ADVERTISEMENT

വാട്‍സാപ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ദീപാവലിക്ക് മുന്നോടിയായി ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിൽ നിർമ്മിക്കുന്ന പടക്കങ്ങൾക്കെതിരായാണ് പ്രചാരണം. വാസ്തവമറിയാം 

അന്വേഷണം 

ഇന്ത്യയെ നേരിട്ട് ആക്രമിക്കാൻ പാകിസ്ഥാന് സാധിക്കാത്തതിനാൽ ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്നാണ് ഇന്റലിജൻസ് പറയുന്നത്. കാർബൺ മോണോക്സൈഡ് വാതകത്തേക്കാൾ വിഷാംശമുള്ള ആസ്ത്മ ഇന്ത്യയിൽ പടർത്താൻ ചൈന പ്രത്യേക പടക്കങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ നേത്രരോഗങ്ങൾ പടരാൻ പ്രത്യേക പ്രകാശമുള്ള അലങ്കാര വിളക്കുകളും ചൈനയിൽ വികസിപ്പിച്ചെടുക്കുന്നുണ്ട്. അത് അന്ധതയ്ക്ക് കാരണമാകുന്നു. ഇതിൽ മെർക്കുറി വളരെ ഉയർന്ന അളവിൽ ഉപയോഗിച്ചിട്ടുണ്ട്, ദയവായി ഈ ദീപാവലിക്ക് ശ്രദ്ധിക്കുക, ഈ ചൈനീസ് ഉൽപ്പന്നങ്ങൾ വാങ്ങിക്കരുത്, ഉപയോഗിക്കരുത്. ഈ സന്ദേശം എല്ലാ ഇന്ത്യക്കാരിലേക്കും എത്തിക്കുക.

ജയ് ഹിന്ദ്

വിശ്വജിത് മുഖർജി, സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ,

ആഭ്യന്തര മന്ത്രാലയം,

ഗവൺമെന്റ് ഓഫ് ഇന്ത്യ,(CG) എന്നാണ് പ്രചരിക്കുന്ന സന്ദേശം.

crackers

ഇത്തരം ഒരു സർക്കുലറിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തിരഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലറുകളും നോട്ടീസുകളും പരിശോധിച്ചപ്പോൾ വൈറൽ സന്ദേശം എവിടെയും കണ്ടെത്താനായില്ല. കൂടാതെ, മന്ത്രാലയത്തിന്റെ സമൂഹമാധ്യമ ഹാൻഡിലുകളും ഞങ്ങൾ പരിശോധിച്ചു. ഈ പോസ്റ്റ് എവിടെയും കണ്ടെത്തിയില്ല.

സന്ദേശത്തിൽ സൂചിപ്പിച്ചതുപോലെ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ വിശ്വജിത് മുഖർജിയുടെ പ്രൊഫൈലിനെ കുറിച്ചറിയാൻ  ഞങ്ങൾ ഒരു കീവേഡ് തിരയയലും നടത്തി. മന്ത്രാലയത്തിന്റെ വകുപ്പുകളിലൊന്നും തന്നെ  സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ തസ്തികയുള്ളതായും പരാമർശമില്ല. കൂടാതെ, ഈ പേരിൽ അറിയപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെയും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.

കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ PIB ഫാക്റ്റ് ചെക്കിന്റെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. 2020 നവംബർ മുതലുള്ള ഈ ട്വീറ്റിൽ, പ്രചരിക്കുന്ന ഈ വൈറൽ സന്ദേശം പിഐബി നിഷേധിക്കുകയും വ്യാജമെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട് പോസ്റ്റിൽ. 

ആസ്‌ത്മ പടർത്താനും നേത്രരോഗങ്ങൾ ഉണ്ടാക്കാനും ചൈന ഇന്ത്യയിലേക്ക് പ്രത്യേക തരം പടക്കങ്ങളും അലങ്കാര വിളക്കുകളും അയയ്‌ക്കുന്നുണ്ടെന്ന് ആരോപണവിധേയനായ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്റെ പേരിലുള്ള വൈറൽ സന്ദേശത്തിന്റെ അവകാശവാദം വ്യാജമാണ്. ആഭ്യന്തര മന്ത്രാലയം ഇത്തരത്തിൽ ഒരു അറിയിപ്പും നൽകിയിട്ടില്ല. പ്രചരിക്കുന്നത് മൂന്ന് വർഷങ്ങൾക്കു മുൻപേയുള്ള പ്രചാരണമാണ്.

പടക്കം കത്തിക്കുമ്പോൾ പരിസ്ഥിതിയിലും മനുഷ്യരിലും ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മോശമായി നിർമ്മിച്ച പടക്കങ്ങൾ യഥാവിധി ഉപയോഗിച്ചില്ലെങ്കിൽ പൊള്ളലേൽക്കുകയും ശ്വാസതടസ്സം അടക്കമുള്ളവയ്ക്കും കാരണമായേക്കാം. ശ്വസന–ഹ‍ൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് പടക്കങ്ങളുടെ ഉഗ്ര ശബ്ദവും പുകയും ജീവഹാനിക്ക് തന്നെ കാരണമായേക്കാവുന്ന അവസരങ്ങളുമുണ്ട്.

നിലവിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ആഘോഷവേളകളിൽ ഹരിത പടക്കം മാത്രമെ ഉപയോഗിക്കാൻ പാടുള്ളു എന്ന് നിർദ്ദേശമുണ്ട്.

വാസ്തവം

ചൈനയിൽ നിർമ്മിക്കുന്ന പടക്കങ്ങൾ വാങ്ങരുതെന്നും ഇന്ത്യൻ ജനതയിൽ ആസ്ത്മയ്ക്കും അന്ധതയ്ക്കും കാരണമാകുന്ന പ്രത്യേക പടക്കങ്ങളും ലൈറ്റുകളും ചൈന അയയ്ക്കുന്നുണ്ടെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സന്ദേശമെന്ന അവകാശവാദം തെറ്റാണ്.ആഭ്യന്തര മന്ത്രാലയം അത്തരത്തിലുള്ള ഒരു സന്ദേശവും പുറത്തിറക്കിയിട്ടില്ല. മന്ത്രാലയത്തിൽ നിലവിലില്ലാത്ത ഒരു പോസ്റ്റിന്റെ പേരിൽ തെറ്റായ സന്ദേശമാണ് പ്രചരിക്കുന്നത്.

English Summary:The propaganda by the Home Ministry claiming not to buy fireworks made in China is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com