ADVERTISEMENT

വേനൽചൂട് റെക്കോർ‍‍‍ഡ് തിരുത്തിക്കുറിച്ച് മുന്നേറുന്നു. മഴയും വെയിലും ഒരു പോലെ ഹാനികരമാണു കാറിന്, രണ്ടും വ്യത്യസ്ത രീതിയിലാണെന്നു മാത്രം. കാറിന്റെ ബാഹ്യ രൂപഭംഗി, എടുപ്പ്, നിറം എന്നിവയെ വേനൽചൂട് സാരമായി ബാധിക്കുന്നു. എന്‍ജിനും വളരെയേറെ ദോഷകരമാണു വേനൽചൂട്. ഏറെനേരം വെയിൽ കൊള്ളുന്ന ഒരു വാഹനത്തിന്റെ അകത്തെയും സമീപത്തെയും ചൂട് 60 ഡിഗ്രി വരെയാകാം. സ്ഥിരമായി വെയിലേൽക്കുന്നതു വാഹനത്തിന്റെ ക്ഷമതയെ ബാധിക്കുന്നു. കാലപഴക്കം ചെന്ന പ്രതീതി ലഭിക്കാനും ഇതു കാരണമാകും. വളരെ നന്നായി പരിപാലിച്ചില്ലെങ്കിൽ വീട്ടിലെ ഒരംഗത്തെ പോലെ നാം കൊണ്ടുനടക്കുന്ന കാർ പെട്ടെന്നൊരുദിനം പണിമുടക്കിയേക്കാം. ഇങ്ങനെയുണ്ടാകുന്ന പണിമുടക്കിൽ നിന്നു രക്ഷപ്പെടാനും, കാറിനുള്ളിലെ ചൂടു കുറയ്ക്കാനും വേനലിൽ കാറിനെ സംരക്ഷിക്കാനും സഹായിക്കുന്ന ഏതാനും ചില പൊടിക്കൈകൾ പരിചയപ്പെടാം.

ടയറുകൾ

ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ഭാഗമാണു ടയറുകൾ. കൃത്യമായ അളവിൽ വായു നിറയ്ക്കുന്നതിൽ ശ്രദ്ധചെലുത്താതെ കാർ ഉപയോഗിക്കുന്നതു ടയറുകൾ വേഗം നശിക്കുന്നതിനും എന്തിന് അപകടത്തിനു തന്നെ കാരണമായേക്കാം. പലർക്കും ഇന്നും മുന്‍ചക്രത്തിലും പിൻചക്രത്തിലും നിറയ്ക്കേണ്ട വായുവിന്റെ അളവു കൃത്യമായി അറിയാവുന്നവരുടെ എണ്ണം കുറവാണെന്നതു തന്നെ ഇതിനു തെളിവ്.

കൃത്യമായ ഇടവേളകളിൽ ടയറിന്റെ പ്രഷർ കൃത്യമാണെന്നുറപ്പു വരുത്തേണ്ടതുണ്ട്. പ്രത്യേകിച്ചും വേനൽക്കാലത്ത്. വായുവിന്റെ കുറവു ടയറുകളെ വേഗത്തിൽ നശിപ്പിക്കും എന്നതിലുപരി ടയർ പഞ്ചറാകുന്നതിനും സാധ്യത കൂടുതലാണ്. ടയറുകളുടെ വശങ്ങൾക്കു നാശം സംഭവിക്കുന്നതിനും ടയർ പൊട്ടിത്തെറിക്കുന്നതിനും ഇതു കാരണമാകാം.

പുറത്തെ കാലാവസ്ഥയനുസരിച്ചു ടയറിന്റെ പ്രഷർ പെട്ടെന്നു മാറ്റം സംഭവിച്ചേക്കാം. 10 ഡിഗ്രി ചൂടിനു ഒരു പിഎസ് ഐ എന്ന നിലയിൽ ടയറിലെ പ്രഷർ കുറയുന്നു. ടയർ ചൂടാകുന്നതിനു മുൻപ് രാവിലെ തന്നെ പ്രഷർ പരിശോധിക്കുക. രണ്ടാഴ്ച കൂടുമ്പോൾ ഇപ്രകാരം ചെയ്യുക. റോഡിന്റെ നിലവാരം, വാഹനത്തിലെ ഭാരം എന്നിവയ്ക്കനുസൃതമായാണു ടയറിൽ വായു നിറക്കേണ്ടത്. സ്റ്റെപിനി ടയറിന്റെ വായു പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. ടയർ അലൈൻമെന്റ് ശരിയാണെന്നുറപ്പു വരുത്തുകയാണ് മറ്റൊരു പ്രധാന കാര്യം.

എയർ കണ്ടീഷനർ

വേനലിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഭാഗമാണ് എയർ കണ്ടീഷനർ. കംപ്രസർ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റുക, കൂളന്റ് ചോർച്ച പരിശോധിക്കുക, ഏസിക്കുള്ളില്‍ കടക്കുന്ന പൊടിപടലങ്ങൾ വൃത്തിയാക്കുക തുടങ്ങിയവയിലൂടെ ഏസിയുടെ ആയുസ് വർധിപ്പിക്കുക മാത്രമല്ല മികച്ച പ്രകടനം ഉറപ്പു വരുത്താനുമാകും.

കാർ ഉപയോക്താക്കളുടെ ഒരു പ്രധാന പരാതിയാണു വേനലിൽ അകത്തളം തണുക്കാൻ കൂടുതൽ സമയം എടുക്കുന്നുവെന്നത്. അടച്ചിട്ടിരിക്കുന്ന കാറിനുള്ളിൽ പുറത്തെ ഊഷ്മാവിലും 10 ഡിഗ്രി വരെ ചൂടു കൂടുതലാകാം. ഇതിനനുസരിച്ചു കൂളാകാൻ സമയം കൂടുതലെടുക്കും. ഏസി ഓണാക്കുന്നതിനു മുൻപായി അൽപസമയം ഗ്ലാസ് വിൻഡോകൾ താഴ്ത്തി പുറത്തെ താപനിലയുമായി ഏകദേശം തുല്യ താപനില കാറിനുള്ളിൽ ആണെന്നുറപ്പു വരുത്തുക. തുടക്കത്തിൽ ഫുൾ ഫാൻ മോഡിൽ ഏസി ഓണാക്കിയതിനു ശേഷം വിന്‍ഡോസ് അടയ്ക്കുക. ഇതിലൂടെ വാഹനത്തിനുള്ളിലെ ചൂടായ വായു എളുപ്പത്തിൽ പുറന്തള്ളുവാൻ സാധിക്കും. വെയിലിൽ പാർക്കു ചെയ്യുമ്പോൾ ഗ്ലാസ് അരയിഞ്ചു തുറന്നു വെയ്ക്കുന്നതും കാറിനുള്ളിലെ താപനില പുറത്തെ താപനിലയ്ക്കു സമാനമായി നിലനിർത്തും.

റേഡിയേറ്റർ, ഫ്ലൂയിഡുകൾ

കൂളന്റിന്റെ അഭാവവും കുറവും കാറിനു ദോഷകരമാണ്, പ്രത്യേകിച്ചും വേനൽക്കാലത്ത്. കാർ പണിമുടക്കുന്നതിനു പ്രധാന കാരണവും ഇതാണ്. അതിനാൽ വേനൽ തുടങ്ങുന്നതിനു മുൻപായി കൂളന്റ് നിർദ്ദേശിച്ചിരിക്കുന്ന അളവിലുണ്ടെന്ന് ഉറപ്പുവരുത്തുക. മൂന്നുവർഷത്തിലധികം പഴക്കമുള്ള കാർ ഉപയോഗിക്കുന്നവർ റേഡിയേറ്ററും പരിശോധിച്ച് ചോർച്ചയൊന്നും ഇല്ലെന്നുറപ്പു വരുത്തുക. വിലകുറഞ്ഞ കൂളന്റിന്റെ ഗുണനിലവാരം മോശമാവാൻ സാധ്യതയുണ്ടെന്നതിനാൽ നല്ല കൂളന്റ് തന്നെ ഉപയോഗിക്കുക.

എൻജിൻ, ട്രാൻസ്മിഷൻ ഓയിൽ

വേനൽ ചൂടേറ്റ് എന്‍ജിൻ ഓയിൽ വേഗം തീരുന്നു. അൽപം പണം ലാഭിക്കുന്നതിനായി രണ്ടാംതരം എൻജിൻ ഓയിലുപയോഗിക്കുന്നവർ ഇക്കാര്യത്തിൽ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. എൻജിൻ ഓയിലിന്റെ അളവു പരിശോധിച്ചു കൃത്യമായ ഓയിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുക. പവർ സ്റ്റിയറിങ്, ബ്രേക്ക്, ട്രാൻസ്മിഷൻ യൂണിറ്റുകൾ എന്നിവയുടെ ഫ്ലൂയിഡും പരിശോധിക്കണം. വെയിലുമായി കൂടുതൽ പ്രതിപ്രവർത്തിക്കുന്ന മേന്മമേറിയ ഫ്ലൂയിഡുകൾ വേനൽക്കാലത്തു നിറയ്ക്കുന്നതും നല്ലതാണ്.

ഹോസുകൾ, ബെൽറ്റുകൾ

വാഹനം ഓട്ടത്തിലായിരിക്കുമ്പോൾ എൻജിൻ മാത്രമല്ല എന്‍ജിനുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങളും അമിതമായി ചൂടാകുന്നു. ഇപ്രകാരമുണ്ടാകുന്ന അധികചൂട് താങ്ങുവാനുള്ള ശേഷി ഹോസുകൾക്കും ബെൽറ്റുകൾക്കും ഉണ്ടെന്നുറപ്പു വരുത്തുക. ശേഷിയില്ലാത്തവ മാറ്റി പകരം മറ്റൊന്നു നൽകുക. ക്ലാംപുകൾ, ക്ലിപ്പുകൾ എന്നിവയും സമയാസമയം പരിശോധിക്കുന്നതു ശ്ലാഘനീയമാണ്.

ബാറ്ററി

ബാറ്ററി ദ്രാവകം വേനൽചൂടിൽ വേഗം തീരുന്നു. ഇത് ബാറ്ററിയുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നതിനു മുൻപു തന്നെ ബാറ്ററിയിൽ ആവശ്യ അളവിൽ ദ്രാവകം ഉണ്ടെന്നു പരിശോധിച്ച് ഉറപ്പുവരുത്തുക. ഇതിനു പുറമെ ബാറ്ററിയുടെ ടെർമിനലുകളിൽ തുരുമ്പും ക്ലാവും പിടിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുക. പൊടിപടലങ്ങൾ വൃത്തിയാക്കണം. എല്ലാ വയറുകളും കൃത്യമായി ഘടിപ്പിച്ചിരിക്കുന്നതെന്നും വയറുകള്‍ ലീക്കാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ഡിസ്റ്റിൽഡ് വാട്ടർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ബാറ്ററിയിൽ ഡിസ്റ്റിൽഡ് വാട്ടറിന്റെ അളവു കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതും നല്ലതാണ്.

പോളിഷ് ചെയ്യുക

കാർ പോളിഷ് ചെയ്യുന്നതിലൂടെ കാറിന്റെ സൗന്ദര്യം സംരക്ഷിക്കാനാകും. എന്നാൽ സൗന്ദര്യ സംരക്ഷത്തേക്കാളുപരി കാറിന്റെ ആരോഗ്യപരിരക്ഷയ്ക്കും പോളിഷ് ഉപകാരപ്രദമാണ്. പ്രധാനമായും വെയിലിൽ വാഹനത്തിന്റെ പെയിന്റ് മങ്ങുന്നതിൽ നിന്നും ഇളകിമാറുന്നതിൽ നിന്നും പോളിഷ് സഹായിക്കും. വാക്സ്, പോളിഷ് എന്നിവ ഒരു സുരക്ഷാകവചമായി പ്രവർത്തിക്കുന്നതിലൂടെ കാറിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ നല്ലൊരളവ് പുറന്തള്ളുന്നു. ഇതു മൂലം കാർ അധികമായി ചൂടാകാതിരിക്കുന്നതിനും ഇതു കാരണമാകുന്നു.

വേനൽക്കാലത്തു രാജ്യത്തു ചില സ്ഥലങ്ങളിലെ ചൂട് 45 ഡിഗ്രി വരെയായി ഉയരാറുണ്ട്. ഉയർന്ന താപനില എന്‍ജിന്റെ പ്രവർത്തനത്തെ മാത്രമല്ല വാഹനത്തിന്റെ ആകെയുള്ള പെർഫോമൻസിനെയും സാരമായി ബാധിക്കുന്നു. മേൽപ്പറഞ്ഞ പൊടിക്കൈകൾ പ്രായോഗികമാക്കുന്നതിലൂടെ ഒരു പരിധിവരെ വാഹനങ്ങളെ വേനൽക്കാലത്തു സംരക്ഷിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com