sections
MORE

ഓർക്കുക, സീറ്റിൽ ബെൽറ്റിട്ടില്ലെങ്കിൽ എയർബാഗ് പ്രവർത്തിക്കില്ല

seat-belt
Seat Belt
SHARE

സുരക്ഷിത യാത്രയ്ക്കായി നിരവധി സുരക്ഷാ സംവിധാനങ്ങളാണു പുതുതലമുറ വാഹനങ്ങളിലുള്ളത്. എയർബാഗുകൾക്കു പുറമെ സീറ്റ് ബെൽറ്റ്, ആന്റി–ലോക്ക് ബ്രേക്ക്, ഇബിഎസ് തുടങ്ങിയ. സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തിൽ നിരവധി ജീവനുകളാണ് ഓരോ ദിവസവും റോഡിൽ പൊലിയുന്നത്. തലയ്ക്കേൽക്കുന്ന പരിക്കുകളാണ് അപകടമരണങ്ങളിൽ ഏറ്റവും ഗുരുതരം. ഇത്തരത്തിൽ മരണകാരണമായേക്കാവുന്നതും കനത്ത പരിക്കേല്‍ക്കാവുന്നതുമായ ആഘാതങ്ങളിൽ യാത്രക്കാരെ രക്ഷിക്കാനാണ് എയർബാഗുകള്‍. അപകട സമയത്ത് എയർബാഗുകൾ വികസിച്ച് വരികയും യാത്രക്കാരന്റെ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും.

വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരും എയര്‍ബാഗുകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ഒരു അസന്തുലിതമായ ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലുള്ള സമാന ചലനത്തിലോ തുടരുന്നതാണെന്ന ഐസക് ന്യൂട്ടന്റെ ഒന്നാം ചലന നിയമത്തിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എയർബാഗും സീറ്റുബെൽറ്റും പ്രവർത്തിക്കുന്നത്. അപകടത്തെത്തുടർന്ന് വാഹനം നിന്നാലും നിങ്ങളുടെ ശരീരം ജഡത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ സഞ്ചരിക്കും. സ്റ്റിയറിംഗ് വീലിൽ തലയോ നെഞ്ചോ ഇടിക്കുകയായിരിക്കും സംഭവിക്കുക. ഇതുതടയാനാണ് സീറ്റുബെൽറ്റുകളും എയർബാഗുകളും.

എയർബാഗ് ചരിത്രം

ഒരു ഞായറാഴ്ച കുടുംബത്തോടൊപ്പം യാത്ര നടത്തിയ ജോൺ ഹെട്രിക് എന്ന എൻജിനീയർക്കുണ്ടായ ഒരു അപകടത്തിനെത്തുടർന്നാണ് എയർബാഗെന്ന ആശയം രൂപപ്പെടുന്നത്. റോഡിലേക്ക് വന്ന ഒരു കല്ലിൽ നിന്നു രക്ഷപ്പെടാനായി നടത്തിയ ബ്രേക്കിംഗിൽ കാറിന്റെ ഡാഷ്ബോർഡിൽ പതിക്കാതെ ഹെട്രികിന്റെ മകൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു. ഡ്രൈവിംഗിനിടെയുള്ള അപകടങ്ങളിൽ മുഖത്തുണ്ടാകുന്ന മുറിവിന് ഡോക്ടർമാർ സ്റ്റിയറിംഗ് വീൽ ഫെയ്സസെന്ന് പേരിട്ട് വിളിച്ചിരുന്ന കാലഘട്ടമായിരുന്നു. ഇത്തരത്തിലുള്ള അപകടം എങ്ങനെ ചെറുക്കാമെന്ന ചിന്തയെത്തുടർന്നാണ് എയർബാഗിന്റെ പ്രാഥമിക രൂപത്തിന്റെ പിറവി.

വാഹനത്തിൽ വീഴ്ചയെ പ്രതിരോധിക്കുന്ന കുഷ്യൻ ഉപയോഗിക്കുന്നതിനുള്ള പേറ്റന്റ് 1951ൽ ഹെട്രിക് നേടി. ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടുമ്പോൾ സമർദ്ദിത വായു ഒരു കുഷ്യനിലേക്ക് കടത്തിവിട്ട് പ്രതിരോധം തീർക്കുന്നതിനുള്ള ആശയം ജർമൻകാരനായ വാൾടർ ലാവൻഡറും അവതരിപ്പിച്ചു. സമർദ്ദിത വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയര്‍ബാഗിന്റെ പ്രവർത്തനം അത്ര വിജയകരമല്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞതോടെ ലാവന്റിന്റെ ആശയം അത്ര വിജയകരമായില്ല.

1971 ലാണ് ഫോർഡ് എയര്‍ബാഗ് സംവിധാനം പരീക്ഷിക്കാൻ തീരുമാനിച്ചത്. 1973 ജനറൽ മോട്ടോഴ്സ് തങ്ങളുടെ ചില മോഡലുകളിൽ എയർബാഗുകള്‍ പരീക്ഷിച്ചെങ്കിലും പൊതുജനങ്ങൾക്ക് ലഭ്യമാക്കിയില്ല. എന്നാൽ അതേവർഷം ഓൾസ്മൊബൈൽ ടൊർണാഡോ പാസഞ്ചർ സൈഡ് എയർബാഗ് അവതരിപ്പിച്ചു. 1988ൽ ക്രിസ്​ലറാണ് എയർബാഗ് സ്റ്റാൻഡേർ‌ഡ് ഓപ്ഷൻ ആയി ഇറക്കിയത്. ടിആര്‍ഡബ്ളിയു ആദ്യ ഗ്യാസ് ഇൻഫ്ളേറ്റഡ് എയർബാഗ് 1994ൽ അവതരിപ്പിച്ചു. പിന്നീട് നിരവധി മാറ്റങ്ങള്‍ക്കും വിധേയമായാണ് എയര്‍ബാഗ് ഇപ്പോഴത്തെ മാതൃകയിലായത്.

പ്രവർത്തനം

നേര്‍ത്ത നൈലോണ്‍ കൊണ്ടാണ് എയര്‍ബാഗുകള്‍ നിര്‍മിക്കുന്നത്. സ്റ്റിയറിങ് വീലിനുള്ളിലും ഡാഷ്ബോര്‍ഡിലുമൊക്കയാണ് ആണ് മുന്നിലെ എയര്‍ബാഗുകള്‍ ക്രമീകരിക്കുന്നത്. ബലൂണ്‍ പോലെ വികസിക്കാന്‍ കഴിയുന്ന ഇവ നന്നായി ഒതുക്കി സൂക്ഷിക്കുന്നു. ഡ്യുവല്‍ ഫ്രണ്ടല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, കാല്‍മുട്ടുകള്‍ക്ക് സംരക്ഷണം നല്‍കുന്ന നീ എയർബാഗ്, റിയര്‍ കര്‍ട്ടന്‍ എയര്‍ബാഗ്, പെഡസ്ട്രിയന്‍ എയര്‍ബാഗ് എന്നിങ്ങനെ നിരവധി എയർബാഗുകൾ വാഹനങ്ങളോടൊപ്പമെത്താറുണ്ട്.

അപ്രതീക്ഷിതമാണ് അപകടങ്ങൾ ഈ തത്വത്തിലടിസ്ഥാനമാക്കിയാണ് എയർബാഗിന്റെ പ്രവർത്തനം. കണ്ണിമ ചിമ്മുന്നതിനിടയിൽ എയർബാഗ് തുറന്നുപ്രവർത്തിക്കുക. ഒരു അപകടം ഉണ്ടാവുമ്പോൾ വാഹനത്തിലെ ക്രാഷ് സെൻസറുകൾ ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലേക്ക്(എയർബാഗ് കൺ‌ട്രോൾ യൂണിറ്റ്) വിവരം കൈമാറുന്നു. എയർബാഗ് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റിലെ അൽഗോരിതം ഏതൊക്കെ എയർബാഗുകൾ തുറക്കണമെന്ന് തീരുമാനിച്ച് ഉടനടി പ്രവർത്തിക്കുന്നു.

ആസെലെറോമീറ്ററുകൾ, ഇംപാക്ട് സെൻസറുകൾ, സൈഡ് ഡോർ പ്രെഷര്‍ സെൻസർ, വീൽ സ്പീഡ് സെൻസർ, ഗൈറോസ്കോപ്, ബ്രേക് പ്രഷർ സെൻസർ, സീറ്റ് ഒക്കുപൻസി സെൻസർ എന്നിങ്ങനെ നിരവധി ഉപകരണങ്ങളുടെ സംയോജിത പ്രവർത്തനങ്ങളുടെ ഫലമായാണ് പുതുതലമുറ വാഹനങ്ങളുടെ എയർബാഗിന്റെ പ്രവർത്തനം.

സിഗ്നലുകൾ ഇൻഫ്ളേറ്റർ യൂണിറ്റിലെത്തുമ്പോൾ ഒരു രാസപ്രവർത്തനം സംഭവിക്കുന്നു. ഇതിനെത്തുടർന്ന് നൈട്രജൻ‌ വാതകമാണ് എയർബാഗിനെ വീർപ്പിക്കുന്നത്. ചില എയർബാഗുകളിൽ മർദിത നൈട്രജനും ആർഗൻ വാതകവുമാണുള്ളത്. സാധാരണഗതിയിൽ ധാരാളം പൊടിപടലങ്ങളും തുറക്കൽ സമയത്ത് പുറത്തെത്തും , എയർബാഗിന്റെ സുഗമമായ തുറക്കലിന് സഹായിക്കാനാണ് ടാൽകം പൗഡർ പോലുള്ളവ ഇപയോഗിക്കുന്നത്. എയർബാഗ് തുറന്നതിനുശേഷം ചെറിയ ദ്വാരങ്ങളിലൂടെ നൈട്രജൻ വാതകം ചോർന്നുപോകും. 

എയർബാഗ് വില്ലനാകുമ്പോൾ

എയർബാഗ് അപകടങ്ങൾക്ക് കാരണമാകുമോ?. അപൂർവമായി അപകടങ്ങൾക്ക് കാരണമാകുകയും ലക്ഷക്കണക്കന് എയർബാഗുകൾ വർഷം തോറും തിരിച്ചുവിളിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നെഞ്ച് സ്റ്റിയറിംഗ് വീലിൽനിന്നും മതിയായ അകലത്തിലായിരിക്കാൻ ശ്രദ്ധിക്കണമെന്നുംം 4 വയസിൽ‍ താഴെയുള്ള കുട്ടികൾക്ക് എയർബാഗ് ഒഴിവാക്കി മറ്റ് സുരക്ഷാസംവിധാനങ്ങൾ( ചൈൽഡ് സീറ്റ്) ഉപയോഗിക്കമെന്നുമൊക്കെ വിദഗ്ദർ നിർദ്ദേശം നൽകാറുണ്ട്.

തകാത്തയാണ് അടുത്തകാലത്ത് ഏറ്റവും അധികം കുപ്രസിദ്ധി നേടിയ എയർബാഗ് നിർമാതാക്കൾ. തകാറ്റ കോര്‍പറേഷന്‍ എയർബാഗ് ഡിപ്ളോയ്മെന്റിന് ഉപയോഗിച്ച അമോണിയം നൈട്രേറ്റ് പ്രൊപ്പല്ലന്റിന് പെട്ടെന്നു തീ പിടിക്കുന്നതോടെ ലോഹനിര്‍മിത ചെറു പേടകം പൊട്ടിത്തെറിച്ച്‌ മൂര്‍ച്ചയേറിയ വസ്തുക്കള്‍ യാത്രക്കാര്‍ക്കും പരിക്കേല്‍ക്കുന്നതായിരുന്നു അടുത്തെയിടെ റിപ്പോർട്ട് ചെയ്ത പ്രശ്നം. ഇത്തരത്തിലുള്ള സംഭവങ്ങൾ മാറ്റി നിർത്തിയാൽ ജീവൻ രക്ഷിക്കാൻ കെൽപ്പുള്ള സുരക്ഷ ഉപകരണമാണ് എയർബാഗുകൾ.

എയർബാഗിനെ സപ്ളിമെന്റൽ റിസട്രെന്റ് സിസ്റ്റം എന്നാണ് പറയുന്നത്.. എസ്.ആര്‍.എസ് എന്നാല്‍ സപ്ളിമെന്‍റ് റീസ്ട്രെയിന്‍റ് സിസ്റ്റം (Supliment restraint System). സീറ്റ് ബെല്‍റ്റുകളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര് വന്നത്. അതായത് സീറ്റ്ബെൽറ്റിന് പകരമായല്ല സീറ്റ്ബെൽറ്റുകൂടി ഉള്ളപ്പോൾ മാത്രം പൂർണ്ണമാകുന്ന സംവിധാനം. അതിനാൽ എയർബാഗ് ഉള്ള വാഹനങ്ങളിലും സീറ്റ്ബെൽറ്റ് ഇടാൻ മറക്കരുതേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA