ADVERTISEMENT

ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് മുകളിലൂടെ വാഹനം ഓടിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോ കേരളത്തിൽ നിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് പ്രചാരണം. ഉത്തരേന്ത്യൻ സമൂഹമാധ്യമ അക്കൗണ്ടുകളിലടക്കം വിഡിയോ പ്രചരിക്കുന്നുണ്ട്. വാസ്തവമറിയാം

∙ അന്വേഷണം

ഈ വിഡിയോ കേരളത്തിൽ നിന്ന്. കാണുക, ഇപ്പോൾ തന്നെ ഇത് ലോകമെമ്പാടും ഫോർവേഡ് ചെയ്യുക - 6 മാസം കഴിഞ്ഞ് ഫോർവേഡ് ചെയ്തിട്ട് കാര്യമില്ല, അലസത വിടൂ 14/04/24 എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം 

കീവേഡുകളുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ ഇത്തരമൊരു സംഭവം കേരളത്തിൽ എവിടെയും നടന്നതായി കണ്ടെത്താനായില്ല. INVID ടൂൾ ഉപയോഗിച്ച്, ചില ഫ്രെയിമുകളിൽ ഞങ്ങൾ റിവേഴ്സ് ഇമേജ് പരിശോധന നടത്തിയപ്പോൾ, സമാന വിഡിയോയിൽ നിന്നുള്ള ചിത്രങ്ങളടങ്ങിയ,  2020 മാർച്ച് 10-ലെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. 

വിഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചിലർ പാകിസ്താൻ പതാകകൾ വീശുന്നത് ശ്രദ്ധയിൽപ്പെട്ടു. കൂടാതെ വിഡിയോയിലുള്ള ഓട്ടോറിക്ഷകൾക്ക് കേരളത്തിലെ ഓട്ടോറിക്ഷകളുടെ നിറത്തിൽ നിന്നും വ്യത്യാസമുണ്ടെന്ന് വ്യക്തമായി. ഇത് സംഭവം നടന്നത് കേരളത്തിലല്ല എന്ന സൂചനയായി. സ്ക്രീൻഷോട്ടുകളുടെ പരിശോധനയിൽ ഇത്തരം ഓട്ടോറിക്ഷകൾ കറാച്ചിയിലാണുള്ളതെന്ന സൂചന ലഭിച്ചു. alamy.com  വെബ്സൈറ്റിൽ നിന്ന് വൈറൽ വിഡിയോയിലേതിന് സമാനമായ ഓട്ടോയുടെ ചിത്രങ്ങൾ ഞങ്ങൾക്ക് ലഭിച്ചു. The taxi Tuk tuk in Karachi, Pakistan എന്നാണ് ചിത്രങ്ങൾക്കൊപ്പമുള്ള അടിക്കുറിപ്പ്. വിഡിയോ കൂടുതൽ പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ വാഹനങ്ങളിലൊന്നിലെ നമ്പർ പ്ലേറ്റ് BFK625 എന്നാണെന്ന് വ്യക്തമായി. ഈ സൂചനകളുപയോഗിച്ച്, സ്ഥിരീകരണത്തിനായി മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ നമ്പർ പ്ലേറ്റ് പാകിസ്താനിലെ കറാച്ചിയിൽ ഉപയോഗിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പിന്നീട് വിഡിയോയിൽ അവ്യക്തമായി കാണുന്ന സനം ബൊട്ടീക്ക് എന്ന ബോർഡ് സൂചനയാക്കി നടത്തിയ അന്വേഷണത്തിൽ Tariq Rd, beside Dolmen Mall, Delhi Society Delhi CHS P.E.C.H.S., Karachi, Karachi City, Sindh 75400, Pakistan എന്ന വിലാസത്തിലാണ് ഈ കട സ്ഥിതി ചെയ്യുന്നതെന്ന് വ്യക്തമായി. ഗൂഗിൾ മാപ്പിങ്ങിലൂടെ നടത്തിയ പരിശോധനയിൽ സമീപ ബിൽഡിങ്ങുകൾക്ക് വൈറൽ വിഡിയോയിലെ കെട്ടിടങ്ങളുമായി സാമ്യമുള്ളതായി വ്യക്തമായി.ഇതിൽ നിന്ന് വൈറൽ വിഡിയോ പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ളതാണെന്ന് വ്യക്തമായി.

ഫെയ്‌സ്ബുക്കിൽ നടത്തിയ തിരച്ചിലിൽ 'pakistani people driving on Indian flag' എന്ന തലക്കെട്ടോടെയുള്ള മറ്റൊരു  വിഡിയോയും ഞങ്ങൾക്ക് ലഭിച്ചു.വിഡിയോ കാണാം

വിഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന് പിഐബി ഫാക്‌ട് ചെക്കും എക്സിൽ  സ്ഥിരീകരിച്ചിട്ടുണ്ട്.

∙ വസ്തുത

കേരളത്തിൽ ത്രിവർണ്ണ പതാകയ്ക്ക് മേൽ വാഹനം ഓടിക്കുന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന  വിഡിയോ വ്യാജമാണ് .പാകിസ്താനിലെ കറാച്ചിയിൽ നിന്നുള്ള ദ്യശ്യങ്ങളാണ് പ്രചരിക്കുന്നത്.

English Summary: The video circulating with the claim of vehicle driving over the tricolor flag in Kerala is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com