ADVERTISEMENT

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയും തൃശൂര്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍, ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ചു സംസാരിച്ചു എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്ക് ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചിരിന്നു. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

ടി.എൻ പ്രതാപൻ എംപിയുടെ ചിത്രത്തോടൊപ്പമുള്ള ഒരു കാർഡാണ് ഞങ്ങൾക്ക് ലഭിച്ചത്. ആറ്റുകാൽ പൊങ്കാല മീൻകറിയും കപ്പയും കൂട്ടി കഴിച്ചാൽ ആകാശമിടിഞ്ഞ് വീഴുമോ എന്ന വാചകത്തോടൊപ്പമാണ് ചിത്രം പ്രചരിക്കുന്നത്. സൂചനകൾ ഉപയോഗിച്ച് ഫേയ്‌സ്ബുക്കിൽ നടത്തിയ കീവേഡ് തിരയലിൽ,

ഇല്ല .ഒരിയ്ക്കലും ഇല്ല.പക്ഷെ അതിന് ഭക്തര്‍ തയ്യാറാകില്ലല്ലോ ?സ്വന്തം തള്ളയെ കെട്ടിയാലും,സഹോദരിയെ കെട്ടിയാലും മക്കളുണ്ടാകും.പക്ഷെ അത് മനുഷ്യര്‍ ചെയ്യില്ലല്ലോ ?എന്നാല്‍ മൃഗങ്ങള്‍ക്ക് മാതാവെന്നോ,സഹോദരിയെന്നോ ഇല്ല.അപ്പോള്‍ പ്രതാപന് സ്വന്തം അമ്മയേയും,സഹോദരിയേയും കെട്ടാം.പക്ഷെ മനുഷ്യര്‍ക്ക് അത് പറ്റില്ല എന്ന കുറിപ്പിനൊപ്പം ടി.എൻ.പ്രതാപന്റെ ഈ കാർഡ് വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി.പോസ്റ്റ് കാണാം

ഇത്തരത്തിലൊരു വിവാദ പ്രസ്താവന ടി.എൻ പ്രതാപൻ നടത്തിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ മാധ്യമങ്ങളൊന്നും തന്നെ ഇത്തരമൊരു വാർത്ത എവിടെയും റിപ്പോർട്ട് ചെയ്തതായി കണ്ടെത്താൻ സാധിച്ചില്ല

പ്രചാരണത്തെക്കുറിച്ചുള്ള സ്ഥിരീകരണത്തിനായി ഞങ്ങൾ  ടി‌.എന്‍ പ്രതാപൻ എംപിയുമായി സംസാരിച്ചു. 

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള മനപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായി അടിസ്ഥാനമില്ലാത്ത വ്യാജ പ്രചരണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്നത്. ആറ്റുകാല്‍  പൊങ്കാല സംബന്ധിച്ച് ഇത്തരമൊരു പരാമർശം എവിടെയും നടത്തിയിട്ടില്ല.  പൊതുജനങ്ങൾക്കിടയിലും  വിശ്വാസികൾക്കിടയിലും ആശയകുഴപ്പവും മതസ്‌പർദ്ധയും സൃഷ്‌ടിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.  ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട്   സൈബര്‍ സെല്ലിനും പൊലീസ് മേധാവിക്കും പരാതി നല്കിയതായി അദ്ദേഹം അറിയിച്ചു. പരാതിയുടെ കോപ്പി എംപിയുടെ  ഓഫീസ് വിഭാഗം ഞങ്ങൾക്ക് നൽകി. പരാതിയുടെ പകർപ്പ് കാണാം 

ബഹുമാനപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, തൃശൂർ ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷൻ മുമ്പാകെ,തളിക്കുളം വില്ലേജ് ദേശത്ത് തൊട്ടുങ്ങൽ നാരായണൻ മകൻ 43 വയസ്സ് ടി.എൻ.പ്രതാപൻ, മെമ്പർ ഓഫ് പാർലമെന്റ്റ്, തൃശൂർ, ക്യാമ്പ് ഓഫീസ്, സെക്കന്‍റ് ഫ്ളോർ സെന്റർ പോയിന്റ് ബിൽഡിങ്ങ്, എം.ജി. റോഡ്, തൃശൂർ 4 ബോധിപ്പിക്കുന്ന പരാതി ഞാൻ ഇപ്പോൾ തൃശൂർ പാർലമെന്റ് നിയോജകമണ്‌ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗമാണ്. ഇതിനുമുമ്പ് വർഷം കേരള നിയമ സഭാംഗമായി ഞാൻ പ്രവർത്തിച്ചിട്ടുള്ളതും അതുകൂടാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയകാര്യസമിതി അംഗമായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നതുമാകുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ സമയത്ത് അഘോരി' (അഘോരി സ്വാഭിമാന ഹൈന്ദവ ഗ്രൂപ്പ്) എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിൽ 'Kanishka Kumar'എന്ന ഫെയ്‌സ് ബുക്ക് ഐഡിയിൽ നിന്നും ആറുദിവസം മുമ്പ് പോസ്റ്റ് ചെയ്ത‌തായി ഇപ്പോഴും ടി പേജിൽ നിലനിൽക്കുന്ന എന്റെ ചിത്രത്തോടു കൂടിയ പോസ്റ്റാണ് ഈ പരാതിക്ക് ആധാരം.ടി ഫെയ്സ് ബുക്ക് പോസ്റ്റിൽ എൻറെ മുഖത്തിന്റെ ചിത്രത്തോടൊപ്പം ചുവന്ന നിറത്തിലുള്ള വലിയ അക്ഷരങ്ങളിൽ "ആറ്റുകാൽ പൊങ്കാല മീൻ കറിയും കപ്പയും കൂട്ടി കഴിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ?" എന്നിങ്ങനെ എഴുതപ്പെട്ടിരിക്കുന്നതായി ഞാനും മറ്റനേകം പേരും വായിക്കുകയുണ്ടായി. മേൽപറഞ്ഞത് എന്നെ ഉദ്ധരിച്ച് പറഞ്ഞിരിക്കുന്നു എന്ന് കാണുന്നവർക്കെല്ലാം തോന്നും വിധം കൗശലപൂർവ്വം മനഃപൂർവ്വമായ ദുരുദ്ദേശത്തോടെ കൃത്രിമമായി ചമച്ച ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റാകുന്നു. ആയത് പൊതുജന നവസമ്പർക്ക മാധ്യമമായ ഫെയ്‌സ് ബുക്കിൽ പങ്കിടുന്നതുവഴി എന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുക എന്നതും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനമനസ്സിൽ എന്നെ കുറിച്ച് മതനിന്ദയും മതസ്‌പർദ്ദയും ഉളവാക്കുന്നവൻ എന്ന തെറ്റിദ്ധാരണ പരത്തുക എന്നതും വ്യാജമായി സൃഷ്ടിച്ച് ടി ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌തയാളിന്റെയും ടി പോസ്റ്റ് നിലനിർത്തിയ അഘോരി എന്ന ഫെയ്‌സ് ബുക്ക് പേജിന്റെയും ഗൂഢലക്ഷ്യമാകുന്നു. തികച്ചും വ്യാജമെന്ന് അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്കിടയിലും വിശിഷ്യ വിശ്വാസികൾക്കിടയിലും ആശയകുഴപ്പവും മതസ്‌പർദ്ദയും സൃഷ്‌ടിക്കണമെന്ന ഗൂഢോദ്ദേശത്തോടെ കൃത്രിമമായി ഇപ്രകാരം ഒരു പോസ്റ്റ് ചമച്ച് ടി പേജിൽ പ്രദർശിപ്പിക്കുകയും നിരവധിയാളുകളെ കൊണ്ട് ഷെയർ ചെയ്യിക്കുകയും ചെയ്‌തതിൽ നിന്നു തന്നെ ടിയാരുടെ ദുരുദ്ദേശം വെളിവാകുന്നതാണ്.

ജീവിതത്തിൽ ഉടനീളം ഞാൻ പുലർത്തി വരുന്നതായ മതനിരപേക്ഷതയുടെയും സർവ്വ സാഹോദര്യത്തിന്റെയും സൗഹാർദ്ദത്വത്തിന്റെയും നേരെയുള്ള ആക്രമണമാണ് അപകീർത്തികരവും ആക്ഷേപകരവുമായ ഈ വ്യാജവാർത്ത. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും എന്റെ വ്യക്തിജീവിതത്തിലും ഇപ്പോൾ ജനപ്രതിനിധി എന്ന നിലയിലും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെയും സമഭാവനയോടെയും സർവ്വ വിശ്വാസികളോടും ഇടപെടുന്ന എന്നെ അറിഞ്ഞുകൊണ്ട് ദുരുദ്ദേശത്തോടെ പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനും മതനിന്ദകനുമായി ചിത്രീകരിക്കുന്നതിനും എന്റെ സൽപ്പേരിന് കളങ്കം വരുത്തുന്നതിനും അതുവഴി എന്റെയും എന്റെ പാർട്ടിയുടെയും പ്രതിച്ഛായയെ തകർക്കണമെന്നുള്ള രാഷ്ട്രീയലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയും പൊതുതിരഞ്ഞെടുപ്പടുത്ത ഈ സാഹചര്യത്തിൽ മേൽ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ തെളിയുന്നതാണ്.

ആറ്റുകാൽ ക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധവും ഐതിഹ്യപരവും മതപരവുമായ ദശലക്ഷക്കണക്കിനു ദേവീഭക്തർ ഭക്ത്യാദരങ്ങളോടെ പങ്കെടുക്കുന്ന പൊങ്കാലയെകുറിച്ച് ഞാൻ നിന്ദ്യമായി സംസാരിച്ചു എന്ന നിലയിൽ വക്രീകരിച്ചും കൃത്രിമമായി ചമച്ചും പ്രദർശിപ്പിച്ചിട്ടുള്ള ഈ ഫെയ്‌സ്‌ ബുക്ക് പോസ്റ്റിനെകുറിച്ച് എനിക്ക് പരാതിയുണ്ട്. നാട്ടിൽ നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കുന്നതിനും സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്നതിനും മതത്തിന്റെ പേരിൽ ശത്രുതയും വിദ്വേഷവും സമൂഹത്തിൽ ജനിപ്പിച്ച് അതുവഴി ലഹളകൾപോലും സൃഷ്ട‌ിച്ച് രാഷ്ട്രീയലാഭം കൊയ്യുന്നതിനുള്ള ദുരുദ്ദേശം കരുതിയുമാണ് ഇത്തരത്തിൽ 'അഘോരി' എന്ന ഫെയ്‌സ്ബുക്ക് പേജും 'Kanishka Kumar'എന്ന ഫെയ്‌സ് ബുക്ക് ഐഡിയും വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് ടി പോസ്റ്റ് ഷെയർ ചെയ്‌ത മറ്റ്‌ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും പ്രവർത്തിച്ചിട്ടുള്ളത്. ടിയാരുടെ മേപ്പടി മനഃപൂർവ്വമായ പ്രവർത്തികൾ തികഞ്ഞ കുറ്റങ്ങളും ഇന്ത്യൻ ശിക്ഷാനിയമം 153A, 465, 469 വകുപ്പുകൾ പ്രകാരവും കേരള പോലീസ് ആക്ട് 120(o)വകുപ്പുപ്രകാരവും ശിക്ഷാർഹവുമാകുന്നു. മതവിദ്വേഷം വളർത്തിയും വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തിയും എന്റെ സൽപ്പേരിനെ പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനമധ്യത്തിൽ കളങ്കപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെ ചമച്ചും പ്രദർശിപ്പിച്ചും പങ്കിട്ടതുമായ എല്ലാവരെയും കണ്ടെത്തി ടിയാർക്കെതിരെ അനുയോജ്യമായ മേൽനടപടികൾ സ്വീകരിക്കേണ്ടത് നീതിന്യായ പൂർത്തിക്ക് അത്യന്താപേക്ഷിതമാകുന്നു. ടി പേജിന്റെ ലിങ്ക് https://facebook.com/groups/2767546910170010/?ref=share&mibextid=NSMWBT205https://facebook.com/share/p/kwZTciWXdVdbewwY/?mibextid=oFDknk 20 ആയതുകൊണ്ട് സമക്ഷത്തിങ്കൽ ദയവുണ്ടായി ഈ പരാതി സംഗതിയിൽ ഉചിതമായ അന്വേഷണം നടത്തി മേൽ പ്രസ്‌താവിച്ചവിധം കുറ്റകൃത്യം പ്രവർത്തിച്ചവർക്കെതിരെ അനുയോജ്യമായ മേൽ നടപടികൾ സത്വരമായി കൈക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് ശരീയത്ത് നിയമം ഇന്ത്യൻ ഭരണഘടനയേക്കാൾ മികച്ചതെന്ന് ടി.എൻ പ്രതാപൻ എംപി പറഞ്ഞതായുള്ള വ്യാജ പ്രചാരണവും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

∙ വാസ്തവം

ടി.എന്‍.പ്രതാപന്‍ എംപി  ആറ്റുകാൽ പൊങ്കാലയെ അവഹേളിച്ചു സംസാരിച്ചു എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റുകൾ അടിസ്ഥാനരഹിതമാണ്.

English Summary : The posts circulating widely on social media claiming that Prathapan MP spoke disparagingly about the Attukal Pongala are baseless

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com