ADVERTISEMENT

റമദാൻ കാലത്ത് ഉത്തരേന്ത്യയില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ള യാചകരെത്തുമെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള കേരള പൊലീസ് പുറത്തിറക്കിയ മുന്നറിയിപ്പെന്ന അവകാശവാദവുമായി ഒരു പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വസ്തുത പരിശോധനക്കായി ഞങ്ങളുടെ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന്റെ വാസ്തവമറിയാം.

അന്വേഷണം

കേരള പൊലീസ് അറിയിപ്പ് പ്രത്യേകം ജാഗ്രത പാലിക്കുക. ഈ റമദാന്‍ മാസത്തില്‍ നിരവധി യാചകര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകി വരുന്നുണ്ട്. ഇവര്‍ കൊടും ക്രിമിനലുകളാണ്. ഒരു നയാ പൈസയും ഇവര്‍ക്ക് കൊടുക്കരുത്. സ്ത്രീകള്‍ മാത്രം ഉള്ള വീട്ടില്‍ ഇവര്‍ വന്നാല്‍ വാതില്‍ തുറക്കാതെ അവരെ പറഞ്ഞു വിടുക എന്നു തുടങ്ങുന്ന പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.

കേരള പൊലീസിന്റെ വാട്ടർമാർക്കിനൊപ്പം പ്രചരിക്കുന്ന ഒരു മുന്നറിയിപ്പിന്റെ പകർപ്പാണ് വസ്തുത പരിശോധനയ്ക്കായി ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ ആദ്യം തന്നെ കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളാണ് പരിശോധിച്ചത്.ഇത്തരത്തിൽ എന്തെങ്കിലും അറിയിപ്പുകളുണ്ടെങ്കിൽ അത് ആദ്യം തന്നെ കേരള പൊലീസിന്റെ ഔദ്യോഗിക പേജുകൾ വഴി അറിയിപ്പായി പോസ്റ്റ് ചെയ്യും.എന്നാൽ ഇത്തരമൊരറിയിപ്പ് എവിടെയും ഔദ്യോഗികമായി നൽകിയിട്ടില്ല.

എന്നാൽ  കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു. 

ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമാണ്. ഒരിടവേള കൂടുമ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അറിയിപ്പിൽ പറയുന്ന പോലെ  ഒരു സന്ദേശം കേരള പോലീസ് നൽകിയിട്ടില്ല. 2019 ഏപ്രിൽ മാസത്തിൽ തന്നെ  കേരള പോലീസിന്റെ ഔദ്യോഗിക പേജിൽ ഈ വിവരം  അറിയിച്ചിട്ടുണ്ട്.  ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യാതിരിക്കുക.എന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. പോസ്റ്റ് കാണാം

കീവേഡുകളുടെ പരിശോധനയിൽ മുൻപും ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായി കണ്ടെത്തി.ഇത് സംബന്ധിച്ച് 2018ൽ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്ത കാണാം.കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വ്യാജ ഒപ്പും സീലുമുള്ള സന്ദേശമാണ് അന്ന് പ്രചരിച്ചത്. ഇപ്പോഴും അതേ അറിയിപ്പാണ് സീൽ പകുതി എഡിറ്റ് ചെയ്ത് നീക്കിയ നിലയിൽ പ്രചരിക്കുന്നത്. 

സ്ഥിരീകരണത്തിനായി ഞങ്ങൾ പൊലീസ് ഇൻഫർമേഷൻ വിഭാഗം ഉദ്യോഗസ്ഥരുമായി സംസാരിച്ചു.ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിലർ ഇത്തരം വ്യാജ വാർത്തകൾ ചിലർ വീണ്ടും പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്നും തെറ്റായ സന്ദേശമാണു പ്രചരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

ഇതിൽ നിന്ന് കേരള പൊലീസ് റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് യാചകരുടെ വേഷത്തില്‍ ക്രിമിനലുകള്‍ എത്തുമെന്ന തരത്തിലുള്ള സന്ദേശം  നൽകിയിട്ടില്ലെന്ന് വ്യക്തമായി. 

വാസ്തവം

ഉത്തരേന്ത്യയില്‍ നിന്ന് യാചകരുടെ വേഷത്തില്‍ റമദാന്‍ കാലത്ത് ക്രിമിനലുകള്‍ എത്തുമെന്ന കേരള പൊലീസിന്റേതെന്ന അവകാശവാദവുമായി പ്രചരിക്കുന്ന മുന്നറിയിപ്പ് വ്യാജമാണ്.

English Summary : The warning spread by the Kerala Police claiming that criminals will arrive in the guise of beggars from North India during Ramadan is false

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com