ADVERTISEMENT

തൊഴിലുറപ്പ് തൊഴിലാളികൾക്ക്  പ്രസവാനുകൂല്യവും ചികിത്സയും നല്‍കുന്ന ഒരു പദ്ധതിയെക്കുറിച്ചുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നുണ്ട്. പ്രസവ–ചികിത്സ ആനുകൂല്യമായി നൽകുന്ന തുക കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതിയാണെന്ന അവകാശവാദവുമായാണ് പ്രചരിക്കുന്നത്. സത്യമറിയാം.

അന്വേഷണം

തൊഴിലുറപ്പ് തൊഴിലാളികൾക്ക് സന്തോഷ വാർത്ത. വീണ്ടും നരേന്ദ്രമോദി സർക്കാരിന്റെ കരുതൽ. കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ എന്നാണ് പോസ്റ്റുകളിലെ മോദിയുടെ ചിത്രത്തോടൊപ്പമുള്ള കുറിപ്പ്.

modiNREG

പ്രചരിക്കുന്ന സന്ദേശത്തിന്റെ വിശദാംശങ്ങളെക്കുറിച്ചറിയാൻ ഇത്തരം ഒരാനുകൂല്യത്തെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള അറിയിപ്പ് എംജിഎൻആർഇജിഎസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പോജിൽ നൽകിയിട്ടുണ്ടോ എന്ന് ഞങ്ങൾ തിരഞ്ഞു. തിരയലിൽ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡിന്‍റെ സംസ്ഥാനതല ഉദ്ഘാടനം, രാജ്യത്ത് ആദ്യമായി സംസ്ഥാന ഗവണ്മെന്‍റ് നടപ്പിലാക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡിന്‍റെ സംസ്ഥാനതല ഉദ്ഘാടനം എന്ന തലക്കെട്ടോടെ ഒരു ലൈവ് വിഡിയോ പേജിൽ കണ്ടെത്തി. 

MGNREGA മിഷന്‍ ഡയറക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഉദ്ഘാടനം മെയ് 15ന് പാലക്കാട് കോട്ട മൈതാനിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതാണ്  വിഡിയോയിലെന്ന് വിവരണത്തിൽ നിന്ന് വ്യക്തമായി. 

കൂടുതൽ വിശദാംശങ്ങൾക്കായി നടത്തിയ കീവേഡുകളുടെ തിരയലിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ് പോർട്ടിൽ പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട്   ഞങ്ങൾക്ക് ലഭിച്ചു.

MGNREGS

രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാൻ ക്ഷേമനിധി ബോർഡുമായി കേരളം. പഠന സഹായം, പെൻഷൻ, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ചികിത്സ സഹായം, ആരോഗ്യ ഇൻഷുറൻസ്‌, മരണാനന്തര സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. 26 ലക്ഷം തൊഴിലാളികൾക്ക്‌ ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികളും അയ്യൻകാളി നഗര തൊഴിലുറപ്പ്‌ തൊഴിലാളികളും ക്ഷേമനിധിയിലുണ്ടാകും.

അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ അതിനു തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം കുറഞ്ഞത് 20 ദിവസം എങ്കിലും അവിദഗ്ദ്ധ തൊഴിലിൽ ഏർപ്പെട്ടിട്ടുളളവരുമായവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാകാം. 18 വയസ് പൂർത്തിയായ തൊഴിലാളികൾക്ക്‌ ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. 55 വയസ്സുവരെ ക്ഷേമനിധി വിഹിതമടയ്‌ക്കാം. 60 വയസാകുന്നതോടെ മിനിമം പെൻഷൻ ഉറപ്പാകും. ഉയർന്ന പ്രായപരിധിയില്ലാത്തതിനാൽ 60 പിന്നിട്ടവർക്കും തൊഴിലെടുക്കാം. രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന ₹ 50 അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി ക്ഷേമനിധിയിലേക്ക് നൽകും. അടയ്ക്കുന്ന തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും.

60 വയസ് പൂർത്തിയായിട്ടുളളതും 60 വയസ് വരെ തുടർച്ചയായി അംശദായം അടച്ചിട്ടുളളതുമായി അംഗങ്ങൾക്ക് പെൻഷൻ,10 വർഷത്തിൽ കുറയാത്ത കാലത്തേക്ക് അംശദായം അടച്ചിട്ടുളള ഒരംഗം മരണപ്പെട്ടാൽ കുടുംബപെൻഷൻ, അസുഖം അല്ലെങ്കിൽ അപകടം മൂലം ഒരംഗം മരണപ്പെട്ടാൽ സാമ്പത്തിക സഹായം, അംഗഭംഗം അല്ലെങ്കിൽ അവശതമൂലം തൊഴിൽ ചെയ്യാൻ കഴിയാതെ നിധിയിലെ അംഗത്വം അവസാനിപ്പിക്കേണ്ടിവന്നാൽ അംഗം അടച്ച അംശദായതുക നിർദേശിക്കപ്പെട്ട പലിശ സഹിതം തിരികെ ലഭ്യമാകും. ഗുരുതര രോഗം ബാധിച്ച അംഗങ്ങൾക്ക് ചികിത്സയ്ക്കായി സാമ്പത്തിക സഹായം, വനിത അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹം, അംഗങ്ങളുടെ പ്രസവം എന്നിവയ്ക്ക് സാമ്പത്തിക സഹായം, അംഗങ്ങളുടെ മക്കളുടെ പഠനാവശ്യത്തിന് സാമ്പത്തിക സഹായം തുടങ്ങിയ ആനുകൂല്യങ്ങൾ ക്ഷേമനിധി അംഗങ്ങൾക്ക് ലഭിക്കും. തദ്ദേശസ്വയംഭരണ കീഴിലാകും ബോർഡിന്റെ പ്രവർത്തനം. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തദ്ദേശസ്വയംഭണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ പദ്ധതി പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിതമാണെന്ന് അവർ വ്യക്തമാക്കി.തെറ്റിദ്ധാരണപരമായ വിവരങ്ങളാണ് പങ്കുവയ്ക്കുന്നത് എന്ന് സ്ഥിരീകരിച്ചു.

ഈ വിവരങ്ങളിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവും ചികിത്സാ സഹായവും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പദ്ധതിയാണെന്നും കേന്ദ്ര സര്‍ക്കാരുമായി പദ്ധതിക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

വാസ്തവം

തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള പ്രസവാനുകൂല്യവും ചികിത്സാ സഹായവും നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര സർക്കാരാണ് പദ്ധതി നടപ്പിലാക്കിയെന്ന അവകാശവാദം തെറ്റാണ്.

English Summary: The claim that Maternity benefit and medical assistance scheme for MGNREG Workers was implemented by the central government is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com