ADVERTISEMENT

ജൂലായ് ഒന്നു മുതൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചതായി സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് ടിക്കറ്റ് ചാർജിൽ 40% ഇളവും 58 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് 50% ടിക്കറ്റ് നിരക്കും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതായാണ് പോസ്റ്റിൽ പറയുന്നത്. വസ്തുത പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ​ലഭിച്ച സന്ദേശം ഞങ്ങൾ പരിശോധിച്ചു. ഇതിന്റെ സത്യമറിയാം.

∙ അന്വേഷണം

പോസ്റ്റിലെ ക്ലെയിമുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, ട്രെയിനുകളിലെ മുതിർന്ന പൗരന്മാരുടെ ഇളവ് പരിഷ്കരിക്കുന്നത് സംബന്ധിച്ച പാർലമെന്റിൽ  ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് 2022 ഫെബ്രുവരി മൂന്നിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരം നൽകിയതായി കണ്ടെത്തി

സ്ലീപ്പറിലും തേഡ് എസിയിലും യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് ഇളവ് നൽകുന്ന കാര്യം പരിശോധിക്കാൻ റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി നിർദ്ദേശിച്ചു. 2019-20 വർഷത്തിൽ പാസഞ്ചർ ടിക്കറ്റുകൾക്ക് സബ്‌സിഡി നൽകുന്നതിനായി കേന്ദ്ര സർക്കാർ 59,837 കോടി രൂപ ചെലവഴിച്ചു. അങ്ങനെ റെയിൽവേ യാത്രക്കാരുടെ ശരാശരി യാത്രാ ചെലവിന്റെ 53% സബ്‌സിഡി കേന്ദ്ര സർക്കാർ ഇതിനകം വഹിക്കുന്നുണ്ട്. ഈ സബ്‌സിഡി എല്ലാ യാത്രക്കാർക്കും ബാധകമാണ്. ഈ സബ്‌സിഡിയ്‌ക്കൊപ്പം വികലാംഗർക്കും വിദ്യാർത്ഥികൾക്കും ട്രെയിനിൽ യാത്ര ചെയ്യുന്ന രോഗികൾക്കും പ്രത്യേക ഇളവും നൽകുന്നുണ്ടെന്നാണ് അശ്വിനി വൈഷ്ണവ് മറുപടിയിൽ പറയുന്നത്. ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവ് വീണ്ടും പുനഃസ്ഥാപിക്കുന്ന കാര്യം അശ്വിനി വൈഷ്ണവ് തന്റെ മറുപടിയിൽ ഒരിടത്തും പരാമർശിച്ചിട്ടില്ല. 

2020 മാർച്ചിൽ, കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി, ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ ഉൾപ്പെടെ നിരവധി ഇളവുകൾ കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞിരുന്നു

മുതിർന്ന പൗരൻമാരുടെ ഇളവ് എടുത്തുകളയുന്നതിന് മുമ്പ്, 58 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ടിക്കറ്റ് നിരക്കിൽ 50% ഇളവും 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് ടിക്കറ്റ് നിരക്കിൽ 40% ഇളവും റെയിൽവേ നൽകിയിരുന്നു.

2022 ജൂലൈയിൽ സീനിയർ സിറ്റിസൺ കൺസഷൻ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ മറുപടി നൽകിയ അശ്വിനി വൈഷ്ണവ്, യാത്രക്കാരുടെ ഇളവുകൾ സർക്കാരിന് താങ്ങാനാകാത്ത ഭാരം ഉണ്ടാക്കുമെന്നും, കോവിഡ് -19 കാരണം യാത്രക്കാരുടെ ടിക്കറ്റ് വരുമാനം കുറഞ്ഞുവെന്നും അത് അഭികാമ്യമല്ലെന്നും പറഞ്ഞു. പ്രായമായവർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ഇളവുകൾ നൽകണം. കുറഞ്ഞ ടിക്കറ്റ് നിരക്ക് കാരണം ശരാശരി 50 ശതമാനം യാത്രാച്ചെലവ് റെയിൽവേ വകുപ്പാണ് വഹിക്കുന്നതെന്നും അത്തരം സാഹചര്യങ്ങളിൽ പോലും വികലാംഗർക്കും രോഗികൾക്കും വിദ്യാർത്ഥികൾക്കും ഇളവ് നൽകുന്നുണ്ടെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിരവധി മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ വ്യക്തതയ്ക്കായി റെയിൽവേ വക്താക്കളുമായി ബന്ധപ്പെട്ടപ്പോൾ പഴയ നിരക്കിളവ് പട്ടികയാണ് വ്യാജ സന്ദേശങ്ങള്‍ക്കൊപ്പം പ്രചരിക്കുന്നതെന്നും മുതിര്‍ന്ന പൗരന്മാര്‍ക്ക് യാത്രാ ഇളവ് അനുവദിച്ചുള്ള യാതൊരു ഉത്തരവും നിലവിൽ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. 

∙ വാസ്തവം

മുതിർന്ന പൗരൻമാർക്ക് ട്രെയിൻ നിരക്കിൽ നൽകിവന്ന ഇളവ് ജൂലൈ ഒന്നു മുതൽ പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടില്ല. ഈ പ്രചാരണം വ്യാജമാണ്.

English Summary: Indian Railway has not Announced the Senior Citizen Concession In Trains will be Restored - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com