ADVERTISEMENT

കോട്ടയത്ത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിക്കുന്ന മാർത്തോമ്മൻ പൈതൃക സമ്മേളനത്തിന്റെ ഉദ്ഘാടനം നടി ഹണി റോസ് നിർവഹിക്കുന്നു എന്ന അവകാശവാദവുമായി ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലൊരു പോസ്റ്ററാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

സിനിമാതാരം ഹണി റോസാണ് മാർത്തോമ്മൻ പൈതൃകസംഗമം ഉല്‍ഘാടനം ചെയ്യുന്നതെന്ന് അവകാശപ്പെട്ടുള്ള പോസ്റ്റര്‍ ആണ് പ്രചരിക്കുന്നത്. പ്രശസ്ത സിനിമാ താരവും മലങ്കര നസ്രാണികളുടെ വനിതാ രത്നവുമായ ഹണി റോസ് പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫാ. തോമസ് വർഗ്ഗീസ് അമയിൽ, വൈദിക ട്രസ്‌റ്റി. മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ എന്നാണ് പോസ്റ്ററിൽ നൽകിയ വാചകങ്ങൾ. പോസ്റ്ററിൽ  ഹണി റോസിന്‍റെ ചിത്രവും  മാർത്തോമ ശ്ലീഹയുടെയും സഭാ പിതാക്കന്മാരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

F-12542

മാര്‍ത്തോമ്മന്‍ പൈതൃക മഹാസമ്മേളനത്തെക്കുറിച്ചാണ് ഞങ്ങൾ ആദ്യം തിരഞ്ഞത്. കീവേഡ് പരിശോധനയിൽ കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ 2024 ഫെബ്രുവരി 25നാണ്  മാര്‍ത്തോമ്മന്‍ പൈതൃക മഹാസമ്മേളനം എന്ന് വ്യക്തമായി. ഇത് സംബന്ധിച്ച വാർത്തകൾ പരിശോധിച്ചെങ്കിലും സമ്മേളനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭിച്ചില്ല. 

വൈറൽ പോസ്റ്റർ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ മാർത്തോമൻ യുവജന സംഘടനയുടെ ഒരു സമൂഹ മാധ്യമ പേജിൽ വൈറൽ പോസ്റ്ററിന് സമാനമായ മറ്റൊരു പോസ്റ്റർ ഞങ്ങൾക്ക് ലഭിച്ചു.

F-12541

മലങ്കര ഓർത്തഡോക്‌സ്‌ സുറിയാനി സഭ അറിയിപ്പ്, മാർത്തോമ്മൻ പൈതൃക സംഗമത്തിന് ലഭിക്കുന്ന വർദ്ധിതമായ ആവേശം പരിഗണിച്ച്ഫെബ്രുവരി 25 ന് കോട്ടയം എം. ഡി. സെമിനാരി മൈതാനിയിൽ നടക്കുന്ന സമ്മേളനം നെഹ്റു സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതായി പരിശുദ്ധ കതോലിക്കാ ബാവയുടെ ആജ്ഞാനുസരണം ഏവരേയും അറിയിക്കുന്നു. ഫാ. തോമസ് വർഗ്ഗീസ് അമയിൽ വൈദീക ട്രസ്‌റ്റി, മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ എന്നാണ് ഈ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. പോസ്റ്ററിൽ മാർത്തോമ ശ്ലീഹയുടെയും സഭാ പിതാക്കന്മാരുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറൽ പോസ്റ്ററിലേതിന് സമാനമായ പശ്ചാത്തലവും  ചിത്രങ്ങളുമാണ് ഈ പോസ്റ്ററിലുമുള്ളത്. കൂടാതെ പോസ്റ്ററിന് വശത്തായി MOSC Digital Media Committee എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ വാട്ടർമാർക്ക് വൈറലായ പോസ്റ്ററിലുമുണ്ട്.

മാർത്തോമ്മൻ പൈതൃക സമ്മേളനത്തിന്റെ യഥാർഥ പോസ്റ്റർ എഡിറ്റ് ചെയ്ത് ഹണി റോസിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരിപ്പിക്കുകയാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. സ്ഥിരീകരണത്തിനായി സഭാ വക്താക്കളുമായി സംസാരിച്ചു. തികച്ചും വ്യാജ പ്രചാരണമാണിത്. സഭയ്ക്കെതിരെ തെറ്റായ പ്രചാരണമാണ് ഇതുവഴി ചിലർ നടത്തുന്നത്. ഇത്തരമൊരു പോസ്റ്റർ പുറത്തിറക്കിയിട്ടില്ല. അവർ വ്യക്തമാക്കി. 

ഇതിൽ നിന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പേരില്‍ വ്യാജ പ്രചരണമാണ് നടത്തുന്നതെന്ന് വ്യക്തമായി.

∙ വാസ്തവം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാർത്തോമൻ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സിനിമാതാരം ഹണി റോസാണെന്ന പ്രചാരണം വ്യാജമാണ്. പ്രചരിക്കുന്ന പോസ്റ്റർ എഡിറ്റ് ചെയ്തതാണ്. 

English Summary: Malankara Orthodox Church's Marthoman Heritage Conference to be Inaugurated by Movie Star Honey Rose is Fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com