ADVERTISEMENT

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മൽസരം നടക്കുന്ന മണ്ഡലമാണ് വടകര. സിപിഎമ്മിന്റെ സ്ഥാനാർഥിയായി കെ.കെ. ശൈലജയും കോൺഗ്രസ് സ്ഥാനാർത്ഥിയായി ഷാഫി പറമ്പിലുമാണ് മൽസര രംഗത്തുള്ളത്. ഇതിനിടെ കെ.കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റേതെന്ന അവകാശവാദത്തോടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളുടെ വസ്തുത പരിശോധനക്കായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ഷാഫിയുടെ ഷോ വർക്ക് ഗംഭീരമാക്കുന്ന മാധ്യമങ്ങളോടാണ്, പതിനായിരക്കണക്കിന് സ്ത്രീകൾ അണിനിരന്ന സംഗമങ്ങൾ ശൈലജ ടീച്ചർക്ക് വേണ്ടി ഇടതുപക്ഷം നടത്തിയിട്ടുണ്ട് .നിങ്ങൾ കാണാതെ നടിച്ചാലും ഞങ്ങൾ അത് കാണിച്ചു കൊണ്ടേ ഇരിക്കും.വടകരയിലെ സ്ത്രീ സമൂഹം കെ കെ ശൈലജ ടീച്ചർക്ക് വേണ്ടി പ്രചരണത്തിൽ എന്ന കുറിപ്പുകൾക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം

ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ ഞങ്ങൾ പരിശോധിച്ചപ്പോൾ സിപിഎമ്മിന്റെ ഔദ്യോഗിക എക്‌സ് പേജില്‍ സമാന ചിത്രം ഞങ്ങൾക്ക് ലഭിച്ചു. 

AIDWA കേരള സംഘടിപ്പിച്ച ആദ്യ വനിതാദിന റാലിയുടെ ഉദ്ഘാടനത്തിനാണ് കേരളം ഇന്ന് കാസർകോട് സാക്ഷ്യം വഹിച്ചത്. ചടങ്ങിൽ സഖാവ് വൃന്ദ കാരാട്ട് പങ്കെടുത്തു, എഐഡബ്ല്യുഎ ദേശീയ പ്രസിഡന്റ് സഖാവ് പി.കെ.ശ്രീമതി സംസാരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് എം വി ബാലകൃഷ്ണനെ വേദിയിലേക്ക് സ്വാഗതം ചെയ്യുകയും കേരളത്തിൽ എൽ ഡി എഫ് ഉൾക്കൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധത ഊന്നിപ്പറയുകയും ആവേശകരമായ പ്രസംഗം നടത്തുകയും ചെയ്തു. ഡൽഹിയിൽ ബി.ജെ.പിയുടെ വർഗീയ, കോർപ്പറേറ്റ് സ്വാധീനത്തിനും കേരളത്തിൽ യു.ഡി.എഫിനും എതിരെ നിലകൊള്ളുമെന്ന് സംഗമം പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സുബൈദ, ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായ സുമതി എന്നിവരും സംസാരിച്ചു എന്നാണ് ചിത്രത്തിനൊപ്പമുള്ള വിവരണം.

കാസർകോട് ജില്ലയില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സംഗമ പരിപാടിയുടേതാണ് ആദ്യ ചിത്രമെന്ന് വ്യക്തമായി.

വൈറൽ പോസ്റ്റിലെ രണ്ടാമത്തെ ചിത്രവും തിരയലിൽ ഞങ്ങൾക്ക് ലഭിച്ചു. AIDWA കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹിളാ സംഗമം സ. ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു എന്ന കുറിപ്പിനൊപ്പം മാർച്ച് 8ന് AIDWA  ഫെയ്‌സ്ബുക്കിൽ പങ്ക്‌വച്ച പോസ്റ്റിൽ ഇതേ ചിത്രം ഉൾപ്പെട്ടിട്ടുണ്ട്. എംഎൽഎ മുകേഷും ചടങ്ങിൽ പങ്കാളിയായിരുന്നു. പോസ്റ്റ് കാണാം

സ്ഥിരീകരണത്തിനായി ചിത്രങ്ങൾ സംബന്ധിച്ച് ഞങ്ങൾ  AIDWAയിലെ ചില ഭാരവാഹികളുമായി സംസാരിച്ചു. വനിതാ ദിനത്തോടമുബന്ധിച്ച് കാസർകോട്, കൊല്ലം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച ചടങ്ങിൽ നിന്നുള്ളതാണ് ചിത്രങ്ങളെന്ന് അവരും സ്ഥിരീകരിച്ചു. ഷൈലജയുടെ തിരഞ്ഞെടുപ്പു പ്രചാരണ വേളയിലെ ചിത്രങ്ങള്‍ അവരുടെ തന്നെ ഫെയ്‌സ്ബുക്ക്  പേജിൽ ലഭ്യമാണ്. ചിത്രങ്ങളും വിഡിയോയും കാണാം 

ഇതിൽ നിന്ന് വടകരയില്‍ കെ.കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന വനിതകള്‍ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റാണെന്ന് വ്യക്തമായി.

∙ വാസ്തവം

വടകരയില്‍ കെ.കെ. ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന വനിതകള്‍  എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രങ്ങള്‍   അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാസർകോട്, കൊല്ലം ജില്ലകളില്‍ സംഘടിപ്പിച്ച രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ചുള്ള വനിതാ സംഗമത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്.

English Summary: Pictures circulating claiming to be women participating in KK Shailaja's election campaign in Vadakara are fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com