ADVERTISEMENT

ആലുവയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് വാർത്തകൾക്കൊപ്പം പോക്സോ നിയമം സംബന്ധിച്ച ചർ‌ച്ചകളും വീണ്ടും സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണ്. കുട്ടികളെ പീഡനത്തിനിരയാക്കിയാൽ വധശിക്ഷ വിധിച്ചു കൊണ്ടുള്ള പോക്സോ നിയമ ഭേദഗതിയിൽ രാഷ്ട്രപതി പുതുതായി ഒപ്പുവച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്നു എന്ന തരത്തിലുള്ള പോസ്റ്റുകളും ഈ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണത്തിനു പിന്നിലെ വാസ്തവമറിയാം. 

∙ അന്വേഷണം

'പീഡന വീരന്മാർക്ക് മുന്നറിയിപ്പ്' എന്ന തലക്കെട്ടോടെയാണ്, വിവിധ ഗ്രൂപ്പുകളിൽ പോക്സോ നിയമ ഭേദഗതിയിൽ രാഷ്ട്രപതി ഒപ്പു വച്ചതായുളള പ്രചരണങ്ങൾ നടക്കുന്നത്. കീവേഡുകൾ ഉപയോഗിച്ചുള്ള തിരയലിൽ ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി.

പുതിയതായി തിരക്കിട്ട് നടപ്പാക്കിയ നിയമം എന്ന രീതിയിലാണ് ഈ പ്രചാരണം നടക്കുന്നത്. അതേസമയം മുൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്‌ പ്രചരിക്കുന്നത്. അതിൽ നിന്ന് തന്നെ അദ്ദേഹം രാഷ്ട്രപതിയായിരുന്ന കാലത്ത് പ്രാബല്യത്തിൽ വന്ന നിയമ ഭേദഗതിയാണിതെന്ന് വ്യക്തമാണ്.

ഉന്നാവോ ബലാത്സംഗക്കേസിനൊപ്പം കത്വയിലെ ആസിഫയുടെ ക്രൂരമായ കൂട്ടബലാത്സംഗവും കൊലപാതകവുമാണ് അന്ന് ഈ പ്രത്യേക നിയമനിർമാണത്തിന് വഴിയൊരുക്കിയത്. ഇതിന്റെ തുടർച്ചയായി, ക്രിമിനൽ നിയമം (ഭേദഗതി) 2018 ൽ നിലവിൽ വന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർക്ക് വധശിക്ഷയും പോക്‌സോ നിയമത്തിൽ ഭേദഗതിയും നൽകുന്ന ബിൽ 2019-ൽ രാജ്യസഭയും പാസാക്കി.

ലഭ്യമായ റിപ്പോർട്ടുകളിൽ 12 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷ നൽകുന്നതിന് വഴിയൊരുക്കുന്ന ക്രിമിനൽ നിയമ ഭേദഗതി ഓർഡിനൻസ് രാഷ്ട്രപതി റാം നാഥ് കോവിന്ദ് 2018 ഏപ്രിൽ 22 ഞായറാഴ്ച പുറത്തിറക്കിയതായി വ്യക്തമാക്കുന്നു.

കത്വയിലും സൂറത്തിലും പ്രായപൂർത്തിയാകാത്തവരെ  പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസുകളിലും ഉന്നാവോയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലും വലിയ തോതിൽ ജനരോഷം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവർക്കെതിരെയുള്ള നിയമം കർശനമാക്കുന്നതിന് കേന്ദ്രമന്ത്രിസഭ നിലപാടെടുത്തത്. ഇതോടെ ഇതുസംബന്ധിച്ച ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകുകയായിരുന്നു. ഇത് സംബന്ധിച്ച മനോരമ ഒാൺലൈന്‍ നൽകിയ വാർത്ത കാണാം. 

∙ വസ്തുത

ലഭ്യമായ വിവരങ്ങളിൽ നിന്ന് കുട്ടികളെ പീഡനത്തിനിരയാക്കിയാൽ വധശിക്ഷ വിധിക്കുന്ന പോക്സോ നിയമ ഭേദഗതിയിൽ രാഷ്ട്രപതി 2018ൽ തന്നെ ഒപ്പുവച്ചിരുന്നു. ഈയിടെ നടപ്പാക്കിയ നിയമ ഭേദഗതി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധാരണാജനകമാണ്.

English Summary : President Approves Controversial POCSO Law on Child Abuse Cases - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com