ADVERTISEMENT

നിന്ന നില്‍പ്പില്‍ പെട്ടെന്നാണ് ആളങ്ങ് മരിച്ചത് എന്നൊക്കെ ചില നാട്ടിൻപുറം ശൈലിയിൽ ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ? അതു പോലെ മരിച്ചയാളുടെ അവസാന നിമിഷങ്ങൾ എന്ന പേരിൽ ഒരു വ‌ിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാം.

അന്വേഷണം

ലോകത്തിലെ ഏറ്റവും വിചിത്രമായ മരണം, മാര്‍ക്കറ്റില്‍ നില്‍ക്കുന്ന ഒരു മനുഷ്യന്‍ നിലത്തു വീഴാതെയും ഷോപ്പിംഗ് ബാഗ് ഉപേക്ഷിക്കാതെയും മരിച്ചു എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം. അനങ്ങുക പോലും ചെയ്യാതെ നിശ്ചലനായി നിൽക്കുന്ന ഒരാളാണ് വിഡിയോയിലുള്ളത്. ചുറ്റും ആളുകൾ‌ കൂടി നിൽക്കുന്നതും ഇതേ അവസ്ഥയിൽ കുറച്ചു പേർ ചേർന്ന് ഇയാളെ സ്ട്രെച്ചറിൽ കിടത്തി കൊണ്ടു പോകുന്നതുമാണ് വിഡിയോയിലുള്ളത്.

വിവിധ പേജുകളിൽ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.വിഡിയോയുടെ കീഫ്രെയിം  ഉപയോഗിച്ച് പരിശോധിച്ചപ്പോൾ 2015 ഏപ്രിൽ 28ന്  തെങ്കിരി ന്യൂസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചു.

 

ലഭ്യമായ വിവരങ്ങളനുസരിച്ച് കസാക്കിസ്ഥാനിലെ ഷെറ്റിസു മേഖലയുടെ തലസ്ഥാനമായ ടാൽഡികോർഗനിലെ ഒരു ഷോപ്പിംഗ് മാളിൽ നടന്ന സംഭവമാണിത്. ഒരു മനുഷ്യൻ അവിടെ നിന്ന നില്‍പ്പില്‍  മരവിച്ചു പോയി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചുറ്റുപാടുമുള്ളവരോട് പ്രതികരിക്കാതെ നിശ്ചലനായി നിൽക്കുന്നയാളെയാണ് വിഡിയോയിൽ കാണുന്നത്. പിന്നീട് ആംബുലൻസിൽ അൽമാട്ടി ഒബ്‌ലാസ്റ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2015 ഏപ്രിൽ 19 ന് ടാൽഡികോർഗനിലാണ് സംഭവം നടന്നതെന്ന ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണവും റിപ്പോർട്ടിലുണ്ട്. 

 

അൽമാട്ടി മേഖലയിലെ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മേധാവി സൗലെ കുസ്മോൾഡനോവ് തെങ്കിരി മാധ്യമത്തിന് നൽകിയ വിവരങ്ങളനുസരിച്ച് അയാൾ മദ്യ ലഹരിയിലായിരുന്നു. ദീർഘകാലത്തെ മദ്യപാനത്തിന്റെ ഫലമായാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകുന്നത്.  കാറ്റലപ്‌സി എന്ന അപൂര്‍വ രോഗാവസ്ഥയാണിതെന്ന് റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. സ്വസ്തമായി ഇരിക്കുന്ന അവസ്ഥയിലാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ശരീരത്തിലുള്ള ലഹരി നീക്കം ചെയ്താല്‍ പൂർവ്വസ്ഥിതിയാകും. നടന്നു പോകുമ്പോഴുണ്ടായ സംഭവം അപൂര്‍വ്വമാണ്. അമിത ലഹരി ഉപയോഗം മൂലം നീണ്ട സമയത്തേയ്ക്ക് ഇവർ അബോധാവസ്ഥയിലായതു പോലെയാകും .അദ്ദേഹം വ്യക്തമാക്കുന്നു.

ആശുപത്രിയിലെ ചികിത്സ  അദ്ദേഹത്തെ സാധാരണ നിലയിലാക്കി. ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭിച്ച ശേഷം അന്നുതന്നെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി എന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവത്തിന്റെ മറ്റ് റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭ്യമായി. 

ഇത്തരമൊരവസ്ഥയ്ക്ക് കാറ്റലപ്‌സി രോഗം കാരണമാകുമോ എന്ന പരിശോധനയിൽ പേശികള്‍ കഠിനമാവുകയും ചലപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഒരു ശാരീരിക അവസ്ഥയാണിതെന്നും അമിത മദ്യപാനവും ലഹരി മരുന്നുകളുടെ ഉപയോഗവും ഈ അവസ്ഥയ്ക്ക് കാരണമാകാമെന്നും കണ്ടെത്തി. വിഡിയോയിലുള്ള വ്യക്തി മദ്യ ലഹരിയിലായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. 

വസ്തുത

ഷോപ്പിങ് മാളില്‍ നില്‍ക്കുന്ന അവസ്ഥയില്‍ മരണപ്പെട്ടയാൾ എന്ന തരത്തിൽ പ്രചരിക്കുന്ന വിഡിയോ തെറ്റാണ്.അമിത മദ്യപാനം മൂലമുള്ള രോഗാവസ്ഥയില്‍ അനങ്ങാന്‍ സാധിക്കാതിരുന്ന ഈ വ്യക്തി മരണപ്പെട്ടിട്ടില്ല.

 

English Summary : Viral Video Exposes the Last Moments of a Deceased Person

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com