ഇത് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന 'നവകേരള' ബസോ? വാസ്തവമറിയാം | Fact Check

Mail This Article
നവകേരള സദസും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള വാഹനവുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച മുഴുവൻ. ആഡംബര വാഹനം പുറത്തിറക്കി എന്ന അവകാശവാദത്തോടെയുള്ള വ്യാപക പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒരു അത്യാഡംബര ബസ്സിന്റെ ചിത്രത്തോടൊപ്പമാണ് പ്രചാരണം. ഇതിന്റെ വാസ്തവമറിയാം.
∙ അന്വേഷണം
ആദ്യം പെൻഷൻ കൊടുക്കാൻ നോക്ക്. പിന്നെ ആകട്ടെ ലക്ഷ്വറി ബസ് ഉണ്ടാക്കുന്നത്,
നവകേരള ബസ്സിന്റെ വില വെറും ഒരു കോടി 5 ലക്ഷം. പെൻഷൻ കിട്ടാതെ, മരുന്നു വാങ്ങാൻ നിവൃത്തിയില്ലാതെ ലൈഫ് മിഷന്റെ വീട് പൂർത്തിയാക്കാൻ പണം കിട്ടാതെ,ലോൺ കിട്ടാതെ ആത്മഹത്യ ചെയ്ത ആളുകളുടെ വീട്ടിലും ഈ ഒരു കോടി 5 ലക്ഷത്തിന്റെ പല്ലക്കിൽ പിണറായി വന്നിറങ്ങുന്നത് നവകേരളം സാക്ഷിയാകും നന്മയുള്ള ലോകമേ കാണുക ഈ നവകേരളം എന്നീ കുറിപ്പുകൾക്കൊപ്പം ആണ് ഒരു ആഡംബര ബസിന്റെ ചിത്രം പ്രചരിക്കുന്നത്.
ഇത്തരമൊരു ആഡംബര വാഹനം നവ കേരള സദസുമായി ബന്ധപെട്ട് പുറത്തിറക്കിയതായ വാർത്തകൾ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല.
പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചറിയാൻ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് വഴി തിരഞ്ഞപ്പോൾ നിരവധി സമൂഹമാധ്യമ പേജുകളിൽ സമാനമായ ചിത്രം കണ്ടെത്തി. കൂടാതെ ചില ചിത്രങ്ങളിൽ @Inspiringdesignsnet എന്ന് വാട്ടർ മാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു. ആ സൂചനകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ ഇൻസ്പെയറിങ് ഡിസൈൻസ് എന്ന concept design പേജിൽ ഞങ്ങൾ ഈ ചിത്രം കണ്ടെത്തി.
വിവിധ കലാസൃഷ്ടികളുടെ ക്രിയാത്മക അവതരണമാണ് ഇവർ നടത്തുന്നത്. അത്തരത്തിൽ നിർമ്മിച്ച ഒരു ചിത്രമാണ് പ്രചരിക്കുന്ന പോസ്റ്റിനൊപ്പം ഉള്ളത്.
ഇത് സംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്നിരുന്നു. നവകേരള സദസ്സിനുള്ള ബസ് ആഡംബരമല്ലെന്നും ടോയ്‌ലറ്റ് അധികമായി ഉണ്ടെന്ന് മാത്രമാണുള്ളത് എന്നും ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു.
∙ വാസ്തവം
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിനുള്ള ആഡംബര ബസിന്റെ ചിത്രമല്ല വൈറൽ പോസ്റ്റിനൊപ്പമുള്ളത്. ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary:Viral post is not the picture of the luxury bus for the Nava Kerala Sadha organized by the state government