ADVERTISEMENT

സന്തോഷത്തിന് വേണ്ടി അല്ലെങ്കിൽ ഉല്ലാസത്തിന് വേണ്ടി മാത്രം ഏതെങ്കിലും തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്ന സ്വഭാവം ഏറ്റവും കൂടുതൽ നമുക്ക് കാണാൻ കഴിയുന്നത് മനുഷ്യരിലാണ്. അതിൽ കായിക വിനോദങ്ങൾ മുതൽ കലാസ്വാദനങ്ങൾ വരെ ഉൾപ്പെടുന്നു. എന്നാൽ മനുഷ്യൻ മാത്രമല്ല മറ്റ് ജീവികളിലും ഇത്തരത്തിൽ ഉല്ലാസത്തിനുള്ള പ്രവർത്തികളിൽ അവ ഏർപ്പെടുന്നതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ പക്ഷികളും, തേനീച്ചകളും, കുരങ്ങുകളും മുതലകളും തുടങ്ങി പല വിഭാഗത്തിലുള്ള മത്സ്യങ്ങൾ വരെ ഉൾപ്പെടുന്നു. ഈ കൂട്ടത്തിലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ് എലികളും.

ജർമൻ ഗവേഷകർ നടത്തിയ പഠനത്തിലാണ് എലികളിൽ  പരസ്പരമുള്ള ശാരീരിക സ്പർശങ്ങൾ എങ്ങനെ ഉല്ലാസത്തിന് വേണ്ടിയുള്ള ഇടപെടലുകളാകുന്നു എന്ന് ഗവേഷകർ കണ്ടെത്തിയത്. ഇതിന് വേണ്ടി ഗവേഷകർ സ്വീകരിച്ച മാർഗ്ഗമാണ് കൂടുതൽ കൗതുകം ഉളവാക്കുന്നത്. എലികളെ ഇക്കിളി കൂട്ടിയാണ് ഗവേഷകർ എലികൾ പരസ്പരം വിനോദത്തിന് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുന്നതായി ഇവർ കണ്ടെത്തിയത്.

എന്നാൽ ഈ പരീക്ഷണം കേവലം എലികളുടെ ആനന്ദം അളക്കാനോ അവയെ ചിരിപ്പിക്കാൻ വേണ്ടി മാത്രമോ നടത്തിയതല്ല. മൃഗങ്ങളിലെ പ്രത്യേകിച്ച് സസ്തനികളിലെ ഏറ്റവും പഴക്കം ചെന്ന ശരീരഭാഗങ്ങളിൽ ഒന്നാണ് അവയുടെ തലച്ചോറ്, പ്രത്യേകിച്ചും തലച്ചോറിന്റെ മദ്യഭാഗം, അഥവാ മിഡിൽ ബ്രെയിൻ എന്ന് വിളിക്കുന്ന പ്രദേശം. പ്രധാനമായും ഭയം, വേദന, പുറമെ നിന്നുള്ള ഭീഷണി തുടങ്ങിയ വികാരങ്ങൾ അറിയിക്കുക എന്നാണ് ഈ പ്രദേശം ചെയ്യുന്നത്. തലച്ചോറിന്റെ ഈ ഭാഗത്ത് അനുഭവപ്പെടുന്ന വികാരങ്ങൾക്ക് അനുസരിച്ചാണ് മൃഗങ്ങളിലെ ശബ്ദവ്യതിയാനങ്ങളും വരുന്നതെന്ന് ഗവേഷകർ പറയുന്നു.

വിനോദത്തിൽ തലച്ചോറിലെ ഗ്രേ മാറ്ററിനുള്ള പങ്ക്
ജർമനിയിൽ നടത്തിയ പരീക്ഷണത്തിൽ എലികളെ ഇക്കിളി കൂട്ടുമ്പോൾ അവയുടെ പെരിയാഡ്യൂഡിക്കേറ്റൽ ഗ്രേ മാറ്റർ അഥവാ പി.എ.ജി യിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഗവേഷകർ സസൂക്ഷ്മം നിരീക്ഷിച്ചു. ഇക്കിളി കൂട്ടുന്ന സമയത്ത് എലികളിൽ പി.എ.ജികൾ കൂടുതൽ സജീവമാകുന്നതായി ഗവേഷകർ കണ്ടെത്തി. കൂടാതെ ഇക്കിളി കൂട്ടിയ കയ്യിന്റെ പിറകെ എലികൾ ഓടുകയും കൂടുതലായി അതേ കളിയിൽ ഏർപ്പെടാൻ താൽപര്യം കാണിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇതേ എലികളിലെ തലച്ചോറിലെ പി.എ.ജി കൃത്രിമമായി തടഞ്ഞ ശേഷവും ഗവേഷകർ സമാനമായ പരീക്ഷണം നടത്തി. എന്നാൽ ഇക്കുറി എലികൾ ഇക്കിളിയോട് സാരമായി പ്രതികരിച്ചില്ല. കൈകൾക്ക് പിറകെ ഓടി കളിക്കാൻ താല്പര്യം പ്രകടിപ്പിച്ചതുമില്ല.

ഇക്കിളി കൂട്ടുമ്പോൾ മനുഷ്യർ സാധാരണ ഉച്ചത്തിൽ ചിരിക്കാറുണ്ട്. ഈ ചിരിയുടെയും ഒപ്പം ശരീരത്തിലുണ്ടാകുന്ന മറ്റ് അനുഭവങ്ങളുടെയും പിന്നിൽ ഗ്രേ മാറ്ററിന് വലിയ പങ്കുണ്ട്. പി.എ.ജി യാണ് ഇക്കിളി കൂട്ടുന്നത് ഉൾപ്പെടെയുള്ള സന്ദർഭങ്ങളിൽ ശരീരത്തിലെ അനുഭവത്തെ തലച്ചോറിലിരുന്ന് നിയന്ത്രിക്കുന്നത് എന്ന് ന്യൂറോസയന്റിസ്റ്റ് ആയ മൈക്കിൾ ബ്രഷ് പറയുന്നു. ബർലിനിലെ ഹംബോൾട്ട് സർവകലാശാലയിലെ നാഡീവ്യൂഹ വിഭാഗത്തിലെ ഗവേഷകനാണ് മൈക്കിൾ ബ്രഷ്.

കുട്ടികളിലെ ചിരിയും എലികളിലെ ഇക്കിളിയും
ഉദാഹരണത്തിന് കുട്ടികളിൽ ഇക്കിളി കൂട്ടുമ്പോൾ അവർ വളരെ ഉച്ചത്തിൽ ചിരിയ്ക്കുന്നത് പതിവാണ്. എന്നാൽ ഇതിൽ തന്നെ അൽപ്പസമയത്തിന് ശേഷം കളിക്കുന്നതിനിടയിൽ ഒരു കുട്ടി ചിരിക്കുന്നത് നിർത്തിയാൽ സ്വാഭാവികമായി മറ്റ് കുട്ടികളും ഇക്കിളി കൂട്ടുന്നത് നിർത്തുന്നതും കാണാൻ കഴിയും. എലികൾ ചിരിക്കില്ല എങ്കിൽ പോലും സമാനമായ ഒരു വികാരമാണ് അവയുടേയും ഗ്രേ മാറ്റർ ശരീരത്തിലേക്ക് കൈമാറുന്നത്. അത് കൊണ്ട് തന്നെയാണ് ഇക്കിളി കൂട്ടുമ്പോൾ തുടക്കത്തിൽ അവ അത് ആസ്വദിക്കുന്നതും കളിക്കുന്നതിന് സമാനമായ രീതിയിൽ വിനോദമായി അതിനെ കാണുന്നതും.

വർഷങ്ങളായി ഹംബോൾട്ട് സർവകലാശാല ഗവേഷകർ എലികളിൽ ഈ ഇക്കിളി പരീക്ഷണം നടത്തുന്നുണ്ട്. ഏറെ നാളത്തെ പരിശ്രമത്തിന് ശേഷം ഇപ്പോൾ മാത്രമാണ് ഇക്കിളി കൂട്ടുമ്പോൾ എലികളുടെ ശരീരത്തിലും, തലച്ചോറിലും ഉണ്ടാകുന്ന മാറ്റങ്ങളുടെ വിശദാംശങ്ങൾ ഗവേഷകർക്ക് ലഭിച്ച് തുടങ്ങിയത്. ഇതിലൂടെയാണ് ശരീരത്തിലുണ്ടാകുന്ന സ്പർശത്തെ എങ്ങനെ ഗ്രേ മാറ്റർ തിരിച്ചറിഞ്ഞ് ആ സ്പർശത്തിന് അനുസൃതമായ രീതിയിൽ പ്രതികരണം സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തിയത്.

Content summary : Scientists Tickle Rats and Discover Brain's 'Play Spot'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com