സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു എല്ലാവർക്കും 30 ജിബി ഡേറ്റ; ഇതു വിശ്വസിക്കരുതേ | Fact Check
Mail This Article
രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ ദിനമാഘോഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിലേത് പോലെ ഇത്തവണയും നിരവധി പ്രചാരണങ്ങളാൽ നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങൾ. ഏത് നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്കും 30 ജിബി ഡാറ്റ ലഭിക്കും– ഈ സന്ദേശം മെസേജ് ആപ്പുകളിൽ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയാണ്. ആസാദി ഓഫറിന്റെ ഭാഗമായി 30 ജിബി ഡാറ്റ സൗജന്യമായി നൽകുന്നുണ്ടെന്നാണ് അവകാശവാദം. ഈ പ്രചാരണത്തിന്റെ യാഥാർത്ഥ്യം മനോരമ ഒാൺലൈൻ ഫാക്ട് ചെക്ക് വിഭാഗം അന്വേഷിക്കുന്നു.
∙ അന്വേഷണം
പ്രചാരണത്തിന്റെ വാസ്തവമറിയാൻ കീവേഡുകളുപയോഗിച്ച് ഞങ്ങൾ നടത്തിയ പരിശോധനയിൽ മുൻ വർഷങ്ങളിലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇത്തരം പ്രചാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നതായി കണ്ടെത്തി. എയർടെൽ, ജിയോ, ബിഎസ്എൻഎൽ തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ വെബ്സൈറ്റിലേക്കു എന്ന രീതിയിൽ വ്യാജ ലിങ്കുകളും നൽകിയാണ് സന്ദേശം പ്രചരിക്കുന്നത്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഒരു വെബ്സൈറ്റിലേക്കാണെത്തുന്നത്. വെബ്സൈറ്റ് പേജിൽത്തന്നെ ഈ സൗജന്യ ഡേറ്റ ലഭിച്ചതായി നിരവധി ആളുകളുടെ വ്യാജ കമന്റ് വിവരങ്ങളും ചേർത്തിട്ടുണ്ട്. ഇക്കാരണത്താൽ പേജിലെത്തുന്നവർ ഈ വാഗ്ദാനം വിശ്വസിക്കാനിടയുണ്ട്. അതിന് ശേഷം ഈ വിവരങ്ങൾ 5 പേർക്കു ഷെയർ ചെയ്താൽ സമ്മാനങ്ങളുണ്ടെന്ന വാഗ്ദാനവും. ഈ കെണിയിൽ വീണവർ നിരവധിയാണ്.
യാഥാർഥ്യം എന്താണ്?
സന്ദേശത്തോടനുബന്ധിച്ചു നൽകിയ ലിങ്കിൽ ക്ളിക് ചെയ്താൽ എത്തുന്നത്. വേർഡ് പ്രസ് പ്ളാറ്റ്ഫോമിൽ ആർക്കും സൃഷ്ടിക്കാനാവുന്ന ഒരു ഫേക് വെബ്സൈറ്റിലേക്കാണ്. അതിലെ ക്ളെയിം എന്ന ബട്ടനിൽ ക്ളിക് ചെയ്തശേഷം മൊബൈൽ നമ്പരുകളും മറ്റു വിവരങ്ങളും നൽകാനാണ് ആവശ്യപ്പെടുന്നത്. ഈ കെണിയിൽ വീഴുന്നവരുടെ വിവരങ്ങൾ ചോർന്നു പോകാനുള്ള സാധ്യതയുണ്ട്. കൂടാതെ വൈറസ് പ്രോഗ്രാമുകൾ ഡൗൺലോഡ് ആകും അല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാരുടെ കൈയ്യിലെത്തപ്പെടാനുമുള്ള സാധ്യതയും നില നിൽക്കുന്നു.
കൂടാതെ ഇത്തരം സൈറ്റുകളിൽ നിങ്ങളുടെ നമ്പർ നൽകുന്നതിലൂടെ, നിങ്ങളുടെ വിവരങ്ങൾ തട്ടിപ്പുകാരിൽ എത്തുന്നു. നിങ്ങളെ വഞ്ചിക്കാനോ ടെലിമാർക്കറ്റിങ് കോളുകൾ ചെയ്യാനോ ഇത് ഉപയോഗിക്കപ്പെടാം.ഗൂഗിൾ കീവേഡ് സെർച്ചലൂടെ 30 ജിബി ഡേറ്റ എന്ന് തിരഞ്ഞപ്പോൾ സമാന രീതിയിൽ ഇന്തൊനീഷ്യയിലും മറ്റും തട്ടിപ്പ് നടന്നെന്ന വിവരം ലഭ്യമാകും. അതിനോടനുബന്ധിച്ചു നൽകിയ ചിത്രം പരിശോധിച്ചപ്പോൾ ലിങ്കുകൾക്കും പതാകയ്ക്കും മാത്രമേ മാറ്റമുള്ളൂ എന്നതും വ്യക്തമാകും.
സംസ്ഥാനത്തെ പ്രമുഖ ടെലികോം കമ്പനി ഉദ്യോഗസ്ഥനോട് പ്രചരിക്കുന്ന സന്ദേശം സംബന്ധിച്ച് വിവരങ്ങൾ തിരക്കിയപ്പോൾ കമ്പനികൾ അവരുടെ ഔദ്യോഗിക പേജുകളില്‍ മാത്രമാണ് ഓഫർ വിവരങ്ങൾ സാധാരണ നൽകാറുള്ളത് എന്ന് വ്യക്തമാക്കി. കൂടാതെ https സുരക്ഷാ സംവിധാനമുള്ള വെബ്സൈറ്റുകളിൽ മാത്രമാണ് സാധാരണ വ്യക്തിപരമായ വിവരങ്ങളുൾപ്പടെയുള്ളവ നൽകാൻ ആവശ്യപ്പെടാറുള്ളത്. ഇക്കാരണങ്ങളാൽ തന്നെ പ്രചരിക്കുന്ന അവകാശവാദവും ലിങ്കും വ്യാജമാണ്.
∙ വസ്തുത
സ്വാതന്ത്ര്യ ദിനം പ്രമാണിച്ചു എല്ലാവർക്കും 30 ജിബി ഡേറ്റ എന്ന പ്രചരണം തട്ടിപ്പാണ്. ഇത്തരത്തിലൊരറിയിപ്പ് എവിടെയും ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടില്ല.
English Summary :30 GB Data Free On Independence Day-Fact Check