ഇത് കേരളത്തിലെ പട്ടാമ്പി–കുളപ്പുള്ളി റോഡിന്റെ ദുർഗതിയൊ? വാസ്തവമറിയാം | Fact Check
Mail This Article
പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്കെതിരെ പ്രതിഷേധങ്ങളുമായി പൊതുജനങ്ങൾ രംഗത്തിറങ്ങാറുണ്ട്. എന്നാൽ ഇപ്പോൾ കേരളത്തിലെ പട്ടാമ്പി–കുളപ്പുള്ളി റോഡിന്റെ ദുരവസ്ഥ എന്ന അവകാശ വാദവുമായി ഒരു വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.
അന്വേഷണം
കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ തിരഞ്ഞപ്പോൾ ഫെയ്‍സ്ബുക്കിലടക്കം നിരവധി പേരാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
പട്ടാമ്പി-കുളപ്പുള്ളി റോഡ് അമേരിക്കൻ മോഡൽ. പട്ടാമ്പി MLA യോടാണ്...കാശ് വാങ്ങി വീണതല്ല. ശരിക്കും വീണതാണ്...മരുമോൻ്റെ വകുപ്പ് പൊളിയല്ലേ... കേരളത്തിൽ മൊത്തം ഓഫ് റോഡ് അതാണ് സ്വപ്നം
പട്ടാമ്പി-കുളപ്പുള്ളി റോഡ് ഇതാണ് അമേരിക്കൻ മോഡൽ അല്ലേ..പട്ടാമ്പി MLA യോടാണ്... നമിച്ചു മരുമോൻ പൊളിയല്ലേ... കേരളത്തിൽ മൊത്തം ഓഫ് റോഡ് അതാണ് സ്വപ്നം എന്നൊക്കെയുള്ള കുറിപ്പുകൾക്കൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.വിഡിയോ കാണാം
പട്ടാമ്പി–കുളപ്പുള്ളി റോഡിനെക്കുറിച്ചറിയാൻ ഞങ്ങൾ ഞങ്ങളുടെ പട്ടാമ്പി പ്രാദേശിക ലേഖകനുമായി ബന്ധപ്പെട്ടു. വൈറൽ റോഡിന്റെ വിഡിയോ പട്ടാമ്പി–കുളപ്പുള്ളി റോഡിന്റേതല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഡിയോയിലുള്ളതിനേക്കാൾ വീതിയേറിയ റോഡാണ് ഇവിടെയുള്ളത്. കൂടാതെ നിലവിൽ ഇവിടെ വാടനാംകുറിശ്ശി റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണികൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങളും ഇളിടെ നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ റോഡിന്റെ നിലവിലെ ചിത്രങ്ങളും ഞങ്ങൾക്ക് ലഭിച്ചു.
പിന്നീട് വിഡിയോയുടെ യാഥാർത്ഥ്യമറിയാൻ വൈറൽ വിഡിയോയെ കീഫ്രെയിമുകളാക്കി ഞങ്ങൾ റിവേഴ്‌സ് ഇമേജ് തിരയൽ നടത്തി. എക്‍സ് പ്ലാറ്റ്ഫോമിൽ 2023 സെപ്റ്റംബർ 26ന് പോസ്റ്റ് ചെയ്ത ഇതേ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു.
വിഡിയോയ്ക്കൊപ്പം തെലുങ്കിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ
ഇങ്ങനെ പോകുന്നു യാത്ര,സുവർണ്ണ തെലങ്കാന ഇത് എവിടെയോ അല്ല നമ്മുടെ സഹീറാബാദിലാണ് എന്നാണ് വിഡിയോയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് എന്ന് വ്യക്തമായി. കൂടാതെ സോഷ്യൽ മീഡിയയിൽ ഇതേ വിഡിയോ ഏറെ വൈറലായി പ്രചരിക്കുന്നതായും അറിയാൻ കഴിഞ്ഞു.
ലഭിച്ച സൂചനകളിലൂടെ കൂടുതൽ തിരഞ്ഞപ്പോൾ വൈറലായ വിഡിയോയിലെ അതേ ദൃശ്യങ്ങൾ തെലുങ്ക് പത്രങ്ങളിലും പ്രസിദ്ധീകരിച്ചതിന്റെ വാർത്താ കട്ടിങ്ങുകളും ചിത്രങ്ങളും ഞങ്ങൾക്ക് ലഭിച്ചു.
റിപ്പോർട്ടിലെ വിവരങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ റോഡ് പൂർണമായും തകർന്ന തെലങ്കാന സംസ്ഥാനമായ സഹീറാബാദിൽ ഇരുചക്രവാഹന യാത്രക്കാർ താഴെ വീഴുകയും തുടർന്ന് പ്രാന്തപ്രദേശങ്ങളിലെ അല്ലാന ബൈപാസ് റോഡിൽ കയറുകയും ഇറങ്ങുകയും ചെയ്യേണ്ട സാഹചര്യമുണ്ട്. ഒറ്റ ദിവസം കൊണ്ട് 20 പേരുടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. അവരിൽ ചിലർക്ക് പരിക്കേറ്റു എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
മറ്റൊരു വാർത്താ കുറിപ്പിൽ ,
അപകടകരമായ അൽഗോൾ റോഡ് സഹീറാബാദ്: അൽഗോൾ റോഡ് ബൈപാസിനു സമീപമുള്ള റോഡ് ഭീകരമായിത്തീർന്നിരിക്കുന്നു. മഴ പെയ്താൽ സ്ഥിതി കൂടുതൽ വഷളാകും. യാത്രക്കാർ യാത്രാക്ലേശം നേരിടുന്നു. ബൈപാസ് റോഡിൽ നിന്ന് 300 മീറ്ററോളം റോഡിൽ മുട്ടോളം കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ റോഡിന്റെ ഇരുവശത്തുമുള്ള കറുത്ത ചെളി നനഞ്ഞതിനാൽ ബൈക്ക് യാത്രക്കാർ തെന്നി റോഡിലേക്ക് വീഴുകയാണ്. കാലുകൾക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടകരമായി മാറിയ ഇതു വഴിയുള്ള യാത്ര നരകതുല്യമായി. പാലത്തിന്റെ നിർമാണം മുടങ്ങിക്കിടക്കുന്നതിനാൽ പണി നിലച്ചതായി അധികൃതർ പറയുന്നു. യാത്രക്കാരുടെ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ഗതാഗതം സുഗമമാക്കേണ്ടതുണ്ടെന്നാണ് യാത്രക്കാരുടെ അഭിപ്രായം എന്നാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.
മുൻപ് തമിഴ്‍നാട്ടിലെ റോഡുകളുടെ ദുരവസ്ഥ എന്ന അവകാശവാദത്തോടെയും ഈ വിഡിയോ പ്രചരിച്ചിരുന്നു.
ഇതിൽ നിന്ന് തകർന്ന റോഡിന്റെ വിഡിയോ കേരളത്തിലെ പട്ടാമ്പി–കുളപ്പുള്ളിയിലേതല്ലെന്നും തെലങ്കാനയിലെ റോഡാണെന്നും വ്യക്തമായി.
വാസ്തവം
കേരളത്തിലെ പട്ടാമ്പി–കുളപ്പുള്ളി റോഡിന്റെ ദുരവസ്ഥ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെലങ്കാനയിലേതാണ്. പ്രചാരണം തെറ്റാണ്.
English Summary: video circulating claiming the plight of the Pattambi-Kulapulli road in Kerala is from Telangana