നടരാജ് ഉൾപ്പെടെയുള്ള പെന്‍സില്‍ കമ്പനികളില്‍ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്നു ലക്ഷങ്ങള്‍ നേടാമെന്ന പരസ്യം സമൂഹമാധ്യമങ്ങളില്‍ കാലങ്ങളായി പ്രചരിക്കുന്നവയാണ്. വിശ്വാസയോഗ്യമെന്ന് മലയാളികളടക്കമുള്ളവർ കരുതുന്ന പല തൊഴിൽ സൈറ്റുകളിലേക്കും വ്യാജന്മാർ വീണ്ടും കൂടുമാറുന്ന സാഹചര്യവുമുണ്ട്. ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളില്‍ വിളിക്കേണ്ട മൊബൈല്‍ നമ്പര്‍ വരെ നൽകിയാണ് ഈ സൈറ്റുകളിലടക്കമുള്ള തട്ടിപ്പ്. പരസ്യങ്ങളുടെ യാഥാർത്ഥ്യമറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ അന്വേഷണം.

അന്വേഷണം
കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, സോഷ്യൽ മീഡിയയിൽ ഈ പെൻസിൽ പാക്കിങ് ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് ‘നടരാജ് പെൻസിലുകൾ’ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ഞങ്ങൾ കണ്ടെത്തി. വിഡിയോയിൽ നടരാജ് പെൻസിലുകൾ ഈ പോസ്റ്റുകൾ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും കമ്പനിയുടെ പേരിൽ പെൻസിൽ പാക്കിങ്ങ് ജോലികൾ വാഗ്ദാനം ചെയ്യുന്ന ഇത്തരം വ്യാജ പോസ്റ്റുകൾക്കോ വെബ്‌സൈറ്റുകൾക്കോ ഇരയാകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പോസ്റ്റുകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ച നടരാജ് പെൻസിൽ, കമ്പനിയിലെ പെൻസിൽ പാക്കേജിങ്ങ് പ്രക്രിയ യന്ത്രങ്ങളുടെ സഹായത്തോടെ പൂർണ്ണമായും യന്ത്രവൽകൃതമാണെന്നും ഉൽപ്പന്നങ്ങളുടെ പാക്കേജിങ് പ്രക്രിയയിൽ മനുഷ്യരുടെ നേരിട്ടുള്ള ഇടപെടലുകളില്ലെന്നും വ്യക്തമാക്കുന്നുണ്ട്. എല്ലാ റിക്രൂട്ട്‌മെന്റ് വിവരങ്ങളും നടരാജ്, അപ്‌സര പെൻസിലുകളുടെ നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിലാണ് നൽകുന്നതെന്ന് നടരാജ് പെൻസിൽ വ്യക്തമാക്കുന്നുണ്ട്.
നടരാജ് പെൻസിൽസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ് അത്തരം പെൻസിൽ പാക്കിങ്ങ് ജോലികൾ വീട്ടിലിരുന്ന് നൽകുന്നില്ലെന്നും വ്യക്തികളിൽ നിന്ന് പേയ്‌മെന്റ്/ക്യാഷ് ഡെപ്പോസിറ്റ് മുൻകൂട്ടി ശേഖരിക്കാൻ കമ്പനി ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. പാൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, സിവിവി നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, എടിഎം പിൻ നമ്പർ, ഒടിപി അല്ലെങ്കിൽ മറ്റേതെങ്കിലും വിശദാംശങ്ങളോ നിങ്ങളുടെ സ്വകാര്യ വിവരങ്ങളോ രേഖകളോ പങ്കിടരുതെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു. അത്തരം ജോലികൾ നൽകുന്നതിന് കമ്പനി തുക ആവശ്യപ്പെടുകയോ ആരിൽ നിന്നും വിശദാംശങ്ങളോ മറ്റ് രേഖകളോ ചോദിക്കുന്നില്ല. സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന അത്തരം പരസ്യങ്ങളെല്ലാം വ്യാജമാണ്. ദയവായി ഈ വ്യാജ ജോലി അറിയിപ്പുകൾ സൂക്ഷിക്കുക, ഇത്തരം തട്ടിപ്പുകളിൽ വീഴരുത്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ feedback@hindustanpencils.com ൽ റിപ്പോർട്ട് ചെയ്യുക എന്നാണ് ഈ ഒൗദ്യോഗിക അറിയിപ്പിൽ പറയുന്നത്.
പെൻസിൽ പാക്കിങ്ങ് ജോലികളുടെ തട്ടിപ്പ് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ മുൻപും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പൊലീസും ഈ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും തട്ടിപ്പുകാർ നിർലോഭം സമൂഹ മാധ്യമങ്ങളിൽ വിലസുകയാണ്.
വസ്തുത
നടരാജ് കമ്പനിയുടേതടക്കം പെൻസിൽ പാക്കിങ് ജോലികൾ വാഗ്ദാനം ചെയ്തു സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങൾ വ്യാജമാണ്.
English Summary: Pencil Packing Part Time Job Offers - Fact Check