ADVERTISEMENT

വാഹന വിപണിക്ക് സമഗ്രമായ മാറ്റങ്ങളാണ് അടുത്ത വർഷം നടക്കുക. ബിഎസ് 4ൽ നിന്ന് ബിഎസ് 6 ലേക്കുള്ള മാറ്റം ഉപഭോക്താക്കളിൽ വളരെയധികം ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഡിസംബറിൽ വാഹനം വാങ്ങണോ എന്ന കൺഫ്യൂഷനിലാണ് മിക്ക ആളുകളും.

ഏറെ നാളത്തെ മാന്ദ്യത്തിന് ശേഷം വാഹന വിപണിയിൽ വളർച്ചയുടെ ചിത്രം തെളിഞ്ഞിട്ട് അധികം കാലമായില്ല. അതുകൊണ്ട് തന്നെ ഈ വളർച്ച മുന്നോട്ടു കൊണ്ടുപോകാൻ വാഹന നിർമാതാക്കൾ പരമാവധി ശ്രമിക്കും.  ഇന്ത്യയെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ തൊട്ട് എല്ലാവരും ഡിസംബറിൽ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത് മികച്ച ഓഫറുകളാണ്. കൂടാതെ പുതു വർഷത്തിൽ വാഹനത്തിന് വില വർ‌ധിക്കും എന്ന ഭീഷണിയും. മാത്രമല്ല വായ്പകള്‍ക്ക് ബാങ്കുകളും കുടുതൽ ഓഫറുകൾ നൽകും.

ഡിസംബർ മാസത്തിൽ വാങ്ങിയാൽ വില കുറവായിരിക്കും. എന്നാൽ ജനുവരിയിൽ വാഹനമെടുത്താൽ പുതിയ വർഷത്തെ മോഡൽ‌ ലഭിക്കും. ഒരു മാസത്തെ വ്യത്യാസത്തിൽ വാഹന മോഡലിന്റെ ഒരു വർഷം മാറും. ജനുവരിയിൽ വില കൂടുന്നത് നോക്കി നിൽക്കണോ ഓഫറുകൾ കൂടുതലുള്ള ഡിസംബറിൽ വാഹനം വാങ്ങണോ?

ഡിസംബറോ അതോ ജനുവരിയോ?

വാഹന വിപണിക്ക് മികച്ച കാലമല്ല ഡിസംബർ, പൊതുവേ വിൽപന കുറഞ്ഞ മാസം. ഒട്ടുമിക്ക ഡീലർഷിപ്പുകളും കമ്പനികളും ഈ വർഷം നിർമിച്ച വാഹനങ്ങൾ വിറ്റു തീർക്കാൻ പരമാവധി ശ്രമിക്കും. അതിനായി പരമാവധി ഓഫറുകൾ തങ്ങളുടെ വാഹനങ്ങൾക്ക് അവർ നൽകുകയും ചെയ്യും. ജനുവരിയിൽ വാഹനങ്ങൾക്ക് നിർമാതാക്കൾ വില വർധിപ്പിക്കുകയും ചെയ്യും.

ഡിസംബറിലേയും ജനുവരിയിലേയും മോഡലുകളിൽ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഡിസംബറിൽ വാഹനം വാങ്ങിയാലുള്ള പ്രധാന കുഴപ്പം റീസെയിൽ വാല്യുവാണ്. വർഷം അവസാനമാണ് വാങ്ങിയത് എന്നു കരുതി നിങ്ങളുടെ വാഹനത്തിന് 2020 ലെ വാഹനത്തിന്റെ വില കിട്ടില്ല. ഡിസംബർ 31 ന് വാങ്ങിയാലും യൂസ്ഡ് കാർ വിപണിയിൽ അവ 2019 വാഹനം തന്നെയാണ്. അതുകൊണ്ട് തന്നെ ഡിസംബറിലെ താൽക്കാലിക ലാഭത്തേക്കാള്‍ കുടുതൽ തുകയായിരിക്കും വാഹനം വിൽക്കുമ്പോൾ നഷ്ടപ്പെടുക.

എന്നാൽ 7-8 വർഷം വരെ ഉപയോഗിക്കാൻ ഉദ്ദേശിച്ചാണ് വാഹനം വാങ്ങുന്നതെങ്കിൽ ഡിസംബറിൽ വാങ്ങിയാലും വലിയ നഷ്ടം വരാനില്ല. കാരണം ജനുവരിയിലെ കൂടിയ വിലയിൽ നിന്നുള്ള രക്ഷപെടൽ തന്നെ. 7-8 വർഷമായ വാഹനത്തിന് സെക്കന്റ് ഹാൻഡ് വിപണിയിൽ വലിയ വില വ്യത്യാസം ഉണ്ടാകാനിടയില്ല. എന്നാൽ 2-3 വർഷത്തിനുള്ളിൽ വിൽക്കാനാണ് പദ്ധതിയെങ്കിൽ ഡിസംബറിലെ താൽകാലിക ലാഭം നിങ്ങൾക്ക് നഷ്ടമുണ്ടാക്കും.

English Summary: Buying Car In December

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com