്ടിയെ പോലെ കോബ ചാഞ്ഞുകിടക്കുകയും ചെയ്യുന്നു. കോബയുടെ ദേഹത്ത് തലോടിക്കൊണ്ട് യുവാവ് കുശലാന്വേഷണം നടത്തുന്നതും വിഡിയോയിൽ കാണാം. ജെയിംസ് എന്ന് എഴുതിയ ആറാം നമ്പർ മഞ്ഞക്കുപ്പായം ഇട്ടാണ് കോബ മൃഗശാലയിൽ വിലസുന്നത്. മനംകവരുന്ന നിരവധി വിഡിയോകളാണ് കോബയുടേതായി പുറത്തുവന്നിരിക്കുന്നത്. ചോക്ലേറ്റും ലോലിപോപ്പും കഴിക്കാനായി അതിന്റെ കവർ പൊട്ടിക്കാനുള്ള ശ്രമങ്ങൾ രസകരമാണ്.

കോബയുടെ അമ്മയും അതേ മൃഗശാലയിൽ തന്നെയുണ്ട്. അമ്മയ്ക്കൊപ്പം കൂട്ടിലാണ് താമസം. കോബയെ മാറോടണയ്ക്കുന്ന അമ്മകുരങ്ങിന്റെ വിഡിയോയും മൃഗശാല പുറത്തുവിട്ടിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് അസുഖബാധിതനായ കോബ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഡിയോ മൃഗശാല പുറത്തുവിട്ടിരുന്നു. കോബയുടെ ആരോഗ്യത്തിനു വേണ്ടി പ്രാർഥിക്കുന്നതിനോടൊപ്പം ചിലർ അവനെ അമ്മയുടെ അടുത്തെത്തിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അമ്മയ്ക്കൊപ്പമുള്ള കോബയുടെ വിഡിയോ മൃഗശാല അധികൃതർ പുറത്തുവിട്ടത്.

കോബയെ എത്ര വാത്സല്യത്തോടെയാണ് തങ്ങൾ നോക്കുന്നതെന്ന് വ്യക്തമാക്കുന്ന ‘ഡെയ്‌ലി റൂട്ടിൻ’ വിഡിയോയും മൃഗശാല പുറത്തുവിട്ടിരുന്നു. സോപ്പ് തേച്ച് കുളിപ്പിക്കുമ്പോൾ കൊച്ചുകുട്ടികളെ പോലെ കൈയൊക്കെ കാണിച്ചുകൊടുക്കുന്നുണ്ട്. ഹെയർഡ്രൈ ഉപയോഗിച്ച് രോമമൊക്കെ ഉണക്കിയെടുത്ത ശേഷം പാംപേഴ്സും ടി ഷർട്ടും ധരിപ്പിച്ച് കിടക്കയിൽ ഇരുത്തി. പിന്നീട് അവിടെകിടന്ന് തലകുത്തി മറിയുന്നതും വിഡിയോയിൽ കാണാം.

English Summary: Coba Chimpanzee, Wild Life Park Ras al Khiamah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com