കനറാ ബാങ്കിന് മുന്നിൽ കാനഡയ്‌ക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധം നടത്തിയോ? | Fact Check
Mail This Article
കനറാ ബാങ്കും കാനഡയുമായി എന്തെങ്കിലും ബന്ധമുണ്ടോ? സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രപരമായ ഭിന്നതയ്‌ക്കും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിന്റെ ഇന്ത്യയ്‌ക്കെതിരായ തുടർന്നുള്ള ആരോപണങ്ങൾക്കും ഇടയിൽ ബിജെപി പ്രവർത്തകർ കാനഡക്കെതിരെ പ്രതിഷേധവുമായി കനറാ ബാങ്കിന്റെ മുന്‍പിൽ സമരം ചെയ്തെന്ന് അവകാശപ്പെട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരിക്കുന്ന ചിത്രം വസ്തുതാ പരിശോധനയ്ക്കായി മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164 ൽ ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം
∙ അന്വേഷണം
കനറാ ബാങ്ക് ശാഖയ്ക്ക് മുമ്പിൽ ബിജെപിയുടെ പതാകകളുമായി നിൽക്കുന്ന പ്രതിഷേധക്കാരാണ് ചിത്രത്തിൽ. വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ ഇവറ്റകൾ ഈ കൊടിയും പിടിച്ച് നടക്കുമോ എന്ന കുറിപ്പിനൊപ്പമാണ് ചിത്രമടങ്ങിയ പോസ്റ്റ് പ്രചരിക്കുന്നത്.
ഗൂഗിളിൽ ചിത്രം റിവേഴ്സ് തിരച്ചിൽ നടത്തിയപ്പോൾ മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ കീർത്തി ആസാദ് എക്സ് പ്ലാറ്റ്ഫോമിൽ സെപ്തംബർ 24 ന് പോസ്റ്റ് ചെയ്ത ചിത്രം ഞങ്ങൾക്ക് ലഭിച്ചു. ഹിന്ദിയിൽ നിന്ന് വിവർത്തനം ചെയ്ത അടിക്കുറിപ്പ് ഇങ്ങനെയാണ്: ബിജെപി സംഘികൾ കനറാ ബാങ്കിനെ കാനഡയാണെന്ന് തെറ്റിദ്ധരിച്ച് അതിന് മുന്നിൽ പ്രതിഷേധിക്കുന്നു.
കാനഡയിൽ ആർഎസ്‌എസിനെ നിരോധിച്ചതിന് കാനറ ബാങ്കിന് മുന്നിൽ ഭക്തർ കാനഡയ്‌ക്കെതിരെ പ്രതിഷേധിക്കുന്നു. കാനറ എന്നാൽ കാനഡയല്ലെന്ന് ഭക്തരോട് വിശദീകരിക്കുക. ഇത് നമ്മുടെ രാജ്യത്തെ ഒരു ദേശസാൽകൃത ബാങ്കാണ് എന്നീ അടിക്കുറിപ്പുകളോടെ സമാനമായ ചിത്രം ഫെയ്സ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങൾ റിവേഴ്സ് ഇമേജ് തിരച്ചിൽ നടത്തിയപ്പോൾ, 2020 ഓഗസ്റ്റ് 30-ന് തമിഴ് ദിനപത്രമായ മലൈ മലറിന്റെ വെബ്‌സൈറ്റിൽ ബിജെപിയുടെ പാർട്ടി പതാക മുനിസിപ്പാലിറ്റി നീക്കം ചെയ്തതിന് എതിരെ പ്രതിഷേധം എന്ന തലക്കെട്ടിൽ ഒരു വാർത്താ ലേഖനം കണ്ടെത്തി. വൈറൽ ചിത്രവും ലേഖനത്തോടൊപ്പമുണ്ട്. നീലഗിരി ജില്ലയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുമതിയില്ലാതെ മുനിസിപ്പാലിറ്റിയുടെ ഭൂമിയിൽ ഉയർത്തിയ പാർട്ടിയുടെ കൊടിമരം നീക്കം ചെയ്തതിന് ലോക്കൽ മുനിസിപ്പാലിറ്റിക്കെതിരെ ബിജെപി അംഗങ്ങൾ ഊട്ടിയിൽ പ്രതിഷേധിക്കുന്നതിന്റെ വിവരങ്ങളാണ് വാർത്തയിൽ. എന്നാൽ യഥാർത്ഥ ചിത്രത്തിൽ കനറാ ബാങ്കിന്റെ ബോർഡ് ഇല്ലെന്ന് ഞങ്ങൾ ശ്രദ്ധിച്ചു.
വൈറലായ ചിത്രത്തിൽ, പ്രതിഷേധക്കാരുടെ പശ്ചാത്തലത്തിൽ ഇടതുവശത്തായി ഒരു Xiaomi സ്റ്റോർ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിന്നുള്ള സൂചനകൾ വച്ച് ഞങ്ങൾ ഊട്ടിയിലെ Xiaomi സ്റ്റോറുകൾക്കായി തിരഞ്ഞപ്പോൾ Xiaomiയുടെ ഒരു ഫെയ്‍സ്ബുക് വിഡിയോയിൽ നിന്ന് ഊട്ടിയിലെ എടിസി കോംപ്ലക്സിലെ ഒരു സ്റ്റോറിന്റെ ചിത്രം ഞങ്ങൾക്ക് ലഭിച്ചു. വൈറൽ ചിത്രത്തോട് സാമ്യമുള്ള ആംഗിളിലുള്ള ചിത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. PLK AGENCIES, 180, ATC Complex, Ettines Road,, Ooty എന്ന വിലാസത്തിലാണ് ഈ സ്റ്റോർ. കൂടാതെ, വൈറലായ ചിത്രത്തിലെ എംഐ സ്റ്റോറിന് സമീപമുള്ള ശ്രീനിവാസ സ്റ്റോറും ഈ ചിത്രത്തിൽ കാണാം. എന്നാൽ കനറ ബാങ്ക് ബോർഡിന്റെ ചിത്രം എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല.
ജസ്റ്റ് ഡയൽ വെബ്‌സൈറ്റിലും ഊട്ടിയിലെ വൈറൽ ഫോട്ടോയ്‌ക്ക് സമാനമായ അതേ എംഐ സ്റ്റോറിന്റെ ചിത്രങ്ങൾ ഞങ്ങൾ കണ്ടെത്തി. ശ്രീ ശ്രീനിവാസ സ്റ്റോറും ഇതിലുണ്ട്. എന്നാൽ എവിടെയും തന്നെ കനറ ബാങ്ക് ബോർഡ് കാണുന്നില്ല.
ലഭ്യമായ സൂചനകളിൽ നിന്ന് പ്രചാരത്തിലുള്ള ചിത്രം മൂന്നു വർഷത്തിലേറെ പഴയതാണെന്നും ഇതിന് ഇപ്പോൾ നടക്കുന്ന ഇന്ത്യ–കാനഡ നയതന്ത്ര പ്രശ്നവുമായി ബന്ധമില്ല എന്നും ഇതിനാൽ വ്യക്തമാണ്.
∙ വസ്തുത
ഊട്ടിയിൽ പ്രാദേശിക ബിജെപി അംഗങ്ങൾ പ്രതിഷേധിച്ച സംഭവത്തിൽ നിന്ന് മൂന്ന് വർഷം പഴക്കമുള്ള ചിത്രത്തിന്റെ മാറ്റം വരുത്തിയ പതിപ്പാണ് വൈറലായ ചിത്രം. ഇന്ത്യ-കാനഡ നയതന്ത്ര തർക്കവുമായി തെറ്റായി ബന്ധിപ്പിക്കാൻ കനറാ ബാങ്ക് ബോർഡിലെ ഫോട്ടോയിൽ ഡിജിറ്റലായി എഡിറ്റ് ചെയ്ത് ചേർത്തതാണ്. അതിനാൽ ഈ അവകാശവാദം തെറ്റാണ്.
English Summary:Photo showing BJP supporters staging a protest outside a Canara Bank is Misleading - Fact Check