ADVERTISEMENT

ശബരിമലയിലെ തിരക്കും മറ്റ് ക്രമീകരണങ്ങളും സംബന്ധിച്ച വിഷയങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിനിടെ ശബരിമല പൊലീസ് അയ്യപ്പ ഭക്തനെ അടിച്ചു തലപൊട്ടിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

അവശനിലയിൽ ചോരയൊലിക്കുന്ന കറുത്ത വസ്ത്രങ്ങൾ ധരിച്ച ഒരു വ്യക്തിയാണ് വിഡിയോയിലെ ദൃശ്യങ്ങളിലുള്ളത്.  വിഡിയോ കാണാം

റിവേഴ്‌സ് ഇമേജിന്റെ സഹായത്തോടെ വിഡിയോയുടെ കീഫ്രെയിമുകള്‍  പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോയിലെ ദൃശ്യങ്ങളടങ്ങിയ ഒരു വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. 

റിപ്പോർട്ടിനോടൊപ്പം വൈറൽ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2023 ഡിസംബർ 12ലെ റിപ്പോർട്ട് പ്രകാരം, ശബരിമല ക്ഷേത്രദർശനത്തിന് ശേഷം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ശ്രീ രംഗനാഥ സ്വാമി ക്ഷേത്ര സന്ദർശനത്തിനെത്തിയ ആന്ധ്രയിൽ നിന്നുള്ള സംഘവും ക്ഷേത്രത്തിലെ സുരക്ഷാവിഭാഗത്തിലെ ഗാര്‍ഡുമായി ഉണ്ടായ കൈയ്യാങ്കളിയിലാണ് അയ്യപ്പ ഭക്തന് പരിക്കേറ്റതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മൂന്ന് ഭക്തർക്കും രണ്ട് ഗാർഡുകൾക്കും സംഭവത്തിൽ പരിക്കേറ്റു.മറ്റ് ഭക്തർക്ക് ദർശനത്തിന് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ ആന്ധ്രയിൽ നിന്നെത്തിയ സംഘം പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതായി പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഇതേ വിഡിയോ എക്‌സിൽ പങ്ക് വച്ച് കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ  ഡിഎംകെ സർക്കാരിനെ വിമർശിക്കുകയും ചെയ്തു.

ഹിന്ദു ധർമ്മത്തിൽ വിശ്വാസമില്ലാത്ത ഒരു സർക്കാരിന് ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവർത്തിക്കേണ്ട കാര്യമില്ല.42 ദിവസത്തെ വ്രതമനുഷ്ഠിച്ച അയ്യപ്പഭക്തർ ശബരിമലയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം രംഗനാഥ സ്വാമിയെ പ്രാർത്ഥിക്കാൻ ആഗ്രഹിച്ചു. ക്യൂവിൽ ദീർഘനേരം കാത്തുനിന്നതിനെയും, ഏതാനും ചിലർക്ക് പ്രത്യേക പരിഗണന നൽകുന്നതിനെയും അയ്യപ്പഭക്തർ ചോദ്യം ചെയ്തത് ക്ഷേത്രപരിസരത്ത് രക്തച്ചൊരിച്ചിലിൽ കലാശിച്ചു.HR&CE ഡിപ്പാർട്ട്‌മെന്റിന്റെ ഈ ധിക്കാരം പല കാരണങ്ങളിൽ ഒന്നാണ്. അവരെ ക്ഷേത്രഭരണത്തിൽ നിന്ന് പുറത്താക്കാൻ ആഗ്രഹിക്കുന്നു.ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടിഎൻ എച്ച്ആർ ആൻഡ് സിഇ വകുപ്പിനെതിരെ തിരുച്ചി ജില്ലാ ഘടകം ഇന്ന് ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തും എന്നാണ് ബിജെപിയെ ഉദ്ദരിച്ചുള്ള കെ അണ്ണാമലൈയുടെ പോസ്റ്റ്.

കൂടാതെ കേരള പൊലീസും പ്രചരിക്കുന്ന വിഡിയോ ശബരിമലയിൽ നിന്നുള്ളതല്ലെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. 

വാസ്തവം

ശബരിമലയില്‍ അയ്യപ്പ ഭക്തനെ പൊലീസ്  മര്‍ദ്ദിച്ചു എന്ന അവകാശവാദവുമായി പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥ സ്വാമി ക്ഷേത്രത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ.

English Summary: Video circulating claiming police beat up Ayyappa devotee at Sabarimala is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com