സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരണമോ? വാസ്തവമറിയാം |Fact Check

Mail This Article
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണി വരുന്നു; ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരിക്കാന്‍ ആലോചന എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്. പ്രചരിക്കുന്ന വിവരങ്ങളുടെ വസ്തുതയറിയാം.
അന്വേഷണം
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പണി വരുന്നു; ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരിക്കാന്‍ ആലോചന (DA പോലും തരാതെ )
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളത്തിലും പെന്‍ഷനിലും 10 ശതമാനം മുതല്‍ 20 ശതമാനം വരെ മാറ്റി പ്രത്യേക നിധി രൂപീകരിക്കാന്‍ ധനവകുപ്പ് ആലോചന. മാറ്റി വെയ്ക്കുന്ന ശമ്പളത്തിനും പെന്‍ഷനും ട്രഷറി പലിശ നല്‍കും.
3 വര്‍ഷത്തേക്കാണ് പ്രത്യേക നിധി രൂപീകരിക്കുന്നത്. സമാഹരിക്കുന്ന തുക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആണ് ധനവകുപ്പിന്റെ ഈ നീക്കം. അടിസ്ഥാന ശമ്പളം / പെന്‍ഷന്‍ തുകയുടെ അടിസ്ഥാനത്തിലായിരിക്കും മാറ്റുന്ന തുകയുടെ ശതമാനം നിശ്ചയിക്കുക. ഉയര്‍ന്ന ശമ്പളം / പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് 20 ശതമാനം മാറ്റും. മറ്റുള്ളവരില്‍ നിന്ന് 10 ശതമാനവും . ഓണത്തിന് ബോണസ് അര്‍ഹതയുള്ളവരില്‍ നിന്ന് 10 ശതമാനമായിരിക്കും പിടിക്കുക. 18 ശതമാനം ഡി. എ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുണ്ട്.
ലീവ് സറണ്ടര്‍ കൊടുത്തിട്ട് വര്‍ഷങ്ങളായി. പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ 2 ഗഡുക്കള്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. ഡി.എ പരിഷ്‌കരണ കുടിശികയും പെന്‍ഷന്‍കാര്‍ക്ക് ലഭിച്ചില്ല. കുടിശിക കിട്ടാതെ മരണമടഞ്ഞ പെന്‍ഷന്‍കാരുടെ എണ്ണം 80000 കടന്നു. ജീവനക്കാരും പെന്‍ഷന്‍കാരും പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ശമ്പളത്തിലും പെന്‍ഷനിലും കുറവ് വരുത്താനുള്ള നീക്കം പ്രതിഷേധത്തിന് കാരണമായേക്കും.
മാറ്റുന്ന തുകക്ക് പലിശ ലഭിക്കും എന്നതിനാല്‍ ജീവനക്കാരും പെന്‍ഷന്‍കാരും സഹകരിക്കും എന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. പൊതുകടം വര്‍ദ്ധിക്കുന്നത് ആശങ്ക ജനകമായ അവസ്ഥയാണെന്ന് സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പും സര്‍ക്കാരിന്റെ മുന്നിലുണ്ട്. ജനങ്ങള്‍ സമ്പന്നരാകുമ്പോള്‍ സര്‍ക്കാര്‍ ദരിദ്രമാകുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. കൃത്യമായ വരുമാനം ലഭിക്കുന്ന ജീവനക്കാരേയും പെന്‍ഷന്‍ കാരേയും ലക്ഷ്യമിടാന്‍ ധനവകുപ്പ് തീരുമാനിച്ചതും ഈ പശ്ചാത്തലത്തിലാണെന്നാണ് പ്രചാരണം.
ആദ്യം തന്നെ ഞങ്ങൾ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ചില മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
വാർത്തയുടെ വാസ്തവമറിയാൻ ഞങ്ങൾ ധനമന്ത്രിയുടെ ഒാഫീസുമായി ബന്ധപ്പെട്ടു.വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രിയുടെ ഒാഫീസ് വൃത്തങ്ങൾ മനോരമ ഒാൺലൈനോട് പറഞ്ഞു. സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും പൊതു സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും സർക്കാരിനെ അപകീർത്തിപ്പെടുത്താനുമായാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്.

പിആർഡി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴും ഇത്തരമൊരു വാർത്താ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായി.
വാസ്തവം
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പളവും പെന്‍ഷനും പിടിച്ചെടുത്ത് നിധി രൂപീകരിക്കാന്‍ ആലോചനയെന്ന പ്രചാരണം തെറ്റാണ്.
English Summary : The News that the fund will be created by confiscating the salary and pension of government employees is fake