അത്തർ വിൽപ്പനയുടെ മറവിൽ വീടുകളിൽ കൊള്ള; ഈ പൊലീസ് മുന്നറിയിപ്പ് വ്യാജം : വസ്തുതയറിയാം | Fact Check
Mail This Article
അത്തർ വിൽപ്പനയുടെ മറവിൽ വീടുകള്‍ ബംഗാളികൾ കൊള്ളയടിക്കുന്നു എന്ന അവകാശവാദവുമായി പൊലീസിന്റെ പേരിലുള്ള ഒരു ജാഗ്രത മുന്നറിയിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ ഞങ്ങൾക്ക് ഇത് സംബന്ധിച്ച സന്ദേശം ലഭിച്ചു. വാസ്തവമറിയാം.
∙ അന്വേഷണം
അത്തർ വിൽപ്പനയുടെ മറവിൽ വീടുകൾ കൊള്ളയടിക്കുന്നത് പതിവായിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 150 ബംഗാളികൾ ഇറങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആദ്യം നന്നായ് മണമുള്ള അത്തറുകൾ മണപ്പിക്കും. പിന്നീട് മയക്കുമരുന്ന് കലർത്തിയ അത്തർ മണപ്പിക്കുന്നതോടെ ബോധരഹിതരാകും. പിന്നീട് വീട് കൊള്ളയടിക്കും. നമ്മുടെ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്.
ഇത്തരത്തിലൊരു സന്ദേശം പൊലീസ് നൽകിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ ആദ്യം കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളാണ് പരിശോധിച്ചത്.എന്നാൽ ഇങ്ങനെയൊരറിയിപ്പ് നൽകിയതായി എവിടെയും കണ്ടെത്താൻ സാധിച്ചില്ല.
വൈറൽ സന്ദേശം പരിശോധിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ ഇത്തരം കേസുകൾ വർദ്ധിച്ചു വരുന്നത് സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. വ്യക്തതയ്ക്കായി ഞങ്ങൾ കോഴിക്കോട് ടൗൺ സ്റ്റേഷനിലും കൺട്രോൾ റൂമുമായും ബന്ധപ്പെട്ടു.
ഇത്തരമൊരു അറിയിപ്പ് പൊലീസ് നൽകിയിട്ടില്ല എന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണയും അനാവശ്യ ഭീതിയും പരത്തുന്നതിനാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇതിൽ നിന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.
കൂടുതൽ തിരഞ്ഞപ്പോൾ വൈറൽ സന്ദേശം 2016 മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണെന്ന് വ്യക്തമായി.
∙ വസ്തുത
അത്തർ വിൽപ്പനയുടെ മറവിൽ വീടുകള്‍ ബംഗാളികൾ കൊള്ളയടിക്കുന്നു എന്ന പൊലീസ് ജാഗ്രതാ മുന്നറിയിപ്പ് വ്യാജമാണ്. ഇത്തരമൊരറിയിപ്പ് കേരള പൊലീസ് നൽകിയിട്ടില്ല.
English Summary: The police alert that Bengalis are looting houses under the guise of selling attar is false