sections
MORE

ശ്രദ്ധിക്കൂ; വണ്ടി വെള്ളത്തിലായാൽ ഇൻഷുറൻസ് ഈസിയല്ല

India Monsoon Rain
Car Flood
SHARE

മഴയിൽ ചെറു ശബ്ദത്തിൽ പാട്ടു വച്ച്, സ്റ്റിയറിങ്ങിൽ വിരൽകൊണ്ടു താളമിട്ടു പോകുന്നത് നമ്മുടെ ഒരു ഹരമായിരുന്നു. എന്നാൽ കുറച്ചു നാളായി, മഴ മലയാളിക്കു പേടിയാണ്. അതു പോലെ നമ്മുടെ കാറിനും. കഴിഞ്ഞ പ്രളയ കാലത്ത് ആയിരക്കണക്കിനു കാറുകളാണ് വെള്ളം കയറി നശിച്ചു പോയത്. ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ടും ഒട്ടേറെ കാറുടമകൾക്കു കൈപൊള്ളി. സാധാരണയായി അപകടം കാരണമോ, മറ്റോ ഉണ്ടാകുന്ന കേടുപാടുകൾക്കാണ് നമ്മൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്.

എന്നാൽ മാറുന്ന കേരളത്തിന്റെ കാലാവസ്ഥയിൽ മഴ എന്ന ഭീകരനെ കൂടി മുന്നിൽ കണ്ടുവേണം കാറുകൾക്ക് ഇൻഷുറൻസ് എടുക്കാൻ. അതിനാവശ്യമായ ആ‍ഡ് ഓൺ കവറേജുകൾ പോളിസി വാങ്ങുമ്പോൾ തന്നെ ഉറപ്പാക്കുക. കേരളത്തിൽ ഇത്തവണ മഴ കനത്തു തുടങ്ങിയപ്പോൾ തന്നെ പല ഇൻഷുറൻസ് കമ്പനികളും ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്താക്കൾക്ക് എസ്എംഎസ് സന്ദേശം അയച്ചിട്ടുണ്ട്. അതിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഹൈഡ്രോസ്റ്റാറ്റിക് ലോക് ഇൻ എൻജിൻ എന്ന തകരാർ ആണ്. കാറിന്റെ എൻജിനിൽ വെള്ളം കയറിയാൽ ഇൻഷുറൻസ് പരിരക്ഷ കിട്ടില്ലെന്നാണ് സന്ദേശത്തിന്റെ സാരം. 

 കാർ വെള്ളത്തിൽ മുങ്ങിയാൽ...

ടയറിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയാണ് വാഹനത്തിന്റെ കിടപ്പെങ്കിൽ, എൻജിനെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പിക്കാം. എൻജിൻ ഓയിൽ ഡിപ്സ്റ്റിക് ഊരിയെടുത്ത് അതിൽ ജലാംശമുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. എയർ ഫിൽറ്ററിന്റെ പരിസരത്തും വെള്ളമുണ്ടെങ്കിൽ, എൻജിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം.

∙ വാഹനം വെള്ളത്തിൽ നിന്നുപോയാലോ, അകപ്പെട്ടാലോ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. അങ്ങനെ ചെയ്താൽ എൻജിനിലേക്ക് വായു വലിച്ചെടുക്കുന്ന ഇൻടേക്ക് സംവിധാനം വഴി വെള്ളം കയറുകയും എൻജിൻ തകരാറിലാകുകയും ചെയ്യും(ഹൈഡ്രോ സ്റ്റാറ്റിക് ലോക്ക്). ആദ്യം ചെയ്യേണ്ടത് വാഹനം തള്ളി വെള്ളമില്ലാത്ത ഇടത്തേക്കു മാറ്റുകയാണ്. എത്രയും വേഗം സർവീസ് സെന്ററിൽ വിവരം അറിയിക്കുക.

∙ ഓരോ കമ്പനിയുടെയും എൻജിൻ ഡിസൈൻ അനുസരിച്ച് ഇൻടേക്ക് സംവിധാനം വ്യത്യസ്ത ഉയരത്തിലായിരിക്കും. അതിനാൽ, വെള്ളത്തിൽ മുങ്ങിയ മറ്റൊരു വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറിയിട്ടില്ലെങ്കിലും അതിനു തൊട്ടുപിന്നിൽ പോകുന്ന നിങ്ങളുടെ വാഹനത്തിന്റെ എൻജിനിൽ വെള്ളം കയറാം.

∙ വെള്ളത്തിലൂടെ വാഹനം ഇനി മുന്നോട്ടുപോകില്ലെന്ന് ഉറപ്പാവുകയും വാഹനം ഓൺ ആയിരിക്കുകയും ചെയ്യുന്ന അവസ്ഥയിലും ആദ്യം എൻജിൻ ഓഫ് ആക്കുക. എന്നാൽ, വാഹനം തള്ളി മറ്റൊരിടത്തേക്കു നീക്കിനിർത്തി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. വർക്‌ഷോപ്പിൽ എത്തിച്ച് സ്പാർക്ക് പ്ലഗും എയർ ഫിൽറ്ററും പരിശോധിച്ച് എൻജിൻ തകരാർ (ഹൈഡ്രോ സ്റ്റാറ്റിക് എൻജിൻ ലോക്ക്) ഇല്ലെന്ന് ഉറപ്പാക്കണം.

∙ വെള്ളത്തിൽ കിടന്ന വാഹനത്തിന്റെ എൻ‌ജിന് ഒപ്പം വെള്ളം കയറിയിട്ടില്ലെന്നു തോന്നിയാലും വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്. എന്തെങ്കിലും കാരണവശാൽ എൻജിൻ ഓൺ ആയാൽ തന്നെ, വെള്ളം കയറിയിട്ടുണ്ടെങ്കിൽ ആക്സിലറേറ്റർ ചവിട്ടുമ്പോൾ എൻജിൻ പൊട്ടിത്തെറിക്കാൻവരെ സാധ്യതയുണ്ട്. 

∙ ശ്രദ്ധിക്കുക, വെള്ളം കയറിയ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ച് കാർ തകരാറിലായാൽ ഇൻഷുറൻസ് ലഭിക്കുകയില്ല. അതു മറച്ചുവച്ചാൽ തന്നെ, നിങ്ങൾ എൻജിൻ ഓൺ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിശോധനയിൽ അവർക്ക് അറിയാനും സാധിക്കും.

∙ വാഹനത്തിനു നാശനഷ്ടം സംഭവിച്ചതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തുവയ്ക്കുന്നതു നന്നായിരിക്കും.

∙ നഷ്ടം ക്ലെയിം ചെയ്യാനായി ഇൻഷുറൻസ് കമ്പനിയെ രേഖാമൂലം ഉടൻ അറിയിക്കുക. അഥവാ, പോളിസി നഷ്ടപ്പെട്ട അവസ്ഥയാണെങ്കിൽ പേരും വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഇൻഷുറൻസ് കമ്പനിയെ അറിയിച്ചാൽ ബാക്കി കാര്യങ്ങൾ കണ്ടെത്താനാകും.

പോരാ, സാധാരണ പോളിസി

മറ്റു വാഹനങ്ങളുമായുണ്ടാകുന്ന കൂട്ടിയിടി, ബ്രേക്ക് ഡൗൺ, കാറിൽ മഴവെള്ളം കയറിയുണ്ടാകുന്ന മാലിന്യം, എൻജിനിൽ വെള്ളം കയറി ഉണ്ടാകുന്ന തകരാർ(ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് ഇൻ എൻജിൻ) തുടങ്ങിയവയൊക്കെയാണ് മഴക്കാലത്ത് കാറുകൾ നേരിടുന്ന വെല്ലുവിളി. ഉടമകൾ സാധാരണ എടുക്കുന്ന തേഡ് പാർട്ടി, കോംപ്രിഹെൻസിവ് ഇൻഷുറൻസുകളിൽ ആക്സിഡന്റും മാലിന്യം വൃത്തിയാക്കലും ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു പരിരക്ഷയുണ്ട്. വാഹനത്തിന് ഉണ്ടാകുന്ന ടോട്ടൽ ലോസും ഇതിൽ ഉൾപ്പെടും. എന്നാൽ എൻജിനിൽ വെള്ളം കയറിയുള്ള തകരാറിന് ഇതിൽ പരിരക്ഷ ലഭിക്കില്ല. കേരളത്തിൽ പ്രളയം തുടർക്കഥയാകുന്ന സാഹചര്യത്തിൽ എൻജിൻ സുരക്ഷ ഉൾപ്പെടെ താഴെപ്പറയുന്ന മൂന്ന് ആഡ് ഓൺ കവറേജ് കാർ ഇൻഷുറൻസിനൊപ്പം വാങ്ങാൻ ഉടമ ശ്രദ്ധിക്കുക.

∙ ഡിപ്രിസിയേഷൻ ഷീൽഡ്

സാധാരണ പോളിസിയിൽ കാറിന്റെ പ്ലാസ്റ്റിക്, ഫൈബർ, റബർ ഭാഗങ്ങൾ, പെയിന്റ് തുടങ്ങിയ കാലക്രമത്തിൽ മൂല്യശോഷണം സംഭവിക്കുന്ന ഭാഗങ്ങൾക്ക് അവയുടെ പഴക്കം(ഡിപ്രിസിയേഷൻ) അനുസരിച്ചുള്ള നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളു. പ്രളയത്തിൽ പെട്ട കാറുകളുടെ ഇത്തരം ഭാഗങ്ങൾ മാറ്റുകയോ അറ്റകുറ്റപ്പണി ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ‌ പോളിസി സെറ്റിൽ ചെയ്യുന്ന സമയത്ത് ഇവയുടെ അധിക വില കാറുടമ സർവീസ് സെന്ററിൽ അടയ്ക്കേണ്ടി വരുന്നു. ഈ അധിക ബാധ്യത ഒഴിവാക്കി, ഇത്തരം പാർട്സുകളുടെ മുഴുവൻ തുകയും ഇൻഷുറൻസ് കമ്പനിയിൽ നിന്നു കിട്ടുന്നതിന് ഡിപ്രിസിയേഷൻ ഷീൽഡ് (സീറോ ഡിപ്രിസിയേഷൻ) എന്ന ആഡ് ഓൺ കവറേജ് പോളിസിക്ക് ഒപ്പം എടുക്കുക.

∙ എൻജിൻ പ്രൊട്ടക്ടർ

മഴവെള്ളത്തിൽ മുങ്ങിപ്പോയ കാർ സ്റ്റാർട് ചെയ്യുമ്പോൾ എൻജിനിലേക്കു വെള്ളം കയറി ഉണ്ടാകുന്ന ഹൈഡ്രോസ്റ്റാറ്റിക് ലോക്ക് ഇൻ എൻജിൻ എന്ന തകരാറിന് പരിരക്ഷ  കിട്ടുവാൻ ഈ ആഡ് ഓൺ സഹായിക്കും. ഓയിൽ ചോർന്ന് ഗിയർ ബോക്സിനുണ്ടാകുന്ന തകരാറിനും ഈ ആഡ് ഓണിൽ പരിരക്ഷ ലഭിക്കുന്നു. ഇല്ലെങ്കിൽ എൻജിൻ മാത്രം നന്നാക്കാൻ കാറുകളുടെ മോഡൽ അനുസരിച്ച് ലക്ഷങ്ങളുടെ ചെലവു വരുമെന്ന് ഓർക്കുക.

∙ റോഡ് സൈഡ് അസിസ്റ്റന്റ്സ് കവർ

ബ്രേക്ക് ഡൗൺ, കാർ വെള്ളത്തിൽ നിന്നു പോകുക, ബാറ്ററി, ടയർ എന്നിവ പണിമുടക്കുക തുടങ്ങിയ കേസുകളിൽ കാർ കിടക്കുന്നിടത്തു വന്ന് 24*7 സൗജന്യ സേവനം ലഭ്യമാക്കുന്നതിന് ഈ ആഡ് ഓൺ ആവശ്യമാണ്. മറ്റൊരു വാഹനം ഉപയോഗിച്ച് കാർ സർവീസ് സെന്ററിൽ എത്തിക്കുന്നതിനുള്ള ചെലവും ഇൻഷുറൻസ് കമ്പനികൾ വഹിക്കും. 

ടോട്ടൽ ലോസ് ആകുന്ന കാറുകളുടെ ഉടമയ്ക്ക് അതു ഷോറൂമിൽ നിന്നു വാങ്ങിയപ്പോഴുള്ള വില നഷ്ടപരിഹാരമായി കിട്ടുന്നതിന് ‘റിട്ടേൺ ടു ഇൻവോയിസ്’ എന്ന ആഡ് ഓൺ കവറേജും വിപണിയിൽ ലഭ്യം. ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ ആർസി ബുക്കും കൈമാറ്റ രേഖകളും ഇൻഷുറൻസ് കമ്പനിക്ക് നഷ്ടപരിഹാരം ലഭിക്കാൻ നൽകുന്നതുകൊണ്ടുതന്നെ സർക്കാരിലേക്ക് മുൻകൂർ അടച്ച റോഡ് ടാക്സിന്റെ റീഫണ്ട് നടപ്പില്ല. അതേസമയം ഇതിനായി ആഡ് ഓൺ കവർ എടുത്തവർക്ക് ഇൻഷുറൻസ് കമ്പനികൾ തന്നെ നഷ്ടപരിഹാരം നൽകുന്നു. 

ഇൻഷുറൻസിൽ ശ്രദ്ധിക്കാൻ

ഇൻഷുറൻസ് പ്രീമിയം തുക ലാഭിക്കാൻ ഐഡിവി(വാഹനം ഇൻഷുർ ചെയ്യുന്ന മൊത്തം മൂല്യം) കുറച്ചു കാട്ടിയത് പലർക്കും കഴിഞ്ഞ പ്രളയത്തിൽ നഷ്ടമുണ്ടാക്കിയിരുന്നു. ടോട്ടൽ ലോസ് കണക്കാക്കുമ്പോൾ ഐഡിവി തുകയാണ് ഉടമയ്ക്കു നഷ്ടപരിഹാരമായി കിട്ടുക. അതിനാൽ ന്യായമായ ഐഡിവി ഓരോ വർഷവും ഇൻഷുറൻസ് പുതുക്കുമ്പോൾ വാഹനത്തിന് ഉറപ്പാക്കുക. വാഹനത്തോടൊപ്പം ആർസി ബുക്ക്, ഇൻഷുറൻസ് കടലാസ് എന്നിവ നൽകി ഇൻഷുറൻസ് ക്ലെയിം ഫോം ഒപ്പിട്ടു നൽകാത്തതു കഴിഞ്ഞ വർഷം ക്ലെയിമുകൾ തീർപ്പാക്കുന്നതിൽ താമസം വരുത്തി. കൂടാതെ സെക്കൻഡ് ഹാൻഡ് വാങ്ങിയ വാഹനങ്ങളുടെ ആർസിയും ഇൻഷുറൻസും സ്വന്തം പേരിലേക്കു മാറ്റാത്തതും വിലങ്ങുതടിയാണ്. പ്രളയം ബാധിച്ച സ്ഥലത്തെ ഉടമയുടെ വിലാസമല്ല ആർസിയിൽ എന്നത് ഇൻഷുറൻസ് നടപടിക്രമങ്ങൾ സങ്കീർണമാക്കിയിരുന്നു. വണ്ടിയിലെ എക്സ്ട്രാ ഫിറ്റിങ്സിന് പ്രത്യേകം ഇൻഷുർ ചെയ്തില്ലെങ്കിൽ തുക കിട്ടില്ല. 

∙ നഷ്ടം കണക്കാക്കിയ ശേഷം വാഹനത്തിന്റെ ഐഡിവി (ഇൻഷുർ ചെയ്ത വില)യെക്കാൾ വാഹനം നന്നാക്കി എടുക്കുന്ന തുക കൂടിയാൽ, അല്ലെങ്കിൽ 75 ശതമാനത്തിൽ കൂടിയാൽ ടോട്ടൽ ലോസ് ആയി കണക്കാക്കി ഉടമയ്ക്ക് ഐഡിവി (ഇൻഷുർ ചെയ്ത വില) ഏകദേശം മുഴുവനായും നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനികൾ നൽകുന്നു.

∙ ടോട്ടൽ ലോസിൻമേലുള്ള നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ഐഡിവിയിൻമേൽ ഡിപ്രിസിയേഷൻ (വിലയിടിവ്) സംഭവിക്കുന്നില്ല. പോളിസി കാലാവധി മുഴുവൻ ഏകദേശം മൊത്തം ഐഡിവി തന്നെ നഷ്ടപരിഹാരമായി ലഭിക്കുന്നു.

∙ ലോൺ എടുത്തു വാങ്ങിയ വാഹനം ടോട്ടൽ ലോസ് ആണെങ്കിൽ ബാങ്കിൽനിന്ന് നിരാക്ഷേപ പത്രം ലഭിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനികൾക്ക് തുക കൈമാറാൻ സാധിക്കൂ.

∙ ടോട്ടൽ ലോസ് ആയ വാഹനത്തിന്റെ നഷ്ടപരിഹാരം ലഭിക്കാൻ, വാഹനത്തിന്റെ ആർസി ബുക്കിനോടൊപ്പം വാഹനം കൈമാറ്റം ചെയ്യുവാൻ ആവശ്യമായ വിവിധ ഫോമുകളും ഇൻഷുറൻസ് കമ്പനികൾക്ക് ഒപ്പിട്ട് നൽകേണ്ടതുണ്ട്. പ്രളയത്തിൽ ടോട്ടൽ ലോസ് ആയ വാഹനത്തിന് ഏകദേശം മുഴുവൻ ഐഡിവി യും നഷ്ടപരിഹാരമായി നൽകിക്കൊണ്ട് ആ വാഹനം ഉടമയിൽനിന്ന് ഏറ്റെടുത്ത് തുടർനടപടികൾ കൈക്കൊള്ളേണ്ട വിവേചനാധികാരം ഇൻഷുറൻസ് കമ്പനികൾക്കുണ്ട്. അതിനാൽ തന്നെ വാഹനം കൈമാറ്റം ചെയ്യാൻ ആവശ്യമായ രേഖകൾ നൽകാതെ ടോട്ടൽ ലോസിന്റെ നഷ്ടപരിഹാരം സാധ്യമാകുകയില്ല. 

∙ തങ്ങളുടെ വാഹനം ഇൻഷുറൻസ് കമ്പനികൾ മേടിച്ച് മറ്റൊരാൾക്കു കൊടുത്ത് അവരത് പണിതു വിൽക്കുമോ എന്ന് ആശങ്കപ്പെടുന്നവർക്ക് ടോട്ടൽ ലോസിനു പകരം, ഒരു നിശ്ചിത നഷ്ടപരിഹാര തുകയും വാഹനവും ഇൻഷുറൻസ് കമ്പനികൾ തന്നെ നൽകുന്നുണ്ട്. ‘സാൽവേജ് ലോസ്’ കണക്കാക്കി വാഹനം ഉപഭോക്താവിനുതന്നെ തിരിച്ചുകൊടുക്കുകയാണ് ചെയ്യുക. അതായത് വാഹനം നിലവിലെ അവസ്ഥയിൽ ഒഴിവാക്കുമ്പോൾ കിട്ടുന്ന വില കണക്കാക്കി ബാക്കി തുക ഐഡിവിയിൽനിന്ന് ഉപഭോക്താവിന് ലഭിക്കുന്നു. അതുപയോഗിച്ച് പുറത്തെ ഏതെങ്കിലും വർക് ഷോപ്പിൽ നിന്നു കാർ നന്നാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA