ADVERTISEMENT

അയോധ്യ രാമക്ഷേത്ര വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാണ്. ഇതിനിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമപ്രതിമ സരയൂനദീ തീരത്ത് എന്ന കുറിപ്പോടെ ഒരു ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ  വാസ്തവമറിയാം.

∙ അന്വേഷണം

13,000 ടൺ ഭാരം, 823 അടി ഉയരം, 3,000 കോടി രൂപ ചെലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് എന്ന അടിക്കുറിപ്പോടെയാണ് ഒരു ശ്രീരാമ ചിത്രത്തിനൊപ്പം പോസ്റ്റ് പ്രചരിക്കുന്നത്.

ചിത്രം റിവേഴ്സ് ഇമേജ് വഴി പരിശോധിച്ചപ്പോൾ ആന്ധ്രപ്രദേശിലെ കുർണ്ണൂലിൽ നിർമാണമാരംഭിച്ച കൂറ്റൻ രാമ പ്രതിമയെ കുറിച്ചുള്ള വിവരങ്ങളാണ് ഞങ്ങൾക്ക് ലഭിച്ചത്. നിർമാണം ആരംഭിക്കുന്ന പ്രതിമയുടെ ഏകദേശ രൂപമാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച മാധ്യമ വാർത്ത കാണാം. 

 ആന്ധ്രാപ്രദേശിലെ കുർണൂലിൽ 108 അടി ഉയരമുള്ള ശ്രീരാമ പ്രതിമയുടെ നിർമ്മാണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തറക്കല്ലിട്ടു. പ്രദേശത്ത് സനാതന മതം പ്രചരിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നാഴികക്കല്ലായാണ് പ്രതിമ സ്ഥാപിക്കുമെന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ തറക്കല്ലിടീൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത അമിത് ഷാ പറഞ്ഞു എന്ന വിവരമാണ് ഈ റിപ്പോർട്ടിൽ നിന്ന് ലഭിച്ചത്. പ്രതിമയുടെ ഏകദേശ രൂപം എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് 2023 ജൂലൈ 23ന് അമിത് ഷാ എക്സിൽ പങ്ക് വച്ച പോസ്റ്റ് കാണാം.

ആന്ധ്രാപ്രദേശിലെ കുർണൂലിൽ ശ്രീ രാഘവേന്ദ്ര സ്വാമി മഠം നിർമ്മിക്കുന്ന 108 അടി ഉയരമുള്ള പ്രഭു ശ്രീരാമചന്ദ്രജിയുടെ പ്രതിമയ്ക്ക് തറക്കല്ലിട്ടു.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രഭുറാമിന്റെ ഭീമാകാരമായ പ്രതിമ നഗരത്തെ ഭക്തിയിൽ മുക്കിയെടുക്കും, അതേസമയം നമ്മുടെ സമ്പന്നവും കാലാതീതവുമായ നാഗരിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയിൽ അചഞ്ചലരായി തുടരാൻ ആളുകളെ പ്രചോദിപ്പിക്കും. എന്നാണ് വൈറൽ ചിത്രം പങ്ക് വച്ചു കൊണ്ടുള്ള അമിത് ഷായുടെ പോസ്റ്റ്. 

വൈറൽ പോസ്റ്റിൽ നൽകിയിരിക്കുന്ന ശിൽപ്പത്തിന്റെ അളവുകളും തെറ്റായിട്ടാണ് നൽകിയിരിക്കുന്നത്.108 അടി ഉയരമാണ് കുർണൂലിൽ നിർമ്മിക്കുന്ന പ്രതിമയ്ക്കുള്ളത്.എന്നാൽ അയോധ്യയിൽ സരയു നദിയുടെ തീരത്തും ഇത്തരമൊരു കൂറ്റൻ പ്രതിമ നിർമ്മിക്കുന്നതായുള്ള മാധ്യമ റിപ്പോർട്ടുകളും ഞങ്ങൾക്ക് ലഭിച്ചു.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ അയോധ്യയിൽ സരയൂ നദിക്കരയിൽ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വൈറൽ ചിത്രത്തിനൊപ്പമുള്ള പ്രചാരണത്തിൽ പറയുന്നത് പോലെ 13,000 ടൺ ഭാരം , 823 അടി ഉയരം, 3,000 കോടി രൂപ ചെലവിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീരാമ പ്രതിമ സരയൂ നദീ തീരത്ത് നിർമ്മിക്കുന്നതെന്നും ഹരിയാനയിലെ മനേസറിലെ ഒരു ഫാക്ടറിയിലാണ് ഈ ഭീമാകാരമായ ശില്പം നിർമ്മിക്കുന്നതെന്നും വ്യക്തമായി. ഇത് സംബന്ധിച്ച റിപ്പോർട്ടുകളിലെല്ലാം മറ്റൊരു ശിൽപ്പമാണ് നൽകിയിട്ടുള്ളതും.

∙ വസ്തുത

പ്രചരിക്കുന്ന പോസ്റ്റിലുള്ളത് ആന്ധ്രപ്രദേശിൽ നിർമ്മിക്കുന്ന ശ്രീരാമപ്രതിമയുടെ ചിത്രമാണ്. അയോധ്യയിലേതല്ല.

English Summary: The image circulated in a post, as of a Rama statue being built in Andhra Pradesh is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com