വാഹനത്തിലെ എസി പ്രവർത്തിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

ac
AC
SHARE

നട്ടുച്ച വെയിലത്തു എസിയുടെതണുപ്പിൽ സുഖമായി യാത്ര ചെയ്യുമ്പോൾ ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു ആലോചിച്ചിട്ടുണ്ടോ? മഴയത്തു കാറിന്റെ വിൻഡ്‌ഷീൽഡിൽ ഫോഗ് പിടിക്കുമ്പോൾ എസി നോബി തിരിച്ച് ഡീഫോഗർ മോഡിലേയ്ക്കിടുമ്പോൾ ചൂടു വായു എസി വെന്റിലൂടെ വരികയും ഫോഗ് മാറുകയും ചെയ്യാറില്ലേ? ഇതെങ്ങനെയാണ് സംഭ‍വിക്കുന്നതെന്നു വെറുതെയെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വാഹനത്തിലെ എസിയെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും മനസിലാക്കാം..

എസിയുടെ പ്രവർത്തനം

ക്യാബിനുള്ളിലെ താപനില നിയന്ത്രിക്കുക എന്നതു കൂടാതെ ഉള്ളിലെ ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കുക എന്ന ചുമതല കൂടി എസികൾക്കുണ്ട്. വാഹന എയർ കണ്ടിഷണറുകളിൽ പ്രധാനമായും രണ്ടു തരം പ്രവർത്തനമാണുള്ളത്

1.ക്യാബിനിൽ ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടാക്കുക

2.ക്യാബിനിലേക്കു പ്രവഹിക്കുന്ന വായുവിന്റെ താപനിലയും ഈർപ്പത്തിന്റെ അളവും നിയന്ത്രിക്കുക.

വളരെ ലളിതമെന്നു തോന്നുമെങ്കിലും നിരവധി ഘടകങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം  വഴിയാണ് ഇത് സാധ്യമാക്കുന്നത്.വാഹനത്തിന്റെ ക്യാബിനുള്ളിൽ വായു സഞ്ചാരം ഉണ്ടാകാൻ എസി യൂണിറ്റുകളിൽ ബ്ലോവറുകളാണ് ഉപയോഗിക്കുന്നത്. ഫാനുകളെ അപേക്ഷിച്ച് ഒരു പ്രത്യേക ദിശയിൽ ഉയർന്ന മർദ്ദത്തിൽ വായു സഞ്ചാരം സൃഷ്‌ടിക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ ഗുണം. ഇങ്ങനെ ബ്ലോവറിൽ നിന്നും വരുന്ന വായുവിനെ ഡാഷ് ബോർഡിനടിയിലുള്ള പലതരം കുഴലുകളിലൂടെ കടത്തി വിട്ടാണ് ക്യാബിനിലെ വായു സഞ്ചാരം നിലനിർത്തുന്നത്.

മാറുന്ന അന്തരീക്ഷ സാഹചര്യങ്ങൾക്കു അനുയോജ്യമായ രീതിയിൽ വായുസഞ്ചാരം നിയന്ത്രിക്കാൻ ഈ കുഴുലുകളിൽ ഫ്ലാപ്പുകൾ അഥവാ അടപ്പുകൾ നൽകിയിട്ടുണ്ട്. ഡാഷ് ബോർഡിൽ ഘടിപ്പിച്ചിട്ടുള്ള സ്വിച്ചുകൾ അല്ലെങ്കിൽ നോബുകൾ വഴി ഫ്ലാപ്പുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയും. ഇലക്ട്രിക്കൽ അല്ലെങ്കിൽ കേബിൾ നിയന്ത്രിതമാണ് ഇവ. വാഹനത്തിനുള്ളിലെ താപനില, കാറ്റടിക്കേണ്ട ദിശ എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ഇത്തരം പല  ഫ്ലാപ്പുകളുടെ കൂട്ടായ പ്രവർത്തനം വഴിയാണ്.  ക്യാബിനുള്ളിലേക്കു ചൂടും തണുപ്പും എത്തിക്കുന്നതും, വായുവിലെ ഈർപ്പം കുറയ്ക്കുന്നതും ഹീറ്റിംഗ് സംവിധാനത്തിന്റെയും കൂളിംഗ് സംവിധാനത്തിന്റെയും പ്രവർത്തനം വഴിയാണ്.

ഹീറ്റിംഗ് സംവിധാനത്തിന്റെ പ്രവർത്തനം

കേരളത്തിലെ കാലാവസ്ഥയിൽ വേണ്ടി വരാറില്ലെങ്കിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ തണുപ്പിക്കുന്നതിലും കൂടുതൽ ചൂടാക്കുന്നതിനാണ് എയർ കണ്ടിഷണർ ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ എൻജിനിൽ നിന്നുള്ള ചൂടുപയോഗിച്ചാണ് ഹീറ്റർ പ്രവർത്തിക്കുന്നത്. ഇതിനായി ഒരു ചെറിയ റേഡിയേറ്ററും വാഹനങ്ങളുടെ ഡാഷ് ബോർഡിനുള്ളിലെ എസി സംവിധാനത്തിൽ ഉണ്ട്. ഹീറ്റർ കോയിൽ എന്നാണ് ഇത് അറിയപ്പെടുന്നത്. എൻജിനിൽ നിന്നും പുറംതള്ളുന്ന ചൂടുപയോഗിക്കുന്നതിനാൽ ഹീറ്റർ ഉപേയാഗിക്കുന്നത് വാഹനത്തിന്റ ഇന്ധനക്ഷമതയെ വലിയ തോതിൽ ബാധിക്കാറില്ല.  

എൻജിൻ ചൂടാകുന്നതു വരെ ഹീറ്റിംഗ് സംവിധാനം പൂർണമായും സജ്ജമാകില്ല എന്നതാണ് ഒരു പോരായ്മ. കൊടും  ശൈത്യകാലത്തു എൻജിൻ ചൂടായി ക്യാബിനിലേയ്ക്കു ചൂടെത്തുന്നതിനു 5 മുതൽ 10 മിനിറ്റ് സമയം എടുക്കാറുണ്ട്.  കൂളന്റ് ചൂടാക്കുന്നതിനും ഇത്രയും തന്നെ സമയം എടുക്കുന്നതിനാൽ ഓൺ ചെയ്ത് കുറച്ചു സമയത്തിന് ശേഷം മാത്രമേ ചൂടു വായു പുറത്തു വരാൻ തുടങ്ങു. എൻജിൻ ചൂടായി വരുന്നതു വരെ ഇലക്ട്രിക്ക് ഹീറ്റിംഗ് സംവിധാനം  ഉപയോഗിച്ചാണ് മിക്ക നിർമാതാക്കളും ഈ പരിമിതി മറികടക്കുന്നത്.

എൻജിൻ ഇല്ലാത്തതിനാൽ ഇലക്ട്രിക് കാറുകളിൽ ക്യാബിൻ ചൂടാക്കലും തണുപ്പിക്കലും വൈദ്യുതി ഉപയോഗിച്ചുതന്നെയാണ്. അതുകൊണ്ടു തന്നെ ഹീറ്റർ ഉപയോഗിച്ചാൽ വൈദ്യുതി കാറുകളുടെ സഞ്ചാര പരിധി 20 ശതമാനത്തോളം കുറയാൻ സാധ്യതയുണ്ട്.    

കൂളിംഗ് സംവിധാനത്തിന്റെ പ്രവർത്തനം

വീടുകളിൽ ഉപയോഗിക്കുന്ന സ്പ്ലിറ്റ് എയർ കണ്ടിഷണറുടെ പ്രവർത്തനത്തോടു സമാനമാണ് കാറുകളിലെ കൂളിംഗ് സംവിധാനവും.

പ്രധാനമായും 5 ഘടകങ്ങളാണ് ഇവയിൽ ഉള്ളത്

1  കംപ്രസർ

ഒരു എസിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കംപ്രസർ. ഇന്ധനം ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളിൽ എഞ്ചിനിലാണ് ഇവ ഘടിപ്പിക്കുക.  എൻജിന്റെ ക്രാങ്ക് ഷാഫ്റ്റുമായി ബെൽറ്റ് വഴി യോജിപ്പിച്ചിരിക്കുന്ന കംപ്രസർ എൻജിന്റെ കരുത്ത്‌ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇലക്ട്രിക് കാറുകളിൽ ഉയർന്ന വേഗത്തിൽ കറങ്ങാൻ ശേഷിയുള്ള മോട്ടോറുകൾ ഘടിപ്പിച്ച കംപ്രസ്സറുകളാണ് ഉപയോഗിക്കുന്നത്. ബാറ്ററിയിൽ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ചാണ് അവ പ്രവർത്തിക്കുക. കുറഞ്ഞ മർദ്ദത്തിൽ  വാതക രൂപത്തിലുള്ള എസി ഗ്യാസിനെ ഉയർന്ന മർദ്ദത്തിലാക്കിയ ശേഷം കണ്ടൻസറിലേക്കു എത്തിക്കുകയാണ് കംപ്രസറിന്റെ ജോലി. കംപ്രസറിന്റെ പ്രവർത്തനം നിയന്ത്രിക്കാനായി ബെൽറ്റിനും കംപ്രസ്സറിനും ഇടയിൽ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ക്ലച്ച് ഉണ്ട്. എൻജിനെ നിയന്ത്രിക്കുന്ന ഇസിയുവാണ് (എൻജിൻ കൺട്രോൾ യൂണിറ്റ്) ഈ ക്ലച്ച് നിയന്ത്രിക്കുന്നത്.   

2  കണ്ടൻസർ

കംപ്രസറിൽ നിന്നും ഉയർന്ന മർദ്ദത്തിലും ഉയർന്ന താപത്തിലും പുറത്തു വരുന്ന എസി ഗ്യാസിനെ തണുപ്പിക്കാനുള്ള ഒരു റേഡിയേറ്റർ സംവിധാനമാണ് കണ്ടൻസർ. മിക്ക വാഹനങ്ങളുടെയും എൻജിൻ റേഡിയേറ്ററിനു മുന്നിലായിട്ടാണ് കണ്ടൻസർ ഘടിപ്പിക്കുക. മികച്ച താപവാഹന ശേഷിയുള്ള അലൂമിനിയം ഉപയോഗിച്ചു നിർമിച്ച കണ്ടൻസറിൽക്കൂടി കടന്നു പോകുന്ന എസി ഗ്യാസ് ഉയർന്ന മർദ്ദത്തിലുള്ള വാതക രൂപത്തിൽ നിന്നും ദ്രവ രൂപത്തിലേക്ക് മാറ്റപ്പെടുന്നു. വെള്ളം തിളപ്പിക്കുന്ന പാത്രത്തിന്റെ അടപ്പു തുറക്കുമ്പോൾ, അടപ്പിലുള്ള നീരാവി വെള്ളമായി മാറുന്ന പ്രതിഭാസം തന്നെയാണിത്.

 കണ്ടൻസറിന്റെ പ്രകടനം മെച്ചപ്പെടുത്താനായി കംപ്രസർ പ്രവർത്തിക്കുന്ന സമയമെല്ലാം ഫാൻ ഉയർന്ന വേഗത്തിൽ പ്രവർത്തിക്കും. എസി പ്രവർത്തികുമ്പോൾ എൻജിന്റെ ശബ്‌ദം കൂടുന്നതായി തോന്നുന്നത് ഈ ഫാനിന്റെ പ്രവർത്തനം മൂലമാണ്. 

3  ഡ്രയർ 

ശീതീകരണ പ്രക്രിയയിൽ ഈർപ്പം ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഘടകമാണ് ഡ്രയർ. കണ്ടൻസറിനും വാൽവിനും ഇടയിലാണ് ഇവയുടെ സ്ഥാനം.

4  വാൽവ്

  പ്രധാനമായും രണ്ടു പ്രവർത്തനമാണ് വാൽവിനുള്ളിൽ നടക്കുക

a) എയർ കണ്ടിഷണറിന്റെ പ്രവർത്തനത്തിനു ആവശ്യമായ തോതിൽ  റെഫ്രിജന്റിനെ കടത്തിവിടുക

b) ഉയർന്ന മർദ്ദത്തിലുളള എസി റെഫ്രിജന്റിനെ കുറഞ്ഞ മർദ്ദവും താപവുമുള്ള ഒരു വാതകമായി വികസിക്കാൻ അനുവദിക്കുക.

ഉയർന്ന മർദ്ദത്തിൽ 50 - 60 ഡിഗ്രി സെൽഷ്യസ് ചൂടുണ്ടായിരുന്ന റെഫ്രിജന്റ് വാൽവിനുളിലെ വികസനത്തിന് ശേഷം 0 - 5 ഡിഗ്രി സെൽഷ്യസ് താപനിലയിൽ എത്തുന്നു .    

4  ഇവാപൊറേറ്റർ

വാൽവിലെ വികസനത്തിന് ശേഷം റെഫ്രിജന്റിനെ ഇവാപൊറേറ്ററിലേക്കാണ് കടത്തിവിടുക. ക്യാബിനുള്ളിലെ ചൂടു വായു റെഫ്രിജന്റിലേക്ക് കൈമാറ്റം ചെയ്യുന്ന ഘടകമാണ് ഇവാപൊറേറ്റർ. മിക്കവാറും ഡാഷ് ബോർഡി നുള്ളിലായിരിക്കും ഇവയുടെ സ്ഥാനം. റിയർ എസി ഉള്ള വാഹനങ്ങളിൽ പിന്നിൽ പ്രത്യേക ഇവാപൊറേറ്ററും ബ്ലോവറും ഉണ്ടാകാറുണ്ട്.

ക്യാബിനുള്ളിലെ വായു ഇവാപൊറേറ്ററിൽ കൂടി കടന്നു പോകുമ്പോൾ അവയുടെ താപനില 0 - 10 ഡിഗ്രി സെൽഷ്യസിൽ എത്തും. പെട്ടെന്ന് താപനില കുറയുന്നതിനാൽ വായുവിലുള്ള ജല കണികകൾ ദ്രവമായി മാറുന്നത് വഴി വായുവിലുള്ള ഈർപ്പത്തിന്റെ അളവു കുറയുന്നു.      

ഇതിനെയാണ് ഡിഹ്യൂമിഡിഫിക്കേഷൻ എന്ന് പറയുന്നത്. മഴ പെയ്യുമ്പോൾ ഈർപ്പം അടിച്ചു  മുന്നിലെയും വശത്തേ

യും ഗ്ലാസ്സുകളിലൂടെയുള്ള കാഴ്ച മറയുമ്പോൾ എസി ഉപയോഗിക്കുന്നതു വഴി അവ തെളിയുന്നതു ഡിഹ്യൂമിഡിഫിക്കേഷൻ കാരണമാണ്. എസി പ്രവർത്തിക്കുമ്പോൾ വാഹനത്തിന്റെ അടിയിൽ വെള്ളം വീഴുന്നത് ഇവപൊറേറ്ററിൽ കൂടി കടന്നു പോകുന്ന വായുവിലെ  ജല കണികകൾ ദ്രവമായി മാറി പുറത്തേക്കു ഒഴുകുന്നത് വഴിയാണ്. എസി ശരിയായ പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ ഒരു സൂചന കൂടിയാണ് ഇത്.      

പഴയ തലമുറ  എസികൾ

ഹീറ്റിംഗ്, കൂളിംഗ് ഘടകങ്ങളുടെ രൂപഘടനയിൽ  1960 കൾക്ക് ശേഷം വലിയ മാറ്റമുണ്ടായില്ലെങ്കിലും അവ  നിയന്ത്രിക്കാനുള്ള സ്വിച്ചുകളുടെ പ്രവർത്തനത്തിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്.

ആദ്യകാല വാഹനങ്ങളിൽ ചൂടാക്കലും തണുപ്പിക്കലും ഒരുമിച്ചു നടക്കുമായിരുന്നില്ല. ശരിയായ താപനില നിയന്ത്രിക്കുക എന്നത് തികച്ചും ദുഷ്കരമായിരുന്നു. കൂടാതെ ഹീറ്റർ ഉപയോഗിക്കുമ്പോൾ വായുവിലെ ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല. തണുപ്പുള്ള കാലാവസ്ഥയിൽ മഴപെയ്യുകയാണെങ്കിൽ ഹീറ്റർ ഉപയോഗിച്ചാലും മുന്നിലെ വിൻഡ് ഷിൽഡ് പൂർണമായും തെളിയില്ല എന്നത് ഇവയുടെ പോരായ്മയാണ്.

HVAC - (ഹീറ്റിംഗ് വെന്റിലേറ്റിംഗ്‌ ആൻഡ് എയർ കണ്ടിഷനിംഗ്) സംവിധാനങ്ങൾ

 ബ്ലോവറിൽ നിന്നും വരുന്ന കാറ്റിനെ ആദ്യം തണുപ്പിച്ച് വായുവിലെ ജലാംശം കുറച്ച ശേഷം യാത്രക്കാരുടെ ആവശ്യാനുസരണം ചൂടാക്കി നൽകുന്ന ഒരു സംവിധാനമാണ് HVAC. കൂളിംഗ് കോയിലിനും ഹീറ്റിംഗ് കോയിലിനും ഇടയിലുള്ള അടപ്പ്  നിയന്ത്രിച്ചാണ് ഇത് സാധ്യമാകുന്നത്. എ സി കൺട്രോൾ പാനലിൽ ഉള്ള ടെംപറേച്ചർ നോബാണ് ഈ ഫ്ലാപ് നിയന്ത്രിക്കുന്നത്.  നോബ് പൂർണമായും തണുപ്പിലാണ് വച്ചിരിക്കുന്നതെങ്കിൽ ഹീറ്റിംഗ് ചേംബറിന്റെ ഫ്ലാപ് പൂർണമായും അടയുകയും, കൂളിംഗ് കോയിലിൽനിന്നു  നേരിട്ട്  വെളിയിലേക്കു വരുന്നതിനാൽ വായുവിന്റെ താപനില വളരെ കുറവായിരിക്കും. ക്യാബിനിലെ ചൂടു കൂട്ടുന്നതിനായി നോബ് ഹീറ്റിംഗിന്റെ വശത്തേക്കു തിരിക്കുമ്പോൾ ഹീറ്റിംഗ് ചേംബറിന്റ് ഫ്ലാപ് തുറക്കുകയും വായു ചേംബറിനു ഉള്ളിലൂടെ സഞ്ചരിച്ചു വെളിയിലേക്കു വരുന്നതിനാൽ താപനില ഉയരുകയും ചെയ്യുന്നു. ഫ്ലാപ് തുറക്കുന്ന അളവിനനുസരിച്ചു ചൂടു കൂട്ടുകയും കുറയ്ക്കുകയും ചെയാം.

വാഹനത്തിനു പുറത്തു താപനിലയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചു ഉള്ളിലെ നോബ് ക്രമീകരിച്ചു കൊണ്ടിരിക്കണം എന്നതാണ് ഇതിലെ പ്രധാന പോരായ്മ. മാത്രമല്ല കൊടും തണുപ്പത്തും കൂളിംഗ് കംപ്രസർ പ്രവർത്തിക്കുന്നതിനാൽ ഇന്ധനക്ഷമതയിൽ കുറവുണ്ടാകുന്നു.

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ

പൂർണമായും സെൻസർ നിയന്ത്രിതമായ സംവിധാനമാണ് ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ. ഈ സംവിധാനമുള്ള  വാഹനത്തിലെ എസി കൺട്രോൾ പാനൽ ഡിജിറ്റൽ ഡിസ്പ്ലേ ഉള്ളവയായിരിക്കും. ക്യാബിനുള്ളിൽ വേണ്ട താപനില കൺട്രോൾ പാനലിൽ  സെറ്റ് ചെയ്ത ശേഷം ഓട്ടോ മോഡ് ഓൺ ചെയ്താൽ ബാക്കി കാര്യം വണ്ടി നോക്കിക്കൊള്ളും. വാഹനത്തിന്റെ അകത്തും പുറത്തുമുള്ള ഒട്ടേറെ സെൻസറുകളിൽ നിന്നും ലഭിക്കുന്ന സിഗ്നലുകളെ അപഗ്രഥിച്ച് ബ്ലോവറിന്റെ വേഗവും, ഹീറ്റിംഗ് ചേംബറിന്റെ ഫ്ളാപ്പും സ്വയം നിയന്ത്രിച്ചു ഉള്ളിലെ താപനില നിലനിർത്താൻ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിന് സാധിക്കും. വെളിയിലുള്ള വായുവിന്റെ താപനില ഉള്ളിലേതിലും ഗണ്യമായി കുറയുമ്പോൾ, വെളിയിലുള്ള വായു ഉള്ളിലേക്കു കടത്തി വിട്ടു, എ സി കംപ്രസർ പ്രവർത്തിപ്പിക്കാതെ തന്നെ ക്യാബിൻ തണുപ്പിക്കാനുള്ള നിയത്രിത ബുദ്ധി ഇത്തരം സംവിധാനങ്ങൾക്കുണ്ട്. മികച്ച താപ നിയന്ത്രണവും കംപ്രസറുകളുടെ മെച്ചപ്പെട്ട ഉപയോഗവുമാണ് ഒാട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനം വഴിയുള്ള മെച്ചം.

യാത്രക്കാരുടെ ക്യാബിനൊപ്പം തന്നെ ബാറ്ററി പായ്ക്കുകളും തണുപ്പിക്കേണ്ടി വരുന്നതിനാൽ ഇലക്ട്രിക് കാറുകളിൽ എയർ കണ്ടിഷണറുകളുടെ പ്രവർത്തനം വളരെ പ്രാധാന്യം നിറഞ്ഞതാണ്. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുമായി താരതമ്യം ചെയുമ്പോൾ ഇലക്ട്രിക്ക് വാഹങ്ങളിൽ എസി യുടെ ഉപയോഗം വാഹനത്തിന്റെ സഞ്ചാര പരിധിയെ വലിയ തോതിൽ ബാധിക്കുമെന്നതിനാൽ പല തരം നൂതനാശയങ്ങൾ നിർമാതാക്കൾ പരീക്ഷിക്കുന്നുണ്ട്. ഒറ്റയടിക്ക് ക്യാബിൻ മൊത്തത്തിൽ ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യുന്നതിന് പകരം സീറ്റുകളിലും സ്റ്റീയറിങ്ങിലും താപനില നിയന്ത്രിച്ചു യാത്രകർക്കു കുറച്ചാശ്വാസം നൽകുന്ന എസി സംവിധാനങ്ങൾ പല ഇലക്ട്രിക് കാറുകളിലും കാണാം. ഇലക്ട്രിക് ഹീറ്റിംഗിന് പകരം ബാറ്ററിയിൽ നിന്നും മോട്ടോറിൽ നിന്നുമുള്ള ചൂടുപയോഗിച്ചു ക്യാബിൻ ചൂടാകുന്ന വിദ്യകളും നിർമാതാക്കൾ പരീക്ഷിച്ചു വരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO TIPS
SHOW MORE
FROM ONMANORAMA