ADVERTISEMENT

സ്വന്തം ബൈക്ക് വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹമില്ലാത്ത ആരുമുണ്ടാകില്ല. മോഹിച്ചു സ്വന്തമാക്കിയ ബൈക്ക് പുത്തന്‍പോലെ ആക്കാന്‍ ചിലപ്പോള്‍ ദിവസവും ധാരാളം സമയം ചിലവാക്കുന്ന ആളുകളുണ്ടാകും. ബൈക്ക് വൃത്തിയാക്കുമ്പോള്‍ പതിയിരിക്കുന്നൊരു അപകടത്തെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. ചിലപ്പോള്‍ നിങ്ങളെ ജീവിത കാലം മുഴുവന്‍ വികലാംഗനാക്കിയേക്കാവുന്ന അപകടം. 

 

ഏതൊരു ബൈക്കിന്റേയും സുപ്രധാന ഘടകങ്ങളിലൊന്നാണ് ചെയിനും സോക്കറ്റും പുതുതലമുറ ബൈക്കുകളില്‍ മിക്കവയ്ക്കും ചെയിന്‍ കവറുകള്‍ ഇല്ലാത്തതുകൊണ്ട് അവയില്‍ പെട്ടെന്ന് അഴുക്കു പിടിക്കും. നന്നായി ഓടണമെങ്കില്‍ അവ വൃത്തിയാക്കുകയും ലൂബ് ചെയ്ത് കൊടുക്കുകയും ചെയ്യണം. എന്നാല്‍ കൈകൊണ്ട്, തുണിയുപയോഗിച്ചു നടത്തുന്ന ചെയിന്‍ വൃത്തിയാക്കല്‍ അത്ര സുരക്ഷിതമായ പ്രവൃത്തിയല്ല. നിരവധി യുവാക്കള്‍ക്കാണ് ചെറിയ അശ്രദ്ധയിലൂടെ വിരല്‍ നഷ്ടമായിട്ടുള്ളത്. 

 

ചെയിന്‍ അപകടം

689234664

 

സെന്‍ട്രല്‍ സ്റ്റാന്റില്‍ വെച്ച് എന്‍ജിന്‍ ഓണ്‍ ചെയ്താണ് മിക്കവരും ചെയിന്‍ ലൂബ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ചെയിനിന്റെ ഉള്ളിലേക്ക് വിരല്‍പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ചെയിനിന്റേയും പല്‍ചക്രങ്ങളുടേയുമുള്ളില്‍ പെട്ട് അറ്റുപോകുന്ന വിരലുകള്‍ തുന്നിച്ചേര്‍ക്കാനും ബുദ്ധിമുട്ടുകളേറെയാണ്.

 

വിരല്‍ ചതഞ്ഞുപോകുന്നതുകൊണ്ട് തുന്നിച്ചേര്‍ക്കുക എന്ന ദത്യം അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ ചെയിന്‍ വൃത്തിയാക്കുമ്പോള്‍ എന്‍ജിന്‍ ഓണ്‍ചെയ്യാതെയും തുണി ഉപയോഗിക്കാതെയും ഇരിക്കുന്നതാകും നല്ലത്. ചെയിന്‍ വൃത്തിയാക്കാനായി ഒരു ബ്രഷ് വാങ്ങി സൂക്ഷിക്കാം, അല്ലെങ്കില്‍ അതിനായി പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. നിമിഷനേരത്തെ അശ്രദ്ധ ചിലപ്പോള്‍ വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നുള്ളത് കൊണ്ട് ഇനി ബൈക്ക് വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് ഉപകാരപ്രദമായിരിക്കും.

 

ബൈക്ക് വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍

 

∙ വാഹനം വൃത്തിയാക്കാന്‍ വേണ്ടിയുള്ള മൈക്രോ ഫൈബര്‍ തുണികളോ ബനിയന്‍ തുണികളോ ഉപയോഗിച്ച് ബൈക്ക് വൃത്തിയാക്കാന്‍ ശ്രമിക്കുക അല്ലെങ്കില്‍ ചിലപ്പോള്‍ ബോഡി പാര്‍ട്ടുകളില്‍ പോറല്‍ വീഴാനുള്ള സാധ്യതയുണ്ട്.

 

∙ ഹൈപ്രെഷര്‍ പവര്‍ വാഷറുകള്‍ ഉപയോഗിക്കുമ്പോള്‍ ബൈക്കിന്റെ എന്‍ജിന്‍ ഘടകങ്ങളിലേക്കും വയറിങ് പാര്‍ട്ട്‌സുകളിലേക്കും ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം ചീറ്റിക്കരുത്.

 

∙ വാഹനം വൃത്തിയാക്കാനുള്ള ഷാമ്പു ഉപയോഗിക്കാന്‍ ശ്രമിക്കുക. സോപ്പു പൊടിയോ അല്ലെങ്കില്‍ ഡീസലോ പെട്രോളോ ഉപയോഗിച്ചുള്ള വൃത്തിയാക്കാല്‍ നിറം മങ്ങുന്നതിന് കാരണമാകും.

 

∙ എന്‍ജിന്‍ പാര്‍ട്‌സുകളിലെ അഴുക്ക് ബ്രെഷുപയോഗിച്ച് ക്ലീന്‍ ചെയ്യാം. ക്രോം ഫിനിഷുള്ള ഭാഗങ്ങളില്‍ നിന്നു അഴുക്ക് കഴുകി കളഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ തുരുമ്പെടുക്കാനുള്ള സാധ്യതയുണ്ട്.

 

∙ കഴുകിയതിന് ശേഷം തനിയെ ഉണങ്ങാന്‍ അനുവദിക്കാതെ ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com