ചെന്നൈ നഗരത്തിൽ ഡ്രൈവറില്ലാ ടാക്സി? വിഡിയോയുടെ വാസ്തവമറിയാം | Fact Check

Mail This Article
വിദേശ രാജ്യങ്ങൾ നിരത്തിലിറക്കുന്ന ഡ്രൈവറില്ലാ ടാക്സി കാറുകളുടെ വിശേഷങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചെന്നൈയിൽ ഡ്രൈവറില്ലാ ടാക്സി എന്ന അവകാശവാദത്തോടെ ഒരു വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വിഡിയോയുടെ വാസ്തവമറിയാം.
അന്വേഷണം
ചെന്നൈയിൽ ആദ്യമായി പുറത്തിറക്കിയ ഡ്രൈവറില്ലാ ടാക്സി എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.
ഒരു വൃദ്ധയായ സ്ത്രീ തന്റെ മകനോടൊപ്പം ഡ്രൈവറില്ലാ ടാക്സി പരിചയപ്പെടുത്തുന്നതാണ് വിഡിയോയിലുള്ളത്.വിഡിയോ കാണാം.
വൈറൽ വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഡ്രൈവറുടെ സീറ്റ് ഇടതുവശത്താണെന്ന് കണ്ടെത്തി. ഇതിൽ നിന്ന് വിഡിയോ ചെന്നൈയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെന്ന് വ്യക്തമായി. കാരണം ഇന്ത്യയിൽ ഡ്രൈവറുടെ സീറ്റ് വലതു വശത്താണ്. കൂടാതെ കാറിന്റെ ഒരു വശത്തായി WAYMO എന്ന് രേഖപ്പെടുത്തിയിരിക്കുന്നതും കണ്ടെത്തി. ഇതിനെക്കുറിച്ച് പരിശോധിച്ചപ്പോൾ ഗൂഗിൾ സെൽഫ്-ഡ്രൈവിംഗ് കാർ പ്രൊജക്റ്റ് എന്നറിയപ്പെട്ടിരുന്ന വേമോ എൽഎൽസി, ഒരു അമേരിക്കൻ ഓട്ടോണമസ് ഡ്രൈവിംഗ് ടെക്നോളജി കമ്പനിയാണെന്നും കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലാണ് ഇതിന്റെ ആസ്ഥാനമെന്നും ഞങ്ങൾ കണ്ടെത്തി.

പിന്നീട് വിഡിയോയുടെ കീഫ്രെയ്‍മുകൾ ഉപയോഗിച്ചുള്ള പരിശോധനയിൽ യുഎസിലെ ഡ്രൈവറില്ലാ ടാക്സി എന്ന അടിക്കുറിപ്പോടെ 2023 സെപ്റ്റംബർ 8-ന് ASK INFORMATION എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്‌ത ഒരു വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
വൈറൽ വിഡിയോയിലെ അതേ വൃദ്ധയായ സ്ത്രീ തന്നെയാണ് ഈ വിഡിയോയിലുമുള്ളതെന്ന് ഞങ്ങൾക്ക് വ്യക്തമായി. ഈ സൂചനകളിൽ നിന്ന് വിഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ലെന്നും യുഎസിൽ നിന്നുള്ളതാണെന്നും സ്ഥിരീകരിച്ചു. .
വാസ്തവം
ഡ്രൈവറില്ലാ ടാക്സി ചെന്നൈയിൽ നിന്നുള്ളതാണെന്ന അവകാശവാദവുമായി പങ്കുവെച്ച വൈറൽ വിഡിയോ തെറ്റാണ്. യുഎസിൽ നിന്നുള്ളതാണ് വിഡിയോ.
English Summary:Viral video shared claiming that the driverless taxi is from Chennai is false| Fact Check