ADVERTISEMENT

ജൂൺ ആദ്യവാരം മഴ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂളിൽ പോകാൻ കുട്ടികൾ ഒരുങ്ങുന്നതു പോലെ മഴയെ നേരിടാൻ കാറും ഒരുക്കേണ്ടതുണ്ട്. വണ്ടി വഴിയിൽ പണിമുടക്കിയാൽ മഴയും നനഞ്ഞ് വർക്‌ഷോപ് അന്വേഷിച്ച് നടക്കുന്നത് അത്ര രസമുള്ള കാര്യമല്ലല്ലോ. ദുഷ്കരമായ പുറംകാഴ്ച, പരിതാപകരമായ റോഡുകൾ എന്നിവ നമ്മുടെ ഡ്രൈവിങ് കാര്യക്ഷമതയെ കുത്തനെ കുറയ്ക്കുന്ന കാലമാണിത്. 

വൃത്തി പ്രധാനം

കാർ വൃത്തിയാക്കി വയ്ക്കുകയാണ് ആദ്യത്തെ കാര്യം. മഴ നനഞ്ഞ് കാർ വൃത്തിയായിക്കോളുമല്ലോ എന്നു കരുതരുത്. ബോണറ്റ്, വിൻഷീൽഡിലൂടെ വെള്ളം ഒഴുകിപ്പോകുന്ന ചാൽ എന്നിവയിൽ കുടുങ്ങിക്കിടക്കുന്ന ചപ്പുചവറുകൾ നീക്കം ചെയ്യുക. ഹെഡ്‌ലാംപ് ഗ്ലാസിലെ അഴുക്ക് നീക്കാൻ വെള്ള പേസ്റ്റ് ഉപയോഗിക്കാം. പേസ്റ്റ് കയ്യിലെടുത്ത് വട്ടത്തിൽ തേച്ചു പിടിപ്പിച്ച ശേഷം കുറച്ചു കഴിഞ്ഞ് ഉണങ്ങിയ കോട്ടൻ തുണികൊണ്ട് തുടച്ചെടുത്താൽ മതി. കഴിയുമെങ്കിൽ വേ ബ്രിജിൽ ഉയർത്തി വച്ച് കാറിന്റെ അണ്ടർ ബോഡിയും വൃത്തിയാക്കുക. ബ്രേക്ക് പാഡിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മറ്റും ഇങ്ങനെ നീക്കം ചെയ്യാം. ബ്രേക്ക് ഫ്ലൂയിഡ് മതിയായ അളവിൽ ഉണ്ടെന്നും ഉറപ്പാക്കണം. ഇല്ലെങ്കിൽ മഴക്കാലത്ത് കാര്യക്ഷമമായ ബ്രേക്കിങ് അസാധ്യമാകും. 

തേഞ്ഞുതീർന്ന വൈപ്പർ ബ്ലേഡ് മാറ്റി പുതിയത് ഇടാം. ഇല്ലെങ്കിൽ മഴയത്ത് മുൻവശത്തെ ഗ്ലാസിൽ അവ ഉരഞ്ഞ് പുറത്തേക്കുള്ള കാഴ്ച ശ്രമകരമാകും. വൈപ്പർ വാഷർ ബോട്ടിലിൽ മതിയായ വെള്ളമുണ്ടോയെന്നും പരിശോധിക്കണം. മഴക്കാലത്ത് ഗ്ലാസ് പൂർണമായും ഉയർത്തിവച്ചേ കാർ ഓടിക്കാൻ ആകു എന്നതിനാൽ ഏസിക്ക് സദാസമയം പ്രവർത്തിക്കേണ്ടി വരും. ഇല്ലെങ്കിൽ ഗ്ലാസിൽ ഫോഗ് പിടിച്ച് നിങ്ങളുടെ ഡ്രൈവിങ് ബുദ്ധിമുട്ടിലാകും. അതിനാൽ ഏസി ഫിൽറ്ററുകൾ മഴയ്ക്കു മുൻപേ വൃത്തിയാക്കാം.ബാറ്ററിയുടെ കാര്യക്ഷമത കൃത്യമായിരിക്കണം. പെട്രോളിയം ജെല്ലി ഉപയോഗിച്ച് ബാറ്ററി ടെർമിനലുകൾ കവർ ചെയ്തു വയ്ക്കാം. അത് ഈർപ്പത്തിൽനിന്ന് ബാറ്ററിയെ രക്ഷിക്കും.

ടയറിൽ ഒരു കണ്ണ്

മഴയ്ക്കു മുൻപ് ടയറിന്റെ അവസ്ഥ വിശദമായി പരിശോധിക്കുക. തേയ്മാനമുണ്ടെങ്കിൽ മാറ്റി പുതിയ ടയറിടുന്നത് പരിഗണിക്കണം. അല്ലെങ്കിൽ മഴയത്ത് അത് അപകടത്തെ ക്ഷണിക്കലാകും. മഴക്കാലത്ത് ടയറിൽ നിന്നുള്ള മർദ നഷ്ടം കൂടുതലായിരിക്കും. അതിനാൽ സ്റ്റെപ്പിനി അടക്കമുള്ളവയിൽ മതിയായ എയർ നിറച്ചുവെന്ന് ഉറപ്പാക്കുക. വീൽ ബാലൻസിങ്, റൊട്ടേഷൻ, അലൈൻമെന്റ് എന്നിവയും കാലവർഷത്തിനു മുന്നോടിയായി ചെയ്യുന്നത് സുരക്ഷ കൂട്ടും. 

തിളക്കം മങ്ങരുത്

കാറിൽ തുടർച്ചയായി മഴ കൊള്ളുന്നത് പെയിന്റ് മങ്ങാൻ ഇടയാക്കും. പെയിന്റ് സംരക്ഷിക്കാൻ വാക്സ് കോട്ടിങ് ചെയ്യാവുന്നതാണ്. പെയിന്റിനു പുറമേ മറ്റൊരു കവചമായി അതു പ്രവർത്തിക്കും. മഴക്കാലത്ത് തുടർച്ചയായി കാർ കവർ കൊണ്ടു മൂടുകയും എടുത്തുമാറ്റുകയും ചെയ്യരുത്. കവറിനകത്ത് പറ്റിപ്പിടിക്കുന്ന പൊടിയും ചെളിയും കാറിന്റെ പെയിന്റിൽ പോറലേൽപിക്കും. തുടർച്ചയായി മഴ കൊള്ളുന്നതു മൂലം കാറിന്റെ അടിഭാഗത്ത് തുരുമ്പ് കയറാതിരിക്കാൻ അണ്ടർ ബോഡി കോട്ടിങ് ചെയ്യുന്നത് വാഹനത്തിന് ഗുണകരമാണ്. 

അകത്തു പെയ്യരുത് മഴ

ചെളി, ദുർഗന്ധം– മഴക്കാലത്ത് കാറിന്റെ ഉൾവശത്തെ സ്ഥിരം പ്രശ്നങ്ങളാണിത്. പ്ലാസ്റ്റിക് മാറ്റിനു പകരം തുണികൊണ്ടുള്ള മാറ്റ് മഴക്കാലത്ത് കാറിൽ ഉപയോഗിക്കാം. ഇല്ലെങ്കിൽ പത്രക്കടലാസുകൾ താഴെ വിരിക്കുന്നതും നല്ലത്. അവ ഈർപ്പം വേഗം വലിച്ചെടുക്കും. തുടരെ മാറ്റേണ്ടി വരുമെന്നു മാത്രം. മഴ ചെറുതായി മാറിനിൽക്കുന്ന സമയമാണെങ്കിൽ ഗ്ലാസ് താഴ്ത്തി വച്ച് വാഹനം ഓടിക്കുക. മഴക്കാലത്ത് വാഹനത്തിനകത്ത് ഉണ്ടാകാനിടയുള്ള ഫംഗൽ ബാധയെ ചെറുക്കാൻ അതു സഹായിക്കും.കൂടാതെ ഒരു കുട, ടോർച്ച്, കുറച്ച് പത്രക്കടലാസുകൾ, ഒരു തുണി കഷണം എന്നിവ കൂടി കാറിൽ കരുതാം; മഴക്കാല കാറോട്ടം പ്രശ്നരഹിതമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com