ADVERTISEMENT

വേനൽക്കാലത്ത് ഇന്ധനം നിറയ്ക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഭാരത് പെട്രോളിയത്തിന്റെ മുന്നറിയിപ്പ്  എന്ന അവകാശവാദത്തോടെ ഒരു കുറിപ്പ് വാട്‌സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

ഭാരത് പെട്രോൾ മുന്നറിയിപ്പ് നൽകുന്നു വരും ദിവസങ്ങളിൽ താപനില ഉയരുമെന്നതിനാൽ, പരമാവധി പരിധിക്കുള്ളിൽ നിങ്ങളുടെ വാഹനത്തിൽ പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്കിൽ പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ "പകുതി നിറയെ ഇന്ധനം നിറച്ച് വായു അകത്തേക്ക് വരാൻ അനുവദിക്കൂ. പെട്രോൾ അമിതമായി നിറച്ചതിനാൽ ഈ ആഴ്ച 5 സ്ഫോടനങ്ങൾ ഉണ്ടായി ദിവസത്തിൽ ഒരിക്കൽ പെട്രോൾ ടാങ്ക് തുറന്ന് ഉള്ളിലെ ഗ്യാസ് പുറത്തേക്ക് വിടുക. ശ്രദ്ധിക്കുക: ഈ സന്ദേശം നിങ്ങളുടെ കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും അയയ്ക്കുക, അതിലൂടെ ആളുകൾക്ക് ഈ അപകടം ഒഴിവാക്കാൻ കഴിയും എന്നാണ് പ്രചരിക്കുന്ന സന്ദേശം.

petrolarticle

കീവേഡുകളുടെ പരിശോധനയിൽ ചൂട് കാലാവസ്ഥയിൽ വാഹനത്തിന്റെ ഇന്ധന ടാങ്കിനുള്ളിലെ ഇന്ധനം സ്വയം തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുമെന്ന അഭ്യൂഹം വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതാണെന്ന് ഞങ്ങൾക്ക് വ്യക്തമായി. വിശദമായ തിരച്ചിലിൽ ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ‘എക്‌സി’ൽ നൽകിയ പോസ്റ്റാണ് ​ഞങ്ങൾ‌ക്ക് ലഭിച്ചത്.

ഇന്ത്യൻ ഓയിൽ അറിയിപ്പ്, ഇന്ത്യൻ ഓയിൽ ഇനിപ്പറയുന്ന  മുന്നറിയിപ്പ് നൽകിയതായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾ ഉണ്ട്: താപനില കൂടുന്നതിനാൽ ടാങ്കിന്റെ പരമാവധി പരിധിയിൽ പെട്രോൾ നിറയ്ക്കരുത്; അത് ഇന്ധന ടാങ്കിൽ ഒരു സ്ഫോടനത്തിന് കാരണമാകും. പെട്രോൾ വേണമെങ്കിൽ പകുതി ടാങ്ക് നിറച്ച് ബാക്കി വായുവിൽ വിടുക. Indianoil ഈ പ്രസ്താവന നിരസിക്കാനും ഇനിപ്പറയുന്ന രീതിയിൽ വ്യക്തമാക്കാനും ആഗ്രഹിക്കുന്നു:

ഓട്ടമൊബീൽ നിർമാതാക്കൾ അവരുടെ വാഹനങ്ങൾ രൂപകൽപ്പന ചെയ്യുന്നത് പ്രകടന ആവശ്യകതകൾ, ക്ലെയിമുകൾ, അന്തർനിർമിത സുരക്ഷാ ഘടകങ്ങൾ എന്നിവയുടെ എല്ലാ വശങ്ങളും പരിഗണിച്ചാണ്. പെട്രോൾ/ഡീസൽ വാഹനങ്ങൾക്കുള്ള ഇന്ധന ടാങ്കിൽ വ്യക്തമാക്കിയിട്ടുള്ള പരമാവധി അളവ് ഇതിൽ ഒരു അപവാദമല്ല. അതിനാൽ, ശീതകാലമോ വേനൽക്കാലമോ പരിഗണിക്കാതെ നിർമാതാവ് വ്യക്തമാക്കിയ പൂർണ്ണ പരിധി വരെ (പരമാവധി) വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് തികച്ചും സുരക്ഷിതമാണെന്നാണ് എക്‌സ് പോസ്റ്റിൽ പറയുന്നത്. ഇതിൽ നിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ സംബന്ധിച്ചും ഇത്തരത്തിലൊരു വ്യാജ പ്രചാരണം നടന്നതായി ബോധ്യപ്പെട്ടു.

ഭാരത് പെട്രോളിയത്തിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൊന്നും ഇത്തരമൊരറിയിപ്പ് നൽകിയതായി കണ്ടെത്താനായില്ല. സ്ഥിരീകരണത്തിനായി ഞങ്ങൾ ഭാരത് പെട്രോളിയം കൊച്ചി റിഫൈനറി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അറിയിപ്പ് വ്യാജമാണെന്ന് അവരും സ്ഥിരീകരിച്ചു. 

∙ വാസ്തവം

വേനൽക്കാലത്ത് ഇന്ധനം നിറയ്ക്കുമ്പോൾ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ പൊട്ടിത്തെറി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഭാരത് പെട്രോളിയത്തിന്റെ മുന്നറിയിപ്പ്  എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പേരിൽ മുൻകാലങ്ങളിൽ പ്രചരിച്ച വ്യാജ പ്രചാരണമാണ് ഇപ്പോൾ  ഭാരത് പെട്രോളിയത്തിന്റെ പേരിൽ പ്രചരിക്കുന്നത്.

English Summary: Bharat Petroleum's warning about possible explosions in fuel tanks of vehicles during refueling in summer is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com