ശോചനീയാവസ്ഥയിലുള്ള ഈ റോഡ് കേരളത്തിലോ? വാസ്തവമറിയാം | Fact Check
Mail This Article
വെള്ളക്കെട്ടോടെയുള്ള ദുർഘടമായ കുഴികൾ നിറഞ്ഞ ഒരു റോഡിന്റെ ചിത്രം കേരളത്തിലേതെന്ന അവകാശവാദത്തോടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വസ്തുത പരിശോധനയ്ക്ക് മനോരമ ഒാൺലൈൻ ഫാക്ട്ചെക്ക് ഹെൽപ്പ് ലൈൻ നമ്പരില്‍ 8129100164 ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. ഇതിന്റെ വാസ്തവമറിയാം.
അന്വേഷണം
ഇത് കേരളം ഡാ...ശോചനീയാവസ്ഥയിലുള്ള കൊച്ചി നഗരത്തിലെ റോഡിന്റെ കാഴ്ച എന്നാണ് ചിത്രത്തിനൊപ്പം പ്രചരിക്കുന്ന കുറിപ്പ്.
റിവേഴ്സ് ഇമേജ് സെർച്ചിൽ ഞങ്ങൾ ചിത്രം പരിശോധിച്ചപ്പോൾ നിരവധി സൈറ്റുകളിൽ ചിത്രം ഉൾപ്പെട്ട വിവിധ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. ലഭ്യമായ വിവരങ്ങളിൽ നിന്ന് ശക്തമായ മഴയെ തുടര്‍ന്ന് വൻ കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുഷ്ക്കരമായ കര്‍ണാടകയിലെ ഹുബ്ലി-ധര്‍വാഡ് സിറ്റി റോഡാണ് ചിത്രത്തിലുള്ളത്. റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് നേരിട്ട കാലതാമസത്തിന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(HDMC)കമ്മീഷ്ണർ രമേഷ് ഇത്നാൽ നൽകുന്ന വിശദീകരണവും റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ്–19നെത്തുടർന്നുണ്ടായ ലോക്ഡൗണും മറ്റ് കാരണങ്ങളും മൂലം തടസ്സപ്പെട്ട നഗരത്തിലെ റോഡ് പ്രവൃത്തികൾ മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുത്ത് പൂർത്തിയാക്കാൻ ഹുബ്ബള്ളി-ധാർവാഡ് സ്മാർട്ട് സിറ്റി, പിഡബ്ല്യുഡി, നാഷണൽ ഹൈവേ അധികൃതർ എന്നിവർക്ക് കത്തെഴുതുമെന്നും കമ്മീഷ്ണർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാസ്തവം
കേരളത്തിലേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വെള്ളക്കെട്ടോടെയുള്ള ദുർഘടമായ കുഴികൾ നിറഞ്ഞ റോഡിന്റെ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്.ഹുബ്ലി-ധര്‍വാഡ് സിറ്റിയിലെ തകർന്ന റോഡാണ് ചിത്രത്തിലുള്ളത്
English Summary : The picture shows a damaged road in Hubli-Dharwad city