ADVERTISEMENT

നമ്മുടെ ഉപയോഗരീതികൾ, യാത്രികരുടെ എണ്ണം, ജീവിക്കുന്ന കാലാവസ്ഥ എന്നിവ കണക്കിലെടുത്തുവേണം ഫീച്ചറുകൾ തിരഞ്ഞെടുക്കാൻ

എന്റെ പൊന്നെടാ, നീയൊന്നു സഹായിക്ക്. കാർ വാങ്ങാൻ ചെന്നപ്പോൾ മുതൽ കൺഫ്യൂഷനാണ്. ചെറിയ ബജറ്റിലൊരു ചെറു കാർ എന്നാലോചിച്ചാണ് ഷോറൂമിൽ ചെന്നത്. അവിടത്തെ പിള്ളേർ ഫീച്ചറുകൾ പറഞ്ഞു പറഞ്ഞ്,  അതുമിതുമൊക്കെ കാണിച്ച് സംഗതി ഇപ്പോൾ കയ്യിൽ നിൽക്കാത്ത മോഡലിലാണ് കണ്ണു നിൽക്കുന്നത്. വിലയിൽ കുറവുണ്ടാകണം എന്നു മാത്രമേ എനിക്കുള്ളൂ. ഫീച്ചേഴ്സ് ഒക്കെ രണ്ടാമത്. ഓഫിസ് വീട്, വീട് ഓഫിസ്. എനിക്കിത്രേം യാത്രയേ ഉള്ളൂ എന്നു നിനക്കറിയാല്ലോ... ഇതിനുമാത്രം ഫീച്ചറുകൾ ഞാനുപയോഗിക്കുമോ? ഫീച്ചേഴ്സ് കൂടുതൽ ഉള്ള കാർ വാങ്ങണോ? കാർ വാങ്ങാനാഗ്രഹിക്കുന്ന ഒരു ശരാശരിക്കാരന്റെ കൺഫ്യൂഷനാണ് നിങ്ങൾ വായിച്ചത്. ഫീച്ചേഴ്സ് കൂടുതൽ ഉള്ള വാഹനമല്ല നിങ്ങൾക്കു യോജിക്കുക. മറിച്ച് നിങ്ങൾക്ക് ഇണങ്ങുന്ന ഫീച്ചേഴ്സ് മാത്രമുള്ളവയാണ്. അപ്പോൾ ചില ഫീച്ചറുകൾ വേണ്ടാ എന്നു വച്ചാൽ കാർ വാങ്ങുമ്പോൾ കാശു ലാഭിക്കാം.

റിയർ എസി

ചെറുകാറുകളിൽ എന്തിനാണു പിന്നിൽ എസി എന്നൊരു ചോദ്യം കോട്ടയത്തെ ജയിംസിനുണ്ട്. അഞ്ചുപേർ യാത്ര ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴത്തെ കാറിലേക്കും എസിയുടെ തണുപ്പ് ആവശ്യത്തിന് എത്തുന്നുണ്ട്. മാത്രമല്ല പിന്നിൽ അമ്മച്ചിയും അപ്പച്ചനും കുട്ടിയുമാണ് ഇരിക്കാറ്. അവർക്ക് അത്ര ശക്തമായ എസിയുടെ ആവശ്യവുമില്ല. മലയോര മേഖലകളിലുള്ളവർക്കു പുറത്തുതന്നെ അത്യാവശ്യം തണുപ്പുണ്ട്. പിന്നെ കാശു മുടക്കി എന്തിനാണു റിയർ എസി? ആ ചോദ്യത്തിനു മുന്നിൽ ഫീച്ചറുകൾ വിവരിച്ചുകൊണ്ടിരുന്ന എക്സിക്യൂട്ടീവ് സ്വൽപം വിയർത്തുകാണും. പക്ഷേ, വരണ്ട കാലാവസ്ഥയിലുള്ളവർക്കും അൽപം വലിയ ക്യാബിൻ ഉള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും റിയർ എസി അനുഗ്രഹമാണ്. അധികം കാറുകൾക്കും ഈ ഫീച്ചർ ഇല്ല. എങ്കിലും ചെറുകാറുകളിൽ ഈ ഫീച്ചർ വേണ്ടാ എന്നു വച്ചാൽ നിങ്ങൾക്കു കാശു ലാഭിക്കാം. മിക്കപ്പോഴും വില കുറഞ്ഞ തൊട്ടുതാഴെയുള്ള വേരിയന്റോ അല്ലെങ്കിൽ അതേ വിലയ്ക്ക് നിങ്ങൾക്കു ഗുണകരമായ ഫീച്ചറുകൾ ഉള്ള മറ്റൊരു കാറോ വാങ്ങാൻ പറ്റും. 

ഫോഗ് ലാംപുകൾ

car-buying-2

നിങ്ങളെന്നാണ് ഫോഗ് ലാംപുകൾ ഇട്ടു വണ്ടിയോടിച്ചത്? ഓ, അതൊരു മൂന്നുനാലു വർഷം മുൻപൊരു മൂന്നാർ യാത്രയിലായിരുന്നു. കനത്ത മഞ്ഞിൽ ഫോഗ് ലാംപ് ഇട്ടു പതിയെ വണ്ടിഒാടിച്ചു. പിന്നെ അങ്ങനെയൊരു യാത്രയുടെ ആവശ്യമുണ്ടായിരുന്നില്ല. നിങ്ങളും ഒന്നു ചോദിച്ചുനോക്കൂ എന്നാണ് ഫോഗ്ലാംപ് നിങ്ങൾ ആവശ്യത്തിനു തെളിച്ചു യാത്ര ചെയ്തത്? മിക്കവർക്കും സ്വിച്ച് ലിവറിൽ അങ്ങനെയൊരു സംഗതിയുണ്ടെന്നേ അറിയില്ല. എന്നാലോ, ഉപയോഗിക്കാത്ത ആ  ഫീച്ചറിനു നിങ്ങൾ കാശു കൊടുത്തുകഴിഞ്ഞു. ഫോഗ് ലാംപിന്റെ കാര്യത്തിലും പ്രകൃതിയെ കണക്കിലെടുക്കണം. മഞ്ഞത്തും കനത്ത മഴയത്തും ഫോഗ് ലാംപുകൾ ഉപകാരമാണ്. പക്ഷേ, നഗരത്തിൽ മാത്രം വണ്ടി ഓടിക്കുന്നൊരാൾക്ക് എന്തിനാണ് ഈ ഫീച്ചർ? എന്നെങ്കിലും ഒരു ടൂർ പോകുമ്പോൾ ഇടാൻ നിങ്ങളെന്തിനു കാശു മുടക്കണം? 

പവർ വിൻ‍ഡോസ്

രണ്ടുപേർ മാത്രമേ ആ വാഹനത്തിൽ യാത്ര ചെയ്തിട്ടുള്ളൂ ഇതുവരെ. പക്ഷേ, പിന്നിലും പവർ വിൻഡോ സ്വിച്ചുകൾ ഉണ്ട്. ഒരിക്കലും ഉപയോഗിക്കാത്തവ. ഇക്കാര്യം ശ്രദ്ധിച്ചാൽ ആ കാശു ലാഭിച്ചൂകൂടെ? 

സീറ്റ് അപ്പോൾസ്റ്ററി

വാഹനം വാങ്ങുമ്പോൾ ഷോറൂമിൽനിന്നുതന്നെ സീറ്റിന്റെ കവറും ലഭിക്കും. ഒന്നു കാത്തിരുന്നാൽ കൂടുതൽ ഭംഗിയുള്ളതും നിങ്ങളുടെഇഷ്ടത്തിനനുസരിച്ചതും താരതമ്യേന വിലകുറഞ്ഞതുമായ സീറ്റ് കവറുകൾ പുറംമാർക്കറ്റിൽനിന്നു ലഭിക്കും. ഇതിലും കാശു ലാഭിക്കാം. 

ടിൽറ്റബിൾ സ്റ്റിയറിങ് വീൽ

എട്ടു വർഷം ഉപയോഗിച്ചശേഷം വിൽക്കാനായി നൽകുന്ന വേളയിലാണു ഞാൻ സ്റ്റിയറിങ്ങിന്റെ അടിയിലെ ആ ഹുക്ക് കാണുന്നത്. സത്യമായിട്ടും ഞാനമ്പരന്നുപോയി. ആ സ്റ്റിയറിങ് ടിൽറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു– വാഹനത്തെപ്പറ്റി നല്ല ധാരണയുള്ളൊരു സുഹൃത്ത് പറഞ്ഞതാണിത്. അതായത്, ടിൽറ്റ് ചെയ്യാതെ തന്നെ ആ സ്റ്റിയറിങ് പൊസിഷൻ അദ്ദേഹത്തിനു സുഖകരമായിരുന്നു. അദ്ദേഹത്തെ കൂടാതെ ഭാര്യ മാത്രമേ ആ വാഹനം ഉപയോഗിക്കുമായിരുന്നുള്ളൂ. അവർക്കും ആ എട്ടു വർഷം ഒരു ബുദ്ധിമുട്ടും തോന്നിയില്ല. ഇങ്ങനെ വാഹനത്തിന്റെ ഡ്രൈവിങ് പൊസിഷൻ സാധാരണ രീതിയിൽ സുഖകരമാണെന്നു നിങ്ങൾക്കു തോന്നിയാൽ, ഒരാൾ മാത്രമേ ഡ്രൈവിങ് സീറ്റിൽ ഇരിക്കാറുള്ളൂ എങ്കിൽ സ്ഥാനക്രമീകരണസംവിധാനങ്ങൾക്ക് അധിക കാശു മുടക്കേണ്ടതുണ്ടോ എന്നാലോചിക്കണം. ടിൽറ്റബിൾ സ്റ്റിയറിങ് ഒരു അനുഗ്രഹമാണെന്ന് അറിയാമല്ലോ. എന്നാൽ ഇത്തരം ചില കാര്യങ്ങളിൽ ഒന്നു മാറിചിന്തിച്ചാൽ ആ കാശ് കീശയിലിരിക്കും. 

ഓട്ടമാറ്റിക് ഹെഡ് ലാംപ്, െറയിൻ സെൻസിങ് വൈപ്പറുകൾ

സംഗതി രസകരമാണെങ്കിലും ബജറ്റിൽ ഒതുങ്ങാതെ വരുമ്പോൾ നിർദാക്ഷിണ്യം ഒഴിവാക്കേണ്ട ഫീച്ചറുകളിലൊന്നാണ് പുഷ് ബട്ടൺ സ്റ്റാർട്ട്

സാങ്കേതികപരമായി നാം മുന്നേറുകയാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ കാറിനുള്ളിൽ എല്ലാക്കാലവും വന്നുകൊണ്ടിരിക്കും. അത്തരത്തിലൊന്നായിരുന്നു വേഗം കൂടുന്നതിനനുസരിച്ചു സ്റ്റീരിയോയിലെ ശബ്ദം മാറുമെന്നത്. കൊട്ടിഘോഷിച്ചായിരുന്നു അത്തരം ഫീച്ചറുകൾ അവതരിപ്പിക്കപ്പെട്ടത്. പക്ഷേ, നമുക്ക് അത്തരം കാര്യങ്ങൾ ആവശ്യമായിരുന്നോ എന്നൊന്നു ചിന്തിച്ചാൽ സംഗതി മാറും. അത്തരം ‘ആവശ്യമാണോ ഫീച്ചറു’കളിൽ പ്രധാനപ്പെട്ടവയാണ് ഓട്ടമാറ്റിക് ഹെഡ് ലാംപുകളും റെയിൻ സെൻസിങ് വൈപ്പറുകളും. ഒരു വിരൽപ്പാടകലത്തിൽ രണ്ടു നോബുകളിൽ തൊട്ടാൽ പ്രവർത്തിക്കുന്ന സംഗതികളാണ് വൈപ്പറുകളും ലൈറ്റുകളും. ഇതിനായി ഓട്ടമാറ്റിക് സംവിധാനം വേണോ? മുന്തിയ കാറുകളിൽ കൂടുതൽ കൃത്യതയുള്ളവയാണ് ഇത്തരം സാങ്കേതിക സംവിധാനങ്ങൾ. എന്നാൽ ചെറുകാറുകളിൽ അൽപം പോരായ്മകൾ ഈ വിദ്യകൾക്കുണ്ട്. ബിഎം ഡബ്ല്യു കാറിലൊക്കെ മുന്നിലൊരു വാഹനം വന്നാൽ ലൈറ്റ് തനിയെ ഡിം ആകും. ഇത്തരം ഫീച്ചറുകൾ ഇല്ലാതെ ഓട്ടമാറ്റിക് എന്നു പേരുള്ള സംഗതികൾക്കു കാശു മുടക്കണോ? പലപ്പോഴും മഴ ചാറി വിൻഡ് ഷീൽഡ്  വെള്ളത്താൽ മൂടപ്പെടുമ്പോഴാണ് ഓട്ടമാറ്റിക് വൈപ്പറുകൾ പ്രവർത്തിക്കാറ്. ഇത്രേം സമയം നാം കാത്തിരിക്കാറുണ്ടോ? അതിന്റെ ആവശ്യമുണ്ടോ? നിങ്ങളുടേതാണ് ആവശ്യം. കാശും നിങ്ങളുടേതാണ്. 

ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, നാവിഗേഷൻ എന്നീ സൗകര്യങ്ങൾ നിങ്ങൾ പലപ്പോഴും കേട്ടുകാണും. നിങ്ങളുടെ കാറിന്റെ സൗകര്യങ്ങളാണിവ എന്ന് അറിഞ്ഞും കാണും. പക്ഷേ, സത്യത്തിൽ ഈ സൗകര്യങ്ങൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ? മുൻപു പറഞ്ഞപോലെ എന്നെങ്കിലും ദീർഘയാത്രയുണ്ടെന്നു കരുതി നാവിഗേഷനുവേണ്ടി കാശു മുടക്കണോ? നിത്യേന പരിചയമുള്ള പാതയിലൂടെ സഞ്ചരിക്കുന്നവർ ആ ഫീച്ചർ ഒഴിവാക്കുകയാണു ചെയ്യുക. കാശു ലാഭിക്കാം. ഫോണിനെ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന ആപ്പിൾ കാർ പ്ലേയും ആൻഡ്രോയ്ഡ് ഓട്ടോയും ഉപയോഗിക്കുന്നവർ ഇവിടെ കുറവാണ്. ചെറു യാത്രകളാണ് നമുക്കെല്ലാവർക്കും. നിത്യേന ദീർഘയാത്രയുള്ളവർക്കും തുടരത്തുടരെ ഫോൺസംഭാഷണങ്ങൾ വേണ്ടിവരുന്നവർക്കും അനുഗ്രഹമാണ് ഇത്തരം ഫീച്ചറുകൾ. പക്ഷേ, സാധാരണ വാഹനമോടിക്കുന്നവർക്ക് ഇതിനുവേണ്ടിമാത്രം  കാശുമുടക്കണോ എന്നൊരു ചോദ്യമുണ്ട്. അന്നേരം ഉപകാരപ്രദമായ റിവേഴ്സ് ക്യാമറയും സെൻസറും ഘടിപ്പിക്കാൻ ആ കാശു വിനിയോഗിക്കാം. 

പുഷ് ബട്ടൺ സ്റ്റാർട്ട്

സംഗതി രസകരമാണെങ്കിലും ബജറ്റിൽ ഒതുങ്ങാതെ വരുമ്പോൾ നിർദാക്ഷിണ്യം ഒഴിവാക്കേണ്ട ഫീച്ചറുകളിലൊന്നാണ് പുഷ് ബട്ടൺ സ്റ്റാർട്ട്. ഒന്നാലോചിച്ചാൽ കീ ഇൻസേർട്ട് ചെയ്തു തിരിക്കുന്നതും പുഷ് ബട്ടൺ അമർത്തി സ്റ്റാർട്ട് ആക്കുന്നതും തമ്മിൽ എന്താണു വ്യത്യാസം? പുഷ് ബട്ടണിന്റെ ഗമ എന്നു മാത്രം പറയാം. കാശു ലാഭിക്കാനായി ഒഴിവാക്കാം ഈ ഫീച്ചറും.

റിയർ ഡീഫോഗർ

ഡീഫോഗർ നിങ്ങൾക്കു സ്ഥിരമായി ഉപയോഗിക്കേണ്ടി വരുമോ? പ്രത്യേകിച്ച് കേരളത്തിൽ. ഇല്ലെന്നതാണു സത്യം. പിന്നെയെന്തിന് അതിനു കാശു മുടക്കണം? (നിങ്ങൾ താമസിക്കുന്നിടത്തെ കാലാവസ്ഥ പരിഗണിക്കണം)മേൽ പറഞ്ഞവയെല്ലാം അനാവശ്യമായ ഫീച്ചറുകൾ ആണ് എന്നല്ല പറയുന്നത്. മറിച്ച് ഒഴിവാക്കിയാലും വലിയ കുഴപ്പമില്ലാത്തവയാണ് എന്നതാണ്. ഈ ഫീച്ചറുകൾക്കു കാശു മുടക്കണോ എന്നാണു ചോദ്യം. നമ്മുടെ ഉപയോഗരീതികളും യാത്രികരുടെ സ്വഭാവവും എണ്ണവും ജീവിക്കുന്ന കാലാവസ്ഥയും ഒക്കെ കണക്കിലെടുത്തുവേണം ഫീച്ചറുകൾ തിരഞ്ഞെടുക്കാനും ഒഴിവാക്കാനും. അല്ലാതെ ഒരു വാഹനകമ്പനി ഇറക്കുന്ന വേരിയന്റിലെ എല്ലാ അനാവശ്യ ഫീച്ചറുകളും കൊണ്ടുനടക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കാർ വാങ്ങുമ്പോൾ കാശു ലാഭിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com