കർണാടകയിലെ ഒരു കോൺവെന്റ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ സാമൂഹ്യ ശാസ്ത്രം ചോദ്യപേപ്പറിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോദ്യ പേപ്പറിലെ ചോദ്യങ്ങൾ മുസ്‌ലിംകളുമായും മറ്റ് സമുദായങ്ങളുമായും ബന്ധപ്പെട്ടവയാണ്, ഇത് സ്കൂൾ മാനേജ്‌മെന്റിന്റെ ഹിന്ദുമത പക്ഷപാതത്തെ സൂചിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണങ്ങൾ. വാർത്തയുടെ വസ്തുതയറിയാൻ മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം നടത്തിയ പരിശോധന

അന്വേഷണം
വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള ആശങ്ക ഉയർത്തി ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് ജൂണിൽ നടത്തിയ പ്രതിമാസ പരീക്ഷയുടെ സാമൂഹ്യ ശാസ്ത്രം ചോദ്യപേപ്പറിൽ ക്രിസ്തുമതം, ഇസ്‍ലാം എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങൾ മാത്രമാണുള്ളതെന്നും ഹിന്ദുമതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും ഇല്ലെന്നുമുള്ള അടിക്കുറിപ്പോടെ പ്രദർശിപ്പിച്ച ഒരു പോസ്റ്റാണ് വൈറലായത്.നിരവധിയാളുകൾ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്തു. പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ചുള്ള തിരയൽ പ്രാദേശിക മാധ്യമമായ ഡെയ്ജി വേൾഡിന്റെ
ഒരു വാർത്താ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. ലഭിച്ച വിവരങ്ങളിൽ നിന്ന് കർണ്ണാടകയിലെ എസ്എംഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ചോദ്യ പേപ്പറാണ് പ്രചരിക്കുന്നതെന്ന് വ്യക്തമായി.
ചോദ്യപേപ്പറിന്റെ ചിത്രം വൈറലായതോടെ എസ്എംഎസ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ മാനേജ്‌മെന്റ് 2023 ജുലൈ 13-ന് പൊതുജനങ്ങളോടും അവരുടെ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളോടും വിഷയം വ്യക്തമാക്കാൻ സംഘടിപ്പിച്ച പത്രസമ്മേളനമാണ് വാർത്തയ്ക്കാധാരം.
'ലോകത്തിലെ പ്രധാന സംഭവവികാസങ്ങൾ', 'ആധുനിക യുഗം-നവോത്ഥാനത്തിന്റെ ആരംഭം' എന്നീ വിഷയങ്ങളാണ് ആദ്യ മാസത്തെ പാഠങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് എസ്എംഎസ് ഇംഗ്ലിഷ് മീഡിയം സിബിഎസ്ഇ സ്‌കൂൾ പ്രിൻസിപ്പൽ അഭിലാഷ വ്യക്തമാക്കിയിട്ടുണ്ട്. യൂണിറ്റ് ടെസ്റ്റിൽ ഈ അധ്യായവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ചോദിച്ചത്. ക്രിസ്തുമതം, ഇസ്‍ലാം, കുരിശുയുദ്ധങ്ങൾ, മംഗോളിയക്കാർ, നവോത്ഥാനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചോദ്യങ്ങൾ സിലബസ് നിർദ്ദേശിച്ചിട്ടുള്ള ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടവ മാത്രമാണ്. ദുരുദ്ദേശ്യമില്ലാതെയാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്. പ്രിൻസിപ്പൽ വ്യക്തമാക്കി.
കൂടാതെ, ഞങ്ങൾ സ്കൂൾ മാനേജ്മെന്റുമായി ബന്ധപ്പെട്ടു. സ്കൂൾ പ്രസിഡന്റ് ഫാ.എം.സി മത്തായിയുമായി സംസാരിച്ചപ്പോൾ 1916-ൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനം, കർണാടക സ്റ്റേറ്റ് ബോർഡ് നിർദ്ദേശിക്കുന്ന സിലബസ് പാലിച്ച് വരുന്നതാണെന്ന് വ്യക്തമായി. സ്വാഭാവികമായും "ലോകത്തിന്റെ പ്രധാന വികസനം", "ആധുനിക യുഗത്തിന്റെ തുടക്കം - നവോത്ഥാനം" എന്നീ അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം, ഇസ്‍ലാം, കുരിശുയുദ്ധങ്ങൾ, തുർക്കികൾ, നവോത്ഥാനം എന്നിവയെ ചുറ്റിപ്പറ്റിയുള്ളവയായിരുന്നു പരീക്ഷയിലെ ചോദ്യങ്ങൾ. സ്‌കൂൾ ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരെ പക്ഷപാതം കാണിക്കുന്നില്ലെന്നും വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. രണ്ട് മാസത്തിലൊരിക്കൽ നടത്തിയ യൂണിറ്റ് ടെസ്റ്റാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ അധികൃതർ ഞങ്ങൾക്ക് ലഭ്യമാക്കിയ പാഠഭാഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പരിശോധിച്ചപ്പോൾ ക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിലെ ഭാഗങ്ങൾ സ്‌കൂൾ മാനേജ്‌മെന്റ് പ്രസ് മീറ്റിംഗിൽ പറഞ്ഞ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഞങ്ങൾ കണ്ടെത്തി. പാഠഭാഗത്തിന്റെ പ്രസക്തഭാഗങ്ങൾ കാണാം

വസ്തുത
ക്രിസ്തുമതം, ഇസ്‍ലാം മതം, കുരിശുയുദ്ധങ്ങൾ, മംഗോളിയൻമാർ, നവോത്ഥാനം എന്നിവയെ കുറിച്ചുള്ള വിഷയങ്ങളാണ് ആദ്യ മാസത്തെ പാഠങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. ആദ്യ പാഠങ്ങളാണ് ഏഴാം ക്ലാസ് വിദ്യാർഥികൾക്കുള്ള യൂണിറ്റ് ടെസ്റ്റിൽ ഉൾപ്പെടുത്തിയത്. അതിനാൽ തന്നെ സാമുദായിക പക്ഷപാതവുമായി ചോദ്യ പേപ്പറിന് യാതൊരു ബന്ധവുമില്ല. പോസ്റ്റിലെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
English Summary :religious bias through question paper in karnataka school-Fact Check