ADVERTISEMENT

തെലങ്കാനയിലെ ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോകുന്ന ട്രെയിൻ മുസ്‍ലിം എക്സ്പ്രസാക്കി മാറ്റിയെന്ന് അവകാശപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാസ്തവമറിയാം.

∙ അന്വേഷണം

പ്രചരിക്കുന്ന വിഡിയോയുടെ നിജസ്ഥിതി തേടി നിരവധി പേരാണ് മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ലേക്ക് സന്ദേശം അയച്ചത്.

ഹൈദരാബാദിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ജിഹാദികൾ മുസ്‍ലിം എക്‌സ്പ്രസാക്കി മാറ്റിയത്.  വണ്ടി ഇങ്ങനെ പോകില്ല എന്ന് കാവൽക്കാരൻ പറയുന്നുണ്ടെങ്കിലും ജിഹാദികൾ വണ്ടി ഇങ്ങനെ തന്നെ അയക്കണമെന്ന വാശിയിലാണ്.  ഇത് എന്ത് മാനസികാവസ്ഥയാണ്?  ഒരു വാർത്താ ചാനലും ഈ വാർത്ത കാണിക്കുന്നില്ല.  ദയവായി ഇത് പരമാവധി ഷെയർ ചെയ്യുക, അതുവഴി കേന്ദ്ര സർക്കാരിന് ഇത് മനസിലാക്കാൻ കഴിയും, അത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് പ്രചരിക്കുന്ന വിഡിയോയ്ക്കൊപ്പമുള്ള വാചകങ്ങൾ. 

വിഡിയോയുടെ സ്‌ക്രീൻഷോട്ടുകളുടെ റിവേഴ്‌സ് ഇമേജ് സെർച്ചിൽ, 2017 ഒക്‌ടോബറിൽ ഒരു യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ദർഗ ബോർഡ് കൊണ്ട് അലങ്കരിച്ച ട്രെയിനിന്റെ സമാന ദൃശ്യം ഉൾപ്പെടുന്ന വിഡിയോ ഞങ്ങൾ കണ്ടെത്തി. കർണാടകയിലെ കലബുറഗി ജില്ലയിലെ ഹൽക്കട്ട ശരീഫ് ദർഗ എന്ന് ബോർഡുകളിൽ എഴുതിയിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ തിരഞ്ഞപ്പോൾ, 2023 ഓഗസ്റ്റ് രണ്ടിന് ഒരു യുട്യൂബ് ചാനൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോയിൽ ഇതേ ട്രെയിൻ ഞങ്ങൾ കണ്ടെത്തി.  കർണാടകയിലെ കലബുറഗി ജില്ലയിലെ ഹൽക്കട്ട ശരീഫ് ദർഗയിലെ സന്ന്യാസിവര്യനായിരുന്ന  ഹസ്രത്ത് ഖ്വാജ സയ്യിദ് മുഹമ്മദ് ബാദ്ഷാ ക്വാദ്രി ചിസ്തി യമാനിയുടെ ഉറൂസിന്റെ 46-ാം വാർഷിക ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഈ ചാനൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

hasrat

ഉറൂസിന്റെ 46-ാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അതേ ട്രെയിനിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന മറ്റ് ചില വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു. 

2023 ഓഗസ്റ്റ് ഒന്നിന്  ഉറൂസിന്റെ 46-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്ന തീർഥാടകരുടെ തിരക്ക് ഒഴിവാക്കാൻ, ദക്ഷിണ സെൻട്രൽ റെയിൽവേ ഹൈദരാബാദിനും വാദി ജംക്‌ഷനും  ഇടയിൽ നാല് പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

കൂടുതൽ വിവരങ്ങൾക്കായി ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എല്ലാ വർഷവും കർണാടകയിലെ കലബുറഗിയിലെ ഹൽക്കട്ട ശരീഫ് ദർഗയിലെ ചടങ്ങുകളിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടകർ ഈ പ്രത്യേക ട്രെയിനുകൾ ദർഗ ബോർഡുകളും ഇസ്‍ലാമിക പ്ലക്കാർഡുകളും കൊണ്ട് അലങ്കരിക്കുന്നതാണ് പതിവ്. 

ഇത്തരത്തിൽ മറ്റ് മതങ്ങളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലേയ്ക്കും ഇന്ത്യൻ റെയിൽവേ ഉത്സവവേളകളിൽ പ്രത്യേക ട്രെയിനുകൾ ക്രമീകരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

∙ വസ്തുത

ഹൽക്കട്ട ഷെരീഫ് ദർഗയ്ക്കായി അനുവദിച്ച പ്രത്യേക തീവണ്ടി അലങ്കരിക്കുന്ന മുസ്‍ലിം തീർഥാടകരുടെ വിഡിയോയാണ്  തെറ്റായി പ്രചരിക്കപ്പെടുന്നത്.

English Summary : Video Of Muslims Decorating a Special Train Running to Halkatta Shareef Dargaha Is Falsely Shared-Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com