ADVERTISEMENT

ഇന്ത്യൻ വാഹന വിപണിക്ക് വളരെയധികം മാറ്റങ്ങൾ വരുന്ന വർഷമായിരിക്കും 2020. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങൾ മാത്രമേ പുറത്തിറങ്ങൂ. ഡീസൽ കാറുകളുടെ വില വർദ്ധിപ്പിക്കാനും ഒരുപക്ഷേ ജനപ്രീതി തന്നെ കുറയ്ക്കാനും പോന്നൊരു മാറ്റമായിരിക്കുമത്. ബിഎസ് 4ൽ നിന്ന് ബിഎസ് 6 ലേക്ക് എൻജിനുകളെ മാറ്റുന്നത് ഏറെ ചിലവുവരുന്ന കാര്യമാണെന്ന് പറഞ്ഞ് ചെറു ഡീസൽ എൻജിനുകളുടെ നിർമാണം പോലും പല കമ്പനികളും നിർത്താൻ ഒരുങ്ങുന്നതും ഇതിനൊപ്പം ചേർത്തു വായിക്കേണ്ടതാണ്. മലീനീകരണം കുറയ്ക്കാനായി ഡീസൽ വാഹനങ്ങളിൽ എസ്‌സിആർ (സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ), ഡിപിഎഫ് (ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽറ്റർ) എന്നീ ഘടകങ്ങള്‍ ഇടംപിടിക്കും. മാത്രമല്ല എൻജിൻ ഓയിലുകൾ പോലെ കൃത്യമായ ഇടവേളകളിൽ ഡീസൽ എക്സ്ഹോസ്റ്റ്  ഫ്ലൂയിഡ് അല്ലെങ്കിൽ ആഡ്ബ്ലൂ ഒഴിച്ചു കൊടുക്കേണ്ടി വരും.

∙ ഡീസൽ പർട്ടിക്കുലേറ്റ് ഫിൽട്ടർ (ഡിപിഎഫ്) ഡീസൽ എൻജിൻ വാഹനങ്ങളെ ബിഎസ് 6 നിലവാരത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നു. മികച്ച രീതിയിൽ ഇവ പ്രവർത്തിക്കുന്നതിന് ഒരു നിശ്ചിത താപനില ആവശ്യമായുണ്ട്. എൻജിൻ കപ്പാസിറ്റി, ഡ്രൈവിങ് സ്പീഡ്, ട്രാഫിക് എന്നീ പരിമിതികൾക്കിടയിൽ പ്രവർത്തിക്കുന്ന ഡിപിഎഫ് ഡിസൈൻ ചെയ്യേണ്ടതായുണ്ട്.

∙ കാറ്റലിറ്റിക് കൺവേർട്ടർ – ഡീസൽ ഓക്സിഡേഷൻ കാറ്റലിസ്റ്റ് വഴി കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോ കാർബണിന്റെയും തോത് ബിഎസ് 6 നിലവാരത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ കാറ്റലിസ്റ്റും വാഹന നിർമാതാക്കൾ ഉപയോഗിക്കേണ്ടതായി വരും. 

∙ ലീൻ എൻ‌ഒഎക്സ് ട്രാപ് – നൈട്രജൻ ഓക്സൈഡിന്റെ തോത് കുറയ്ക്കുവാൻ ഉപയോഗിക്കേണ്ടതുണ്ട്. 

∙ ഓൺബോർഡ് ഡയഗ്‌നോസ്റ്റിക്സ് – ഒബിഡി അഥവാ ഒരു മിനി കംപ്യൂട്ടർ സിസ്റ്റം, വിവിധ ഘടകങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പുകൾ നൽകുന്നു. അതിനാൽത്തന്നെ വാഹനത്തിന്റെ ആയുസ്സു തീരുവോളം അതിൽ നിന്നു പുറപ്പെടുന്ന മലിനീകരണം പരിധിക്കുള്ളിലാണെന്ന് ഉറപ്പു വരുത്തുന്നു. 

∙ ആഡ്ബ്ലൂ-  ബിഎസ് 6 ഡീസൽ എൻ‌ജിനുകളിൽ നൈട്രജൻ ഓക്‌സൈഡുകളുടെ അളവ് ഗണ്യമായി കുറയ്ക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് എസ്‌സിആർ. എൻജിനിൽനിന്നു പുറത്തു വരുന്ന നൈട്രജൻ ഓക്‌സൈഡുകളെ സാധാരണ നൈട്രജനും ജലവുമായി രൂപാന്തരപ്പെടുത്തുകയാണ് എസ്‌സിആർ ചെയ്യുക. ഇതിനായി എസ്‌സിആറിനെ സഹായിക്കുന്ന ഒരു ദ്രാവകമാണ് ഡിഇഎഫ് അഥവാ ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് അല്ലെങ്കിൽ ആഡ്ബ്ലൂ.  62.5 ശതമാനം ഡീഅയണൈസ്ഡ് വാട്ടറും 37.5 ശതമാനം യൂറിയയും അടങ്ങിയതാണ് ആഡ്ബ്ലൂ. നിലവിൽ ഹെവി വാഹനങ്ങളിലെല്ലാം ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നുണ്ട്.

ചെറു വാഹനങ്ങളിൽ ഏകദേശം 10 ലീറ്റർ വരെയുള്ള ചെറു ടാങ്കുകളിലായിരിക്കും ഇവ സൂക്ഷിക്കുക. എൻജിനിലേക്ക് കലരാതെ വാഹനത്തിന്റെ എക്സ്ഹോസ്റ്റ് സംവിധാനത്തിലെ എസ്‌സിആറിൽ (സിലക്ടീവ് കാറ്റലിറ്റിക് റിഡക്‌ഷൻ) വെച്ചാണ് നൈട്രജൻ ഓക്‌സൈഡുകളെ സാധാരണ നൈട്രജനും ജലവുമായി രൂപാന്തരപ്പെടുത്തുന്നത്. നിലവിൽ ബിഎസ് 6 ഡീസൽ എൻജിൻ ഉപയോഗിക്കുന്ന വാഹനമാണ് ജീപ്പ് കോംപസ് ട്രെയിൽഹോക്ക് . അതിലെ ഡീസൽ എക്സോസ്റ്റ് ഫ്ലൂയിഡ് ടാങ്ക് 13 ലീറ്ററാണ്. നിലവിൽ ഡീലർഷിപ്പുകളിൽ നിന്ന് മാത്രം ലഭിക്കുന്ന ആഡ്ബ്ലൂവിന്റെ വില ഒരു ലിറ്ററിന് ഏകദേശം 127 രൂപയാണ്. എന്നാൽ ബിഎസ് 6 ഡീസൽ വാഹനങ്ങൾ വ്യാപകമാകുമ്പോൾ ഇതിന്റെ വില കുറഞ്ഞേക്കാം. ഒരു തവണ ടാങ്ക് പൂർണമായും നിറച്ചാൽ  6000 കിലോമീറ്റർ മുതൽ 10000 കിലോമീറ്റർ വരെ ഓടാൻ സാധിക്കും. ഡീസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഇല്ലാതെ ബിഎസ് 6 ഡീസൽ വാഹനം സ്റ്റാർട്ടാക്കാൻ സാധിക്കില്ല.

English Summary: Know More About AD Blue and BS 6 Diesel Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com