ADVERTISEMENT

മോഹൻലാൽ കണ്ണൂർ ആർഎസ്‌എസ് കാര്യാലയം സന്ദർശിച്ചു എന്ന അവകാശവാദത്തോടെ ബിജെപി നേതാക്കൾക്കൊപ്പമുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

മോഹൻലാൽ കണ്ണൂർ RSS കാര്യാലയത്തിൽ.. സമീപം BJP ജില്ലാ അദ്ധ്യക്ഷൻ ഹരിദാസ്, RSS  നേതാവ് വത്സൻ തില്ലങ്കേരി എന്നിവർ."കുങ്കുമം ചുമക്കുന്ന കഴുത "  ലാലിനെ കുറിച്ച് കാലത്തിനു മുന്നേ പ്രവചിച്ച സുകുമാർ അഴിക്കോടിന്റെ ദീർഘവീക്ഷണം  എത്ര സത്യമാണെന്ന് ലാൽ വീണ്ടും വീണ്ടും തെളിയിക്കുന്നു . ഇന്ത്യയുടെ മതേതത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമ്മാണം പൂർത്തിയാവുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചങ്ങിലേക്ക് മോദിയോടൊപ്പംപ്രത്യേക VVIP ക്ഷണിതാവ് കൂടിയാണ് ഇയാൾ എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം. 

ഫെയ്സ്ബുക്കിൽ നടത്തിയ കീവേഡ് തിരയലിൽ  സമാന ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് നിരവധി പേർ പങ്കു വച്ചതായി കണ്ടെത്തി.പോസ്റ്റുകൾ പരിശോധിച്ചപ്പോൾ പോസ്റ്റിനൊപ്പമുള്ള കമന്റിൽ ഒരാൾ ചിത്രം കണ്ണൂരിലെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്. ചടങ്ങിന്റെ ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. 

ഈ സൂചനകൾ ഉപയോഗിച്ച് നടത്തിയ തിരയലിൽ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഇൻസ്റ്റഗ്രാം പേജിൽ ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഒന്നാം വാർഷികവും രണ്ടാം ഘട്ട വിപുലീകരണവും പ്രശസ്ത ചലച്ചിത്ര താരം പദ്മഭൂഷൻ ശ്രീ. മോഹൻലാൽ നിർവഹിച്ചു. കേരള നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ വിഷിഷ്ടാതിഥിയായി എത്തിയ ചടങ്ങിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ. ജി. അലക്സാണ്ടർ സ്വാഗതം ആശംസിച്ചു. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ NABH അംഗീകാരം ലഭിച്ച സന്തോഷവും പരിപാടിയിൽ അറിയിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ Paediatric Orthopaedic Department ഉദ്ഘാടനത്തിന്റെ ഭാഗമായി നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ നിർധനരായ 25 കുട്ടികളുടെ സൗജന്യ സർജറിയുടെ പ്രഖ്യാപനവും നടത്തി എന്ന കുറിപ്പിനൊപ്പം സദസിന്റെ ചിത്രവും ആശുപത്രി പങ്ക് വച്ചിട്ടുണ്ട്. വിവിധ പാർട്ടികളിലെ നിരവധി രാഷ്ട്രീയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തതായി ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ മോഹൻലാലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

പ്രചരിക്കുന്ന ചിത്രം ഈ ചടങ്ങുമായി ബന്ധപ്പെട്ടുള്ളത് തന്നെയാണോ എന്ന സ്ഥിരീകരണത്തിനായി ഞങ്ങൾ ബേബി മെമ്മോറിയൽ ആശുപത്രി പിആർഒയുമായി ബന്ധപ്പെട്ടു. പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഒന്നാം വാർഷികവും രണ്ടാം ഘട്ട വിപുലീകരണവും പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മോഹൻലാലിനൊപ്പം ആശുപത്രിയിലെ കോണ്‍ഫറന്‍സ് മുറിയില്‍ നിന്നെടുത്ത ചിത്രമാണിതെന്നും പിആർഒ വ്യക്തമാക്കി.

നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറടക്കം നിരവധി നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

∙ വാസ്തവം

ആര്‍എസ്എസ് കാര്യാലയത്തില്‍ മോഹന്‍ലാല്‍ സന്ദർശനം നടത്തിയെന്ന വാദം തെറ്റാണ്. കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴുള്ളതാണ് ചടങ്ങിനെത്തിയ നേതാക്കൾക്കൊപ്പമുള്ള പ്രചരിക്കുന്ന ചിത്രം. ‌

English Summary: Claim that Mohanlal visited the RSS office is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com