ADVERTISEMENT

മണിപ്പുർ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇതിനിടെ വാട്സാപ്പിലും മറ്റും വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിൽ സുപ്രീംകോടതി ഒരു അടിയന്തര വിധി പുറപ്പെടുവിച്ചതായും ക്രൈസ്തവരെ മതത്തിന്റെ പേരിൽ അക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ പത്തു വർഷം തടവ് നേരിടേണ്ടി വരുമെന്നും പറയുന്നു. ഈ പോസ്റ്റിന്റെ സത്യമറിയാം.

 

∙ അന്വേഷണം

 

മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് ഹെൽപ് ലൈൻ നമ്പരിലാണ് പോസ്റ്റിന്റെ സ്ഥിരീകരണത്തിനായി സന്ദേശം ലഭിച്ചത്. പ്രചരിക്കുന്ന സന്ദേശം പരിശോധിച്ചപ്പോൾ ക്രിസ്ത്യൻ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ (യുസിഎഫ്) 18002084545 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പമാണ് സന്ദേശം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നതെന്നത് വ്യക്തമായി. 

 

വാട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: സുപ്രീം കോടതി അടിയന്തര വിധി പുറപ്പെടുവിച്ചു.ആരെങ്കിലും മതത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ പത്ത് വർഷം തടവ്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. മതത്തിന്റെ പേരിൽ ക്രിസ്ത്യാനികളെ അടിച്ചമർത്താനോ ഒതുക്കാനോ ആർക്കും അവകാശമില്ല. ദയവുചെയ്ത് എല്ലാ ക്രിസ്ത്യൻ സഹോദരീസഹോദരന്മാരെയും അറിയിക്കുക. രാജ്യത്തെ ക്രിസ്ത്യാനികൾക്കായി ‘‘യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം’’ ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ ഇന്ന് ആരംഭിച്ചു, ദയവായി ഇത് കഴിയുന്നത്ര ക്രിസ്ത്യൻ ആളുകൾക്കും പാസ്റ്റർമാർക്കും കൈമാറുക. നമ്പർ: 18002084545. പള്ളി, പ്രാർത്ഥനാ യോഗങ്ങൾ, കൺവെൻഷൻ എന്നിവയ്ക്ക് നേരെ എന്തെങ്കിലും ആക്രമണമുണ്ടായാൽ ബന്ധപ്പെടേണ്ട നമ്പറാണിത്. ‘‘യുണൈറ്റഡ് ക്രിസ്ത്യൻ ഫോറവുമായി’’ ബന്ധമുള്ള ഒരു കൂട്ടം ക്രിസ്ത്യൻ അഭിഭാഷകരും സ്വാധീനമുള്ള ആളുകളും ഉടനടി സഹായത്തിനായി മുന്നോട്ട് വരും. വിലപ്പെട്ട വിവരങ്ങൾ ദയവായി കൈമാറുക. ആമേൻ.

 

പ്രചരിക്കുന്ന സന്ദേശത്തിന്റെ സാധുത സംബന്ധിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ സന്ദേശത്തിൽ പരാമർശിച്ച സുപ്രീം കോടതി വിധി തെറ്റാണെന്ന് നിയമ വിദഗ്‍ധൻ വ്യക്തമാക്കി. ഇത്തരമൊരു വിധി സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ല.

 

എന്നാൽ യുസിഎഫ് ഹെൽപ്പ് ലൈനിനെക്കുറിച്ചുള്ള സന്ദേശത്തിന്റെ രണ്ടാം ഭാഗം ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യു‌സി‌എഫ് 2015 ജനുവരിയിൽ ഒരു ഹെൽപ് ലൈൻ ആരംഭിച്ചിരുന്നു. ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ നേരിടുന്നതിനും ഇരകൾക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുമായിട്ടാണ് ഈ ദേശീയ ഹെൽപ് ലൈൻ ആരംഭിച്ചത്. ഇതേ നമ്പർ തന്നെയാണ് സന്ദേശത്തിലും നൽകിയിരിക്കുന്നത്.

 

ഞങ്ങൾ ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അതിക്രമങ്ങൾക്കിരയാകുന്ന ക്രിസ്ത്യാനികളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുന്നതിനുള്ള ഹെൽപ്പ് ലൈനാണിതെന്ന് സ്ഥിരീകരിച്ചു. അക്രമങ്ങൾ നേരിടുമ്പോൾ ക്രിസ്ത്യൻ സമൂഹത്തിന് നിയമപരമായ സഹായങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെ 2015 ജനുവരിയിലാണ് യുസിഎഫ് ഔദ്യോഗികമായി ആരംഭിച്ചത്. കൂടുതൽ സ്ഥിരീകരണത്തിനായി ഞങ്ങൾ യുസിഎഫ് സംഘടനയുടെ വക്താവുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ സുപ്രീം കോടതി വിധിയെക്കുറിച്ച് ചിലർ പ്രചരിപ്പിക്കുന്ന സന്ദേശത്തിന്റെ ആദ്യഭാഗം തെറ്റാണെന്നതും അവർ സ്ഥിരീകരിച്ചു.

 

ഐപിസി  295, 295A,153A എന്നിവയാണ് മതവിഭാഗങ്ങൾക്കെതിരായ ആക്രമണം കൈകാര്യം ചെയ്യുന്ന വകുപ്പുകൾ, യഥാക്രമം 2 വർഷം, 3 വർഷം, 5 വർഷം തടവ് ലഭിക്കാവുന്നവയാണ് ഈ വകുപ്പുകൾ.

 

∙ വസ്തുത

 

സന്ദേശത്തിൽ പ്രചരിക്കുന്ന തരത്തിൽ സുപ്രീം കോടതി  വിധി പുറപ്പെടുവിച്ചിട്ടില്ല. തെറ്റായ വിവരമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.

 

English Summary: SC Ordered 10 Years in Jail for Attack on Christians? | Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com