ADVERTISEMENT

തമിഴക വെട്രി കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിച്ച നടൻ വിജയ് ആണ് തമിഴ് രാഷ്ട്രീയത്തിലെയും സിനിമ മേഖലയിലെയും ചർച്ചകളിൽ. ഇതിനിടെ നടൻ അരവിന്ദ്സ്വാമി വിജയ്ക്ക് വോട്ട് ചെയ്യില്ല എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം

∙ അന്വേഷണം

തമിഴിലുള്ള ഒരു ന്യൂസ് കാർഡാണ് വസ്തുതാ പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. മലയാളത്തിലേയ്ക്ക് കാർഡിലെ വാചകങ്ങൾ പരിഭാഷപ്പെടുത്തിയപ്പോൾ വിജയ്ക്ക് വോട്ട് ചെയ്യില്ലെന്ന് നടൻ അരവിന്ദ്സ്വാമി പറഞ്ഞതായാണ് അതിൽ പറയുന്നതെന്ന് വ്യക്തമായി.' മലൈ മലർ' എന്ന പേരും കാർഡിൽ നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. കീവേഡുകളുടെ പരിശോധനയിൽ  മലൈ മലർ എന്ന മാധ്യമത്തിന്റെ എക്സ് പേജിൽ ഇതേ കാർഡ് ഞങ്ങൾ കണ്ടെത്തി. ഇത് സംബന്ധിച്ച വാർത്തയും അവർ നൽകിയിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

vijayaravind

തമിഴക വെട്രി കഴകം എന്ന പേരിൽ വിജയ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങുന്നതിനെക്കുറിച്ച് പ്രതികരിച്ച് നടൻ അരവിന്ദ്സ്വാമി എന്ന തലക്കെട്ടോടെ, ഞാൻ രജനിയുടെയും കമലിന്റെയും വലിയ ആരാധകനാണ്, വിജയ്‌ക്ക് വോട്ട് ചെയ്യരുത്, കാരണം എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ഞാൻ വോട്ട് ചെയ്യില്ല എന്ന് അരവിന്ദ്സ്വാമി പറഞ്ഞതായി അവകാശപ്പെട്ടാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.

വ്യക്തതയ്ക്കായി കൂടുതൽ കീവേഡുകൾ ഉപയോഗിച്ച്  ഞങ്ങൾ നടത്തിയ പരിശോധനയിൽ 2018 ഡിസംബറിൽ ലിറ്റിൽ ടോക്‌സ് എന്ന യൂട്യൂബ് പേജിൽ പോസ്റ്റ് ചെയ്ത അരവിന്ദ്സ്വാമിയുടെ ഒരു അഭിമുഖം ഞങ്ങൾക്ക് ലഭിച്ചു. അഭിമുഖത്തിൽ, രജനി, കമൽ, വിജയ് എന്നിവർക്കെല്ലാം രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ട്. നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്? എന്ന അവതാരകരുടെ ചോദ്യത്തിന് ആർക്കും രാഷ്ട്രീയത്തിൽ താൽപ്പര്യമുണ്ടാകാം. കൂടുതൽ ആളുകൾ രാഷ്ട്രീയത്തിൽ വരണം. തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങൾ എന്താണ് പറയുന്നത്, നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത്,  അത് ചെയ്യാൻ കഴിയുമോ? നിങ്ങൾ ആർക്കൊപ്പമാണ്? അവർക്ക് നിങ്ങളുടെ നയം നടപ്പിലാക്കാൻ കഴിയുമോ? തുടങ്ങിയ കാര്യങ്ങൾ ഒരു സാധാരണ വോട്ടർ എന്ന നിലയിൽ താൻ  പരിഗണിക്കും എന്നായിരുന്നു അരവിന്ദ്സ്വാമിയുടെ മറുപടി. ഇതോടൊപ്പം താൻ രജനി സാറിന്റെ വലിയ ആരാധകനാകാം,  കമൽ സാറിന്റെ വലിയ ആരാധകനാകാം, വിജയ്‌യെ ഇഷ്ടമാകാം എന്ന് കരുതി അവർക്ക് വോട്ട് ചെയ്യാൻ ഇടയില്ല. മറ്റുള്ളവർ എങ്ങനെയാകുമെന്ന് ഞാൻ പറയുന്നില്ല. ഞാൻ ചെയ്യില്ല. എന്നാണ് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.

മറ്റൊരു എക്‌സ് പോസ്റ്റിൽ വിഡിയോയുടെ പ്രസക്ത ഭാഗം നൽകിയിരിക്കുന്നതും ഞങ്ങൾക്ക് ലഭിച്ചു.

ഇതിൽ നിന്ന് അഞ്ചു വർഷം മുമ്പ് അരവിന്ദ്സ്വാമിയുടെ അഭിമുഖത്തിലെ ഒരു വാചകം മാത്രമാണ് മലൈ മലർ വാർത്താ കാർഡായി പ്രസിദ്ധീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി.

∙ വസ്തുത

വിജയ്‌യുടെ തമിഴക വെട്രി കഴകം എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട് നടൻ അരവിന്ദ്സ്വാമിയുടേതെന്ന തരത്തിൽ പ്രചരിക്കുന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്.  2018ലെ അരവിന്ദ്സാമിയുടെ അഭിമുഖത്തിലെ ഒരു പ്രസക്തഭാഗം മാത്രമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

English Summary : Old speech by the Actor Arvind Swami has surfaced on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com