ADVERTISEMENT

ആശുപത്രിയിൽ മകളുടെ ബ്ലഡ് ബാഗ് തൂക്കിയിടാന്‍ സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ ആശുപത്രി വരാന്തയിൽ കിടക്കുന്ന മകളുടെ ബ്ലഡ് ബാഗ് കൈയ്യിൽ പിടിച്ചു നില്‍ക്കുന്ന ഗുജറാത്തിലെ അമ്മയെന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം.

അന്വേഷണം

3000 കോടി രൂപയുടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ കാഴ്ച. ഞങ്ങൾ ഇന്ത്യയെ നശിപ്പിക്കുന്ന തിരക്കിലാണ് ഇത്രയൊക്കെ ചെയ്യാനേ കഴിഞ്ഞുള്ളൂ എന്ന കുറിപ്പുമായാണ് ചിത്രം ഉൾപ്പെട്ട പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റ് കാണാം.

കീവേഡുകളുടെ തിരയലിൽ നിരവധി പേർ ചിത്രം ഗുജറാത്തിലേതെന്ന തരത്തിൽ പോസ്റ്റുകൾ പങ്കു വച്ചിട്ടുണ്ട്. 

ചിത്രത്തിന്റെ റിവേഴ്സ് ഇമേജ് തിരയലിൽ ഇൻഡ്യാ ടൈംസ് 2022 സെപ്റ്റംബർ 16ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ചിത്രം ഉൾപ്പെട്ട വാർത്തയുടെ വിവരങ്ങൾ ലഭിച്ചു.

പെൺകുട്ടിയെ തറയിലിരുത്തി രക്തം നൽകി, ബ്ലഡ് ബാഗ് അമ്മയ്ക്ക് കൈമാറി, മധ്യപ്രദേശിലെ ആരോഗ്യ സംവിധാനം തുറന്നുകാട്ടുന്ന ചിത്രം എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയിരിക്കുന്നത്.

മധ്യപ്രദേശിൽ നിന്ന് മോശം മെഡിക്കൽ സംവിധാനത്തിന്റെ ലജ്ജാകരമായ ചിത്രം പുറത്തുവന്നു. ഒരു പെൺകുട്ടിക്ക് തറയിലിരുന്ന് രക്തം കൊടുക്കുന്നതാണ് ചിത്രത്തിൽ. രക്ത ബാഗ് പെൺകുട്ടിയുടെ അമ്മയുടെ കൈയിലാണ്. സത്‌ന ജില്ലയിലെ മൈഹാർ സിവിൽ ഹോസ്പിറ്റലിൽ നിന്നാണ് ഈ കേസ് റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ആരോഗ്യ സംവിധാനത്തെ തുറന്നുകാട്ടുന്ന  ചിത്രം വൈറലായതോടെ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് വർമ ഇക്കാര്യം മനസിലാക്കുകയും സിഎംഒയോട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

 

ലഭ്യമായ വിവരമനുസരിച്ച്, ഹീമോഗ്ലോബിൻ കുറഞ്ഞ 15 വയസ്സുള്ള പെൺകുട്ടിക്കാണ് രക്തം മാറ്റേണ്ടി വന്നത്. എന്നാൽ ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ജീവനക്കാർ കുട്ടിയെ തറയിൽ ഇരുത്തി രക്തം നൽകുകയും ബ്ലഡ് ബാഗ് അമ്മയെ ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സന്തോഷി കേവത് എന്നാണ് പെൺകുട്ടിയുടെ പേര്. ആശുപത്രിയിൽ കിടക്കകൾ ഒഴിവില്ലെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ എങ്ങനെയോ രക്തം എത്തിച്ചു. കിടക്ക ഒഴിവില്ലാതെ വന്നപ്പോൾ തറയിൽ ഇരുത്തി രക്തം നൽകി. സംഭവത്തിൽ ഒരു ഡോക്ടർക്കും നഴ്‌സിനും എതിരെയാണ് നടപടിയും സ്വീകരിച്ചിരുന്നു എന്ന് റിപ്പോർ‌ട്ട് വ്യക്തമാക്കുന്നുണ്ട്.

വാസ്തവം

ആശുപത്രിയിൽ മകളുടെ ബ്ലഡ് ബാഗ് തൂക്കിയിടാന്‍ സ്റ്റാന്‍ഡ് ഇല്ലാത്തതിനാല്‍ വരാന്തയിൽ കിടക്കുന്ന മകളുടെ ബ്ലഡ് ബാഗ് കൈയ്യിൽ പിടിച്ചു നില്‍ക്കുന്ന ഗുജറാത്തിലെ അമ്മയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഗുജറാത്തിലെ ആശുപത്രിയുമായി സംഭവത്തിന് ബന്ധമില്ല.

English Summary:Picture circulating claiming to be a Gujarati mother holding her daughter's blood bag lying on the hospital verandah is misleading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com