ADVERTISEMENT

വേനൽ കടുത്തു തുടങ്ങി. കാറുകൾക്ക് പ്രത്യേക പരിചരണം വേണ്ട ദിവസങ്ങളാണ് വരുന്നത്. കാലാവസ്ഥാ മാറ്റം എൻജിൻ റൂമിലും പല മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. അതൊന്ന് അറിഞ്ഞു പെരുമാറിയാൽ വെയിലത്തിറങ്ങി കാർ തള്ളേണ്ടിവരില്ല. നല്ല എസി ഇട്ട് ചിൽ ചിൽ എന്നു പായാം.

കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം വാഹനത്തില വിവിധ തരം ഫ്ലൂയിഡുകളുടെ അളവിനെ സാരമായി ബാധിക്കും. ട്രാൻസ്മിഷൻ ഫ്ലൂയിഡ്, പവർസ്റ്റിയറിങ് ഫ്ലൂയിഡ്, ബ്രേക്ക് ഫ്ലൂയിഡ്, കൂളന്റ് എന്നിവയുടെ അളവ് വേണ്ടത്രയുണ്ടെന്ന് വേനൽ തുടങ്ങും മുൻപേ ഉറപ്പാക്കുക. കൂളന്റിന്റെ കാര്യത്തിൽ അൽപം കൂടുതൽ ശ്രദ്ധയാകാം. എൻജിൻ ഓയിലിന്റെ അളവിനെയും വൃത്തിയെയും ഏതു കാലാവസ്ഥ മാറ്റവും പ്രതികൂലമായി ബാധിക്കുന്നതിനാൽ അക്കാര്യത്തിലും ഒരു നോട്ടമാകാം.

തണുപ്പുകാലത്ത് ടയറുകളിൽനിന്ന് എയർ ചോർന്നു പോയതിന്റെ അളവ് കൂടുതലായതിനാൽ വേനലിനെ നേരിടാൻ ഈ ദിവസങ്ങളിൽ ടയറിൽ കൃത്യമായ എയർ നിറച്ചു വയ്ക്കാം. സ്‌റ്റെപ്നി ടയറിന്റെ കാര്യവും മറക്കരുത്. വെറുതെ ഇരിക്കുകയാണെങ്കിലും അതിലും എയർ നഷ്ടം സംഭവിച്ചിട്ടുണ്ടാകും. വേനൽച്ചൂട് കനത്താൽ ബാറ്ററിയിലെ ഫ്ലൂയിഡിന്റെ അളവ് കുറയാനും ഇടയാകും. ഇതു ബാറ്ററി ഘടകങ്ങളുടെ പ്രവർത്തനത്തെ താളംതെറ്റിക്കും. ഇതും പരിശോധിക്കേണ്ടതുണ്ട്. അമിതമായ ചൂടാണ് ബാറ്ററി കേടാവുന്നതിലെ ഒന്നാമത്തെ വില്ലൻ. ബാറ്ററിയുടെ ഈടുനിൽപിനെയും ഇതു ഗുരുതരമായി ബാധിക്കും. ബാറ്ററിയെ കണ്ടഭാവം നടിച്ചില്ലെങ്കിൽ വണ്ടി സ്റ്റാർട് ആക്കാനാകാതെ നിന്നു വിയർക്കേണ്ടി വരും.

എസി ഫിൽറ്ററുകൾ വൃത്തിയാക്കി വയ്ക്കുക. ചൂടുകാലത്ത് കൂടുതൽ പണിയെടുക്കേണ്ടി വരുന്ന ഭാഗമായതിനാൽ അക്കാര്യത്തിൽ ഉപേക്ഷ വേണ്ട. ഗ്ലാസുകൾ താഴ്ത്തിവച്ച് വാഹനം ഓടിക്കുന്നത് പരമാവധി വേനൽക്കാലത്ത് ഒഴിവാക്കുന്നതാണ് നല്ലത്. പൊടികയറി വാഹനത്തിന് ഉണ്ടാകുന്ന കോട്ടം എസി ഓഫ് ചെയ്തുവച്ച് ലാഭിക്കുന്ന ഇന്ധനത്തിന് അപ്പുറം പോയേക്കാം.

ഇടയ്ക്ക് പെട്ടെന്നൊരു ചാറ്റൽ മഴ പെയ്യുന്ന സമയമാണ്. അതിനാൽ വൈപ്പറും മുൻവശത്തെ ഗ്ലാസും വൃത്തിയാക്കി വയ്ക്കാം. ഇല്ലെങ്കിൽ വേനലിലെ പൊടിഅടിഞ്ഞ് ഇരിക്കുന്നതിനാൽ വൈപ്പർ പ്രവർത്തിക്കുമ്പോൾ ഗ്ലാസിൽ പോറലുകൾ വീഴാം. എയർ ഫിൽറ്റർ, വിൻഡ് ഷീൽഡ് വെന്റിലേഷൻ എന്നിവയെ തടസ്സപ്പെടുത്തുന്ന ഇലകൾ പോലുള്ള ചപ്പുചവറുകളൊന്നും കയറിയിരിപ്പില്ലെന്ന് ഉറപ്പാക്കണം.

കനത്ത വെയിലിൽ കാറുകൾ പാർക്ക് ചെയ്യേണ്ടി വന്നാൽ തുണിയോ മറ്റോ ഉപയോഗിച്ച് മുൻവശത്തെ ഗ്ലാസുകൾ മൂടിയിടാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ റെഡിമെയഡ് സൺ ഷേഡുകൾ വാങ്ങാൻ കിട്ടും. സൈഡ് ഗ്ലാസുകളിൽ കൂടി അതുവച്ചാൽ സീറ്റുകൾ, ഡാഷ് ബോർഡ് എന്നിവ മുഷിയുന്നത് ഒഴിവാക്കാം. വാഹനത്തിനകത്ത് കനത്ത ചൂട് എത്തുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com