ADVERTISEMENT

നിപ്പയുടെ സ്ഥിരീകരണം എത്തിയതോടെ വവ്വാലുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. സർവസാധാരണമായി കാണപ്പെടുന്ന ഈ ജീവികളെ ഒരിക്കൽ വളരെ വിചിത്രമായ ഒരു കാര്യത്തിനുപയോഗിക്കാൻ യുഎസ് ശ്രമിച്ചിരുന്നു. രണ്ടാം ലോകയുദ്ധ കാലഘട്ടത്തിലായിരുന്നു യുഎസിന്റെ ഈ പദ്ധതി. വവ്വാലുകളുടെ ബോംബുകളുടെ വാഹകരായി ഉപയോഗിച്ച് എതിരാളിയുടെ മേഖലകളിൽ പോയി അവയെ ഉപയോഗിച്ച് ആക്രമണം നടത്തുക എന്നതായിരുന്നു യുഎസിന്റെ ലക്ഷ്യം.

1941 ഡിസംബർ ഏഴിന് പെൻസിൽവേനിയക്കാരനായ ഡെന്റിസ്റ്റ് ലൈറ്റിൽ ആഡംസിന്റെ തലയിലാണ് ഈ ആശയം ആദ്യമുദിച്ചത്. യുഎസിലെ ന്യൂമെക്സിക്കോയിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ആഡംസ്. അന്ന് പേൾ ഹാർബർ ആക്രമണത്തോടെ ജപ്പാൻ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായി മാറിക്കഴിഞ്ഞിരുന്നു. ജപ്പാനെ തറപറ്റിക്കാൻ യുഎസ് എല്ലാ മാർഗങ്ങളും പരിഗണിക്കുന്ന കാലമായിരുന്നു അത്.

ന്യൂമെക്സിക്കോയിൽ ഒരുപാടു ഗുഹകളും ഖനികളുമൊക്കെയുണ്ട്. ഇവയിൽ ധാരാളം വവ്വാലുകളും പാർത്തിരുന്നു. ഇവയെ കണ്ടപ്പോഴാണ് ആഡംസിനു തലയിൽ ഐഡിയ കത്തിയത്. ഇവയെ അങ്ങ് യുദ്ധത്തിനുപയോഗിച്ചാലോ. വവ്വാലുകളുടെ ദേഹത്ത് ചെറിയ ബോംബുകൾ വച്ചുകെട്ടുക. എന്നിട്ട് ഇവയെ ശത്രുമേഖലയിലേക്കു പറത്തിവിടുക. വവ്വാലുകൾ ഏതായാലും ബിൽഡിങ്ങുകളിലും മറ്റും ചെന്നു കയറും. അപ്പോൾ ബോംബ് പൊട്ടിയാൽ ജാപ്പനീസ് നഗരങ്ങളിൽ വ്യാപക നാശനഷ്ടത്തിന് അരങ്ങൊരുങ്ങുമെന്നായിരുന്നു ആഡംസിന്റെ പദ്ധതി. ഏതായാലും തന്റെ ആശയം അദ്ദേഹം വൈറ്റ് ഹൗസിലേക്ക് എഴുതി അറിയിച്ചു.

വവ്വാലുകളില്‍ ഘടിപ്പിക്കാൻ ഉപയോഗിച്ച ബോംബ് (Photo: Twitter/@MHuntington7)
വവ്വാലുകളില്‍ ഘടിപ്പിക്കാൻ ഉപയോഗിച്ച ബോംബ് (Photo: Twitter/@MHuntington7)

ആഡംസിന്റെ ആശയം കുറച്ചു കുഴപ്പംപിടിച്ചതാണെന്നു തോന്നിയെങ്കിലും പരിഗണിക്കാൻ വൈറ്റ് ഹൗസ് തീരുമാനിച്ചു. ആശയം ഒരു പദ്ധതിയായി യുഎസിന്റെ നാഷനൽ റിസർച് ഡിഫൻസ് കമ്മിറ്റി ഉയർത്തി.വവ്വാലുകളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഡോണൾഡ് ഗ്രിഫിൻ എന്ന ശാസ്ത്രജ്ഞന് ഇവർ പദ്ധതി കൈമാറി. അനുകൂലമായ റിപ്പോർട്ടാണു ഗ്രിഫിൻ നൽകിയത്.

അതോടെ ഒരു ഡെന്റിസ്റ്റിന്റെ തലയിൽ ഉദിച്ച പൊട്ട ആശയം യുഎസിന്റെ ദേശീയ പ്രതിരോധ പദ്ധതികളിലൊന്നായി മാറി. ഇതിന്റെ പരീക്ഷണത്തിനായി വവ്വാലുകളെ ശേഖരിക്കാൻ യുഎസ് അധികൃതർ തുടങ്ങി. നൂറുകണക്കിനു ഖനികളിലും അനേകം ഗുഹകളിലുമൊക്കെ നടന്ന് അവർ വവ്വാലുകളെ ഒപ്പിച്ചു.ഇവയെ മയക്കി കിടത്തിയ ശേഷമായിരുന്നു ബോംബ് ഘടിപ്പിച്ചത്. പരീക്ഷണം നടക്കുന്ന മേഖലകളിലേക്കു കൊണ്ടുപോകുമ്പോഴും ഇവയെ മയക്കി. യുഎസ് എയർഫോഴ്സിന്റെ  സഹായത്തോടെയായിരുന്നു പരീക്ഷണങ്ങൾ. എന്നാൽ പരീക്ഷണം വൻരീതിയിൽ തന്നെ പാളി. തെറ്റായ ദിശയിൽ വവ്വാലുകൾ പറന്നു കയറിയതു മൂലം യുഎസിന്റെ ഒരു ഹാംഗറിൽ സ്ഫോടനം നടക്കുകയും അതു തകരുകയും ചെയ്തു. ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ കാറിനും നാശനഷ്ടം പറ്റി.

പിൽക്കാലത്ത് യുഎസ് മറീൻ കോർ ഈ പദ്ധതി ഏറ്റെടുക്കുകയും മുപ്പതോളം പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അപ്പോഴേക്കും 20 ലക്ഷം യുഎസ് ഡോളറോളം ചെലവിട്ടുകഴിഞ്ഞിരുന്നു. അതോടെ യുഎസ് ഈ പദ്ധതി നിർത്തി.

Content Highlights: Bats | USA | Japan | World war II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com