ADVERTISEMENT

വേനൽക്കാലമാകുമ്പോൾ ചൂടിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ധാരാളം വൈറൽ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. എന്നാൽ ആ  സന്ദേശങ്ങൾക്ക് പിന്നിലെ സത്യമെന്താണ്? ചൂട് കാലാവസ്ഥയിൽ തണുത്ത വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുകയും സ്ട്രോക്കിന് കാരണമാവുകയും ചെയ്യുമെന്ന് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അവകാശപ്പെടുന്നു.  എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത്  സ്ട്രോക്കിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്ന വിവരമാണ് ലഭിച്ചത്

∙അന്വേഷണം

ശ്രദ്ധിക്കുക , 40 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയുള്ള അടുത്ത താപ തരംഗത്തിനായി തയ്യാറാകുക. എപ്പോഴും റൂം ടെമ്പറേച്ചറിലുള്ള വെള്ളം മാത്രം പതുക്കെ കുടിക്കുക. തണുത്ത അല്ലെങ്കിൽ ഐസ് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. നമ്മുടെ ചെറിയ രക്തക്കുഴലുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ വളരെ തണുത്ത വെള്ളം കുടിക്കരുതെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു.ഒരാൾ വളരെ ചൂടുള്ള ഒരു ദിവസം പുറത്ത് നിന്ന് വീട്ടിലേക്ക് വന്നാൽ  നന്നായി വിയർക്കും അയാൾക്ക് പെട്ടെന്ന് തണുക്കാൻ ആഗ്രഹിച്ച്   ഉടൻ തന്നെ തണുത്ത വെള്ളത്തിൽ കൈകൾ കാലുകൾ മുഖം എന്നിവ കഴുകിയാൽ പെട്ടെന്ന്  കുഴഞ്ഞുവീഴാൻ സാധ്യതയുണ്ട് .

പുറത്ത് ചൂട് 38 ഡിഗ്രി സെൽഷ്യസിൽ എത്തുമ്പോൾ, നിങ്ങൾ വീട്ടിൽ വരുമ്പോൾ, തണുത്ത വെള്ളം കുടിക്കരുത് - ചെറുചൂടുള്ള വെള്ളം മാത്രം പതുക്കെ കുടിക്കുക.

നിങ്ങളുടെ ശരീരം ചൂടുള്ള വെയിലേറ്റാൽ ഉടൻ കുളിക്കുകയോ കഴുകയോ ചെയ്യരുത് ,  കഴുകുന്നതിനോ കുളിക്കുന്നതിനോ മുമ്പായി കുറഞ്ഞത് അരമണിക്കൂറെങ്കിലും കാത്തിരിക്കുക.

ചൂടിൽ നിന്ന് വന്ന്  തണുക്കാൻ ആഗ്രഹിച്ച് ഉടനെ കുളിച്ച ചിലർക്കെങ്കിലും  കുളിച്ചതിന് ശേഷം, താടിയെല്ല് തളർന്ന് സ്ട്രോക്ക് ബാധിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട് ദയവായി ശ്രദ്ധിക്കുക: ചൂടുള്ള മാസങ്ങളിൽ അല്ലെങ്കിൽ നിങ്ങൾ വളരെ ക്ഷീണിതനാണെങ്കിൽ, ഉടൻ തന്നെ വളരെ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ഞരമ്പുകളോ രക്തക്കുഴലുകളോ ഇടുങ്ങിയതാക്കും, ഇത് സ്ട്രോക്കിലേക്ക് നയിച്ചേക്കാം.ദയവായി മറ്റുള്ളവരിലേക്ക്  വ്യാപിപ്പിക്കുക! എന്നാണ് വാട്‌സാപിൽ പ്രചരിക്കുന്ന പോസ്റ്റുകൾ. പോസ്റ്റ് കാണാം

പോസ്റ്റിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ കീവേഡുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുമെന്ന സന്ദേശം മുൻവർഷങ്ങളിലും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതായി വ്യക്തമായി.

സ്ട്രോക്കിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ തിരഞ്ഞപ്പോൾ മസ്തിഷ്കത്തിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ, ഓക്സിജന്റെയും പോഷകങ്ങളുടെയും അഭാവം മൂലം മസ്തിഷ്കകോശങ്ങൾ നശിക്കുന്നതിനു കാരണമാകുന്ന ഒരു മെഡിക്കൽ സാഹചര്യമാണ് സ്ട്രോക്ക്. ഇത് രണ്ട് തരത്തിലാണുള്ളത്.  ഇസ്കെമിക്, ഹെമറാജിക്. ഉയർന്ന രക്തസമ്മർദ്ദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയ ഘടകങ്ങൾ മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്.സ്ട്രോക്കിന്റെ കാരണങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയാം 

വിഷയത്തെക്കുറിച്ച് കൂടുതൽ ആധികാരികമായി അറിയാൻ കൊട്ടിയം ഹോളി ക്രോസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ അടിയന്തര ചികില്‍സാ വിഭാഗം വിദഗ്ധൻ ഡോ. ആതുര ദാസിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ചൂടുള്ള ചുറ്റുപാടിൽ നിന്നും വന്നതിനു ശേഷം തണുത്ത വെള്ളം കുടിക്കുന്നതും ഹൃദയാഘാതവും സ്ട്രോക്കും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ് വ്യക്തമാക്കിയത്. വ്യത്യസ്ത ഊഷ്മാവിൽ നിന്നുള്ള സംരക്ഷണത്തിന് ശരീരത്തിന് പ്രകൃതിദത്തമായ സംവിധാനങ്ങളുണ്ട്, എന്നാൽ ചൂട് അന്തരീക്ഷത്തിൽ നിന്ന് വരുന്നതാണെങ്കിൽ  തണുത്ത വെള്ളമുൾപ്പെടെയുള്ളവ കുടിക്കുന്നതിന്  മുമ്പ് ആദ്യം വിശ്രമിക്കുന്നതാണ് നല്ലത്. ഡോക്ടർ പറഞ്ഞു. ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് വയറിലെ രക്തക്കുഴലുകളുടെ പെട്ടെന്നുള്ള സങ്കോചം മൂലം തലവേദന അല്ലെങ്കിൽ വയറുവേദന പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായോക്കാം. എന്നിരുന്നാലും, ഇത് സ്ട്രോക്കുമായി ബന്ധപ്പെട്ടതല്ല.

ചൂട്, ക്ഷീണം എന്നിവ തടയാൻ ചൂടുള്ള ചുറ്റുപാടുകളിൽ ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ചൂടിൽ നിന്ന് പതിവായി ഇടവേളകൾ എടുക്കുന്നതും തണലുള്ള സ്ഥലങ്ങളിൽ തങ്ങുന്നതും ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങൾ തടയാൻ സഹായിക്കും. തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം അല്ലെങ്കിൽ വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾ അനുഭവിക്കുകയാണെങ്കിൽ, ഉടൻ തന്നെ വൈദ്യസഹായം തേടണം. ചൂടിനെ പ്രതിരോധിക്കാൻ ജലത്തിൻറെ ആവശ്യകതയെക്കുറിച്ച് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന മാർഗനിർദ്ദേശങ്ങൾ കാണാം.

∙വസ്തുത

പ്രചരിക്കുന്ന പോസ്റ്റ് പൂർണ്ണമായും തെറ്റാണ്. ചൂടുള്ള അന്തരീക്ഷത്തിൽ തണുത്ത വെള്ളം കുടിക്കുന്നത്  സ്ട്രോക്കിന് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും തന്നെയില്ല.

English Summary: There is no scientific evidence that drinking cold water in hot weather can cause a stroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com