ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ  ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന് 

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സ്ഥാനാർഥികൾ വീട് വീടാന്തരം കയറി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. വോട്ടർമാരെ വീടുകളിലെത്തി നേരിൽ കണ്ടാണ് പലരുടെയും അഭ്യർത്ഥന. ഇത്തരത്തിൽ വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ജയരാജനെ നാട്ടുകാർ തടഞ്ഞുവെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

എം.വി.ജയരാജന്‍, പി.ശശി തുടങ്ങിയ നേതാക്കള്‍ ഒരു കെട്ടിടത്തിനു മുന്നില്‍ നിന്ന് കയര്‍ത്തു സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. പൊലീസും മാധ്യമ പ്രവര്‍ത്തകരുമെല്ലാം സ്ഥലത്തുണ്ട്. 

"കണ്ണൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയരാജന്‍ വോട്ട് ചോദിച്ചു കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് പള്ളിയില്‍ ചെന്നപ്പോള്‍ ബിജെപിയുടെ സഹായത്തോടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മുസ്‌ലിം ന്യൂനപക്ഷങ്ങളായ ഞങ്ങള്‍ വോട്ട് ചെയ്യത്തില്ലഎന്ന് പറഞ്ഞപ്പോള്‍ ജയരാജനും കൂടെയുള്ള ഗുണ്ടകളും പള്ളിയില്‍ നിസ്‌കരിക്കാന്‍ വന്നവരെ പള്ളിയില്‍ കയറി വന്നു തെരുവ് ഗുണ്ടകളെപോലെ തെറി വിളിക്കുന്നു. ഇങ്ങനെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം എങ്ങനെ വോട്ട് ചെയ്യും? " എന്നുള്ള പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

jayan

എന്നാല്‍, പ്രചാരത്തിലുള്ള പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തില്‍ കണ്ടെത്തി. 2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ പഞ്ചായത്തിലെ നിലാമുറ്റത്ത് നടന്ന വാക്കേറ്റമാണ് ദൃശ്യങ്ങളിലുള്ളത്.പോസ്റ്റിന്റെ ആര്‍ക്കൈവ് ചെയ്ത ലിങ്ക്

∙ അന്വേഷണം

പ്രചാരത്തിലുള്ള വിഡിയോയ്ക്ക് വ്യക്തത കുറവാണ്. 2.29 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു മസ്ജിദിന്റെ ഗേറ്റിനു വെളിയില്‍ നിന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമാകുന്നുണ്ട്. "അയാള്‍ അകത്തോട്ടാണ് പോയത്, അയാളെ ഇറക്കിവിട്" എന്നിങ്ങനെയുള്ള സംഭാഷണം അവ്യക്തമായി കേള്‍ക്കാം. വൈറല്‍ വിഡിയോയുടെ കീഫ്രെയ്മുകള്‍ ഞങ്ങള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന ഒരു യുട്യൂബ് വിഡിയോ  ലഭ്യമായി. 

'M.v jayarajan and P.sasi performance in irikkoor nilamuttam after panchayath election ' എന്നുള്ള തലക്കെട്ടില്‍ 2010 നവംബര്‍ രണ്ടിനാണ് ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്. വിഡിയോയുടെ പൂര്‍ണ്ണരൂപം താഴെ കാണാം.‌‌

യുട്യൂബ് വിഡിയോയിലെ വിവരണം പോലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ നിലാമുറ്റത്ത് സംഘര്‍ഷം നടന്നിരുന്നോ എന്നും ഞങ്ങള്‍ പരിശോധിച്ചു. ഇരിക്കൂര്‍ പഞ്ചായത്തംഗം സി.രാജീവനെ ബന്ധപ്പെട്ടപ്പോള്‍ പ്രചാരത്തിലുള്ള വിഡിയോ 2010ലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണെന്ന് ഉറപ്പിക്കാനായി. അന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ സിപിഎം പ്രദേശിക നേതാവ് എം ബാബുരാജിന്റെ കോണ്‍ടാക്ട് നമ്പരും പഞ്ചായത്തംഗം നല്‍കി.

2010ല്‍ സിപിഎമ്മിന്റെ ഇരിക്കൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന എം.ബാബുരാജുമായും ഞങ്ങള്‍ സംസാരിച്ചു. "2010ലെ ഇലക്ഷന്‍ സമയത്ത് ഇരിക്കൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും യുഡിഎഫ്, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പോളിങ് ബൂത്തുകള്‍ കൈയ്യേറിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി അക്രമ സംഭവങ്ങളുണ്ടായി. അങ്ങനൊയൊരു ആക്രമണത്തില്‍ പരിക്കേറ്റ് ഞാന്‍ എകെജി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പത്താംവാര്‍ഡായ നിലാമുറ്റത്ത് റീപോളിംഗ് പ്രഖ്യാപിച്ചപ്പോഴാണ് വിഡിയോയില്‍ കാണുന്ന സംഭവമുണ്ടായത്. എം.വി.ജയരാജന്‍, പി.ശശി, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം നിലാമുറ്റത്ത് എത്തിയിരുന്നു. ഈ സമയത്താണ് എല്‍ഡിഎഫ് സംഘത്തിനു നേരെ കല്ലെറിഞ്ഞ ശേഷം ഒരാള്‍ നിലാമുറ്റം മസ്ജിദിലേക്ക് ഓടിക്കയറിയത്. അയാളെ പിടിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുന്ന രംഗമാണിത്. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മുസ്‌ലിം ലീഗ്-യുഡിഎഫ് പ്രാദേശിക നേതാക്കളുമായി വാക്കേറ്റവുമുണ്ടായി. 'സിപിഎം പള്ളി ആക്രമിച്ചു' എന്ന രീതിയില്‍ ചിലര്‍ ഈ വിഡിയോ അന്നും പ്രചരിപ്പിച്ചിരുന്നു. പള്ളിയിലെ ഇമാം, പള്ളിക്കമ്മറ്റി അംഗങ്ങള്‍ എന്നിങ്ങനെ അധികൃതര്‍ ആരും തന്നെ ഈ വാക്കേറ്റത്തില്‍ ഉണ്ടായിരുന്നില്ല. സംഘര്‍ഷം ഒഴിവാക്കുന്നതിന് പൊലീസ് പ്രവേശന കവാടം അടച്ചിരുന്നു എന്നത് യാഥാര്‍ഥ്യമാണ്. അന്ന് സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്കെതിരെ പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു, " എം.ബാബുരാജ് ഇന്ത്യാ ടുഡേയോട് പറഞ്ഞു.

നിലാമുറ്റം സ്വദേശിയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ കെ.ടി.നസീറിനെയും ഞങ്ങള്‍ ബന്ധപ്പെട്ടു. 2010ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇലക്ഷനുമായി ബന്ധപ്പെട്ട് ഇരിട്ടി പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ സംഘര്‍ഷം നടന്നതായി അദ്ദേഹവും സ്ഥിരീകരിച്ചു. "അന്ന് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. വൈറല്‍ വിഡിയോ അതുമായി ബന്ധപ്പെട്ടതാണ്. പോളിങ് ബൂത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ ക്ഷുഭിതരായിരുന്നു. ഇതാണ് വഴക്കിലേക്ക് നയിച്ചത്. പള്ളിയില്‍ നിന്ന് ആരെയും തടഞ്ഞിരുന്നില്ല. സംഘര്‍ഷം ഒഴിവാക്കാനാണ് ഗേറ്റ് പൂട്ടിയത്. പിന്നീട് പ്രശ്‌നങ്ങള്‍ ഒക്കെ ഒത്തുതീര്‍പ്പായിരുന്നു."  കെ.ടി.നസീര്‍ പറഞ്ഞു.

2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായതായും നാലിടത്ത് റീപോളിംഗ് നടന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് റീപോളിംഗിന് ഇലക്ഷന്‍ കമ്മിഷന്‍ ഉത്തരവിട്ടത്. 2010 ഒക്ടോബര്‍ നാല് മുതല്‍ 23 വരെയാണ് അന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വോട്ടു ചോദിക്കാന്‍ കണ്ണൂര്‍ മസ്ജിദില്‍ എത്തിയ എം.വി.ജയരാജന്‍ അപമാനിതനായെന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോ 2010ല്‍ ഇരിക്കൂറില്‍ നടന്ന മറ്റൊരു സംഭവത്തിന്റേതാണെന്ന് വ്യക്തം.

∙വസ്തുത

വോട്ടു ചോദിക്കാന്‍ കണ്ണൂര്‍ മസ്ജിദില്‍ എത്തിയ എം.വി. ജയരാജന്‍ അപമാനിതനാകുന്ന ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ 2010ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂര്‍ പഞ്ചായത്തില്‍ നടന്ന സംഭവത്തിന്റേതാണ്. ഇതിന് ജയരാജന്റെ ഇപ്പോഴത്തെ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രചാരണവുമായി ബന്ധമില്ല.

English Summary: The video circulating with the claim of M.V.Jayarajan being humiliated is of an incident in Irakur panchayat related to the local government elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com