ADVERTISEMENT

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് സംബന്ധിച്ച ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നിറയെ. ഇതിനിടെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്ന എസ്എഫ്‌ഐ വനിതാ നേതാവ് സാന്ദ്രാ ബോസിന് ജാമ്യം കിട്ടിയപ്പോള്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു എന്ന അവകാശവാദവുമായി ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം. 

∙ അന്വേഷണം

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല, മാർക്ക് ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ് എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്

ഒരു പെൺകുട്ടി ജയിലിൽ നിന്ന് പുറത്തേക്കിറങ്ങുന്നതും ഒരു സ്ത്രീ വന്ന് മാലയിട്ട് സ്വീകരിക്കുന്നതും ചുറ്റും കൂടി നിൽക്കുന്നവർ മുദ്രാവാക്യം മുഴക്കുന്നതുമാണ് വിഡിയോ ദൃശ്യങ്ങളിൽ.

വിഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ ഗൂഗിൾ റിവേഴ്സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ ദൃശ്യങ്ങളടങ്ങിയ നിരവധി വാർത്തകളും വിഡിയോകളും ഞങ്ങൾക്ക് ലഭിച്ചു. ഇതിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ  അഡ്വ കെ എസ് അരുൺകുമാർ ഫെയ്സ്ബുക്കിൽ ഇതേ വിഡിയോ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് കാണാം.

ലഭിച്ച മാധ്യമ റിപ്പോർട്ടുകളിൽ നിന്ന് സാന്ദ്ര എസ് എഫ് ഐ തൃശ്ശൂർ ജില്ലാ കമ്മറ്റി അംഗമാണെന്നും ചാലക്കുടി ഐടിഐയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ജീപ്പ് തല്ലി തകർത്തു എന്ന കേസിലാണ് സാന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് വ്യക്തമായി. അത് സംബന്ധിച്ച് മനോരമ ഓൺലൈൻ നൽകിയ വാർത്ത കാണാം.

ഡിസംബർ 22ന് ചാലക്കുടി ഗവ.ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ വെള്ളി വൈകിട്ട് 5.30ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണു പൊലീസ് ജീപ്പ് തകർത്തത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ സാന്ദ്രയടക്കം എട്ട് പേരാണ് അറസ്റ്റിലായത്. ഹെല്‍മെറ്റ് വയ്ക്കാതെ ഇരുചക്രവാഹനം ഓടിച്ച ഡിവൈഎഫ്‌ഐ നേതാവിന് പൊലീസ് പിഴ ഇട്ടതിന്റെ മറുപടിയായാണ് വാഹനം തകര്‍ത്തതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

സാന്ദ്രയ്ക്കെതിരെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എതെങ്കിലും കേസുകൾ നിലവിലുണ്ടോ എന്ന വ്യക്തതയ്ക്കായി ഞങ്ങൾ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടു.എന്നാൽ ഇത്തരമൊരു കേസ് സാന്ദ്രയ്ക്കെതിരെ ചാർജ് ചെയ്തിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതിൽ നിന്ന് എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ കമ്മറ്റി അംഗമായ സാന്ദ്രാ ബോസിനെ ചാലക്കുടി ഐടിഐയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ്  അറസ്റ്റ് ചെയ്തതെന്ന്  വ്യക്തമായി.

വാസ്തവം

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവിനെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചാലക്കുടി ഐടിഐയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സാന്ദ്രയെ അറസ്റ്റ് ചെയ്തത്.

English Summary:Video circulating claiming to show the reception of an SFI leader arrested in a mark list scam case is misleading 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com